EXPLAINER

ഐപിഎല്‍ മെഗാതാരലേലം: ഒരു ടീമിന് എത്ര താരങ്ങളെ നിലനിർത്താം? അണ്‍ക്യാപ്‌ഡ് പ്ലെയർ റൂളും വിലക്കും, പുതിയ നിയമങ്ങള്‍ അറിയാം

2025 മുതല്‍ 2027 വരെയുള്ള സീസണിലേക്കുള്ള മെഗാതാരലേലത്തിന്റേയും നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും പട്ടികയാണ് ബിസിസിഐ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്

വെബ് ഡെസ്ക്

ടീമുകള്‍ ഉടച്ചുവാർക്കപ്പെടും, ഐപിഎല്‍ കൂടുതല്‍ കളർഫുള്ളാകും, വിദേശതാരങ്ങളുടെ 'ഒഴിവുകഴിവുകള്‍'ക്ക് വിലങ്ങുവീഴും... 2025 മെഗാതാരലേലത്തിന് മുന്നോടിയായ ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) നല്‍കുന്ന സൂചന ഇതൊക്കെയാണ്. 2025 മുതല്‍ 2027 വരെയുള്ള സീസണിലേക്കുള്ള മെഗാതാരലേലത്തിന്റേയും നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും പട്ടികയാണ് ബിസിസിഐ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ബിസിസിഐയുടെ പ്രഖ്യാപനങ്ങള്‍ വിശദമായി അറിയാം.

മെഗാതാരലേലത്തിന് മുൻപ് ഒരു ടീമിന് എത്ര താരങ്ങലെ നിലനിർത്താം?

റിട്ടെൻഷൻ അല്ലെങ്കില്‍ റൈറ്റ് ടു മാച്ച് (ആർടിഎം) പ്രകാരം ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി ആറ് താരങ്ങളെ വരെയാണ് നിലനിർത്താൻ സാധിക്കുക. റിട്ടെൻഷനിലൂടെയും ആർടിഎമ്മിലൂടെയും നിലനിർത്താവുന്ന താരങ്ങളുടെ അനുപാതം ടീമുകള്‍ക്ക് തന്നെ തീരുമാനിക്കാം.

അഞ്ച് ക്യാപ്‌ഡ് താരങ്ങളെയാണ് പരമാവധി നിലനിർത്താനാകുക. ഇത് വിദേശതാരങ്ങള്‍ ഉള്‍പ്പടെയാണ്. അണ്‍ക്യാപ്‌ഡായിട്ടുള്ള പരമാവധി രണ്ട് താരങ്ങളേയും നിലനിർത്താനാകും.

ഒരു ടീമിന് ചെലവഴിക്കാനാകുന്ന പരമാവധി തുക?

ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി 120 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാൻ സാധിക്കുക. ആദ്യ മൂന്ന് റിട്ടെൻഷനുകള്‍ക്ക് നല്‍കാവുന്ന തുക 18 കോടി രൂപ, 14 കോടി, 11 കോടി എന്നിങ്ങനെയാണ്. അടുത്ത രണ്ട് റിട്ടെൻഷനുകള്‍ക്ക് 18 കോടിയും 14 കോടിയും വീതമായിരിക്കും. അതായത് ക്യാപ്‌ഡ് താരങ്ങള്‍ക്കായി 75 കോടി വരെ ചെലവാക്കാനാകും. അണ്‍ക്യാപ്‌ഡായിട്ടുള്ള താരങ്ങള്‍ക്കാണെങ്കില്‍ നാല് കോടി രൂപവരെയാണ് റിട്ടെൻഷൻ തുക.

അഞ്ച് ക്യാപ്‌ഡ് താരങ്ങളേയും ഒരു അണ്‍ക്യാപ്‌ഡ് താരത്തെയും നിലനിർത്തിക്കൊണ്ട് ലേലത്തിനിറങ്ങുന്ന ടീമിന് ചെലവഴിക്കാൻ 41 കോടി രൂപമാത്രമായിരിക്കും ബാക്കിയുണ്ടാകുക.

ബിസിസിഐ അവതരിപ്പിച്ച മാച്ച് ഫീ എപ്രകാരമാണ്?

എല്ലാ താരങ്ങള്‍ക്കും മാച്ച് ഫീയായി 7.5 ലക്ഷം രൂപയാണ് നല്‍കുക. അതായത്, സീസണില്‍ മാച്ച് ഫീയായി മാത്രം ഒരു താരത്തിന് 1.05 കോടി വരെ ലഭിക്കും. ഇത് ആദ്യമായാണ് മാച്ച് ഫീ സംവിധാനം ബിസിസിഐ ഐപിഎല്ലില്‍ അവതരിപ്പിക്കുന്നത്. ഐപിഎല്ലിനും താരങ്ങള്‍ക്കും ഇതൊരു പുതുയുഗമായിരിക്കുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ മാച്ച് ഫീ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.

സീസണിന് മുന്നോടിയായി താരങ്ങള്‍ പിൻവാങ്ങിയാല്‍?

താരലേലത്തില്‍ ടീമിലെത്തിയതിന് ശേഷം സീസണ്‍ തുടങ്ങുന്നതിന് മുൻപ് താരങ്ങള്‍ പിൻവാങ്ങുന്നതിനെക്കുറിച്ച് ഫ്രാഞ്ചൈസികള്‍ പരാതിപ്പെട്ടിരുന്നു. ഇത്തരം പ്രവണതകള്‍ അനുവദിക്കില്ല എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ കാരണങ്ങളില്ലാതെയാണ് പിൻവാങ്ങുന്നതെങ്കില്‍ രണ്ട് വർഷം വരെ വിലക്ക് നല്‍കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

തിരിച്ചെത്തി അണ്‍ക്യാപ്‌ഡ് പ്ലെയർ റൂള്‍

2008ല്‍ അവതരിപ്പിച്ചതിന് ശേഷം 2021ല്‍ ഒഴിവാക്കിയതാണ് അണ്‍ക്യാപ്‌ഡ് പ്ലെയർ റൂള്‍. സീസണ്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷം മുൻപെങ്കിലും വിരമിച്ച താരങ്ങളെ അണ്‍ക്യാപ്‌ഡ് പ്ലെയറായി പരിഗണിക്കാമെന്നാണ് നിയമം. ഇത് ഇന്ത്യൻ താരങ്ങള്‍ക്ക് മാത്രം ബാധകമാകുന്ന ഒന്നാണ്. താരം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഭാഗമാകുകയോ ബിസിസിഐയുടെ സെൻട്രല്‍ കരാറിലേർപ്പെട്ടതോ ആയിരിക്കരുതെന്നും നിർദേശങ്ങളില്‍ പറയുന്നു.

ഇംപാക്ട് പ്ലെയർ റൂള്‍

ഇംപാക്ട് പ്ലെയർ റൂളില്‍ ഫ്രാഞ്ചൈസികളും ബിസിസിഐയുമായുള്ള ചർച്ചയില്‍ അഭിപ്രായഭിന്നതയുണ്ടായതായാണ് വിവരം. ചില ഫ്രാഞ്ചൈസികള്‍ ഇംപാക്ട് പ്ലെയർ റൂളിനെ പിന്തുണയ്ക്കും ചിലർ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എതിർത്തവരില്‍ പ്രധാനി ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെയായിരുന്നു. ഇത് ഓള്‍ റൗണ്ടർമാരുടെ ക്ഷമതയെ ബാധിക്കുന്ന ഒന്നാണെന്നായിരുന്നു രോഹിത് ചൂണ്ടിക്കാണിച്ചത്. എന്നിരുന്നാലും, 2027 വരെ ഇംപാക്ട് പ്ലെയർ റൂള്‍ തുടരും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി