EXPLAINER

മിണ്ടുന്ന സ്ത്രീകളെ കൊല്ലുന്ന ഇറാൻ!

സനു ഹദീബ

'മാറ്റങ്ങളുടെ തെളിവുകള്‍ എന്ന തരത്തില്‍ തങ്ങളുടെ പുതിയ തിരഞ്ഞെടുപ്പിനെക്കുറിച്ച് കാഹളം മുഴക്കുന്നതിനിടയിലാണ് അതിഗംഭീരമായി ഇറാന്‍ വധശിക്ഷ നടപ്പിലാക്കുന്നത്' മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ഇറാന്‍ ഗവേഷക നഹിദ് നാഗ്ഷ്ബന്ദി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമാണിത്.

പരിഷ്‌കരണവാദിയെന്ന് വിളിക്കപ്പെട്ട മസൂദ് പെസഷ്‌കിയാന്‍ ഇറാന്റെ പുതിയ പ്രസിഡന്റായി എത്തിയതിനെ ഏറെ പ്രതീക്ഷയോടെ കണ്ടവരുണ്ട്. അവകാശലംഘനങ്ങളുടെ തുടര്‍കഥകള്‍ വന്നുകൊണ്ടിരിക്കുന്ന ഇറാനില്‍ നിന്ന് ആശ്വാസവാര്‍ത്തകള്‍ ആണ് ലോകം പ്രതീക്ഷിച്ചതെങ്കില്‍, അതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മസൂദ് പെസഷ്‌കിയാന്‍ അധികാരത്തിലേറിയതിന് പിന്നാലെ കൂട്ട വധശിക്ഷകള്‍ വര്‍ധിച്ചതോടെ ഇറാനിലെ വനിതാ ആക്ടിവിസ്റ്റുകള്‍ മരണഭീതിയില്‍ കഴിയുകയാണ്.

കഴിഞ്ഞ ജൂലൈയില്‍ 87 പേരെയാണ് ഇറാന്‍ വധശിക്ഷക്ക് വിധേയമാക്കിയത്. അതില്‍ ഒരൊറ്റ ദിവസം കൊണ്ട് 29 പേരുടെ വധശിക്ഷ വരെ ഇറാന്‍ ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. മഹ്സ അമിനി എന്ന യുവതിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായവരും ഇറാന്‍ ഭരണകൂടത്താല്‍ കൊല്ലപ്പെട്ടവരിലുണ്ട്. തെരുവില്‍ ''സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം'' എന്ന മുദ്രാവാക്യം ഉയര്‍ത്തി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരാണ് ഇന്ന് മരണം കാത്തുകഴിയുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പേര്‍ ഉള്‍പ്പെടെ ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ എഴുപതോളം സ്ത്രീകളാണ് രാഷ്ട്രീയ തടവുകാരായി കഴിയുന്നത്.

മതകാര്യ പോലീസിന്റെ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം നടക്കാനിരിക്കെ വധശിക്ഷയുടെ എണ്ണം വീണ്ടും കൂടുമോയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഭയക്കുന്നത്. കള്ളക്കേസുകള്‍ ചാര്‍ത്തി ജയിലിലടച്ച നിരവധി വനിതാ ആക്ടിവിസ്റ്റുകള്‍ വധശിക്ഷ ഭീഷണിയില്‍ കഴിയുകയാണെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഇസ്ലാമിക റിപ്പബ്ലിക്കിലെ മതയാഥാസ്ഥിതിക ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ ആക്ടിവിസ്റ്റുകളെ തൂക്കുമരം കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇറാനി ഭരണകൂടത്തിനെതിരെ നിലപാടെടുത്തുവെന്ന പേരിലാണ് മിക്കവരെയും തൂക്കികൊല്ലുന്നത്.

തടവുകാരുടെ വധശിക്ഷയില്‍ ജയിലില്‍ പ്രതിഷേധിച്ചതിന് നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മൊഹമ്മദി ഉള്‍പ്പെടെയുള്ളവരെ പോലീസ് മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാര്‍ഡുകള്‍ തുടര്‍ച്ചയായി മര്‍ദിച്ചതിനെ തുടര്‍ന്ന് നര്‍ഗസ് കുഴഞ്ഞുവീഴുകയും ബോധരഹിതയാവുകയും ചെയ്തതായും കുടുംബം പറഞ്ഞു. ഇറാനി ജയിലുകളില്‍ സ്ത്രീകള്‍ക്ക് സമയബന്ധിതവും ഉചിതവുമായ ആരോഗ്യ സംരക്ഷണം നിഷേധിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

'മോക് എക്‌സിക്യൂഷന്‍' ഉള്‍പ്പെടെയുള്ള മാനസിക പീഡനങ്ങളും തടവുകാര്‍ക്ക് നേരിടേണ്ടി വരുന്നു. ഭരണകൂടത്തിനെതിരെയുള്ള ഒറ്റക്കെട്ടായ പോരാട്ടങ്ങളെ തകര്‍ക്കാനാണ് സ്ത്രീകള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും എതിരായ വധശിക്ഷകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പല മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും എതിരെ വളരെക്കാലമായി ഇറാന്‍ ഭരണകൂടം വധശിക്ഷ എന്ന ആയുധം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

2022 സെപ്റ്റംബറിലെ മഹ്സ അമിനിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ വധശിക്ഷകളുടെ വര്‍ധന, ഇറാനിലെ ന്യൂനപക്ഷങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. വംശീയ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ അടുത്തിടെ നിരവധി വധശിക്ഷകള്‍ വിധിച്ചത് അതിനെ ഭാഗമാണെന്ന് യു എന്‍ ദൗത്യസംഘവും പറയുന്നു. കെട്ടിച്ചമച്ച കുറ്റങ്ങളും നിര്‍ബന്ധിത കുറ്റസമ്മതങ്ങളും അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നടക്കുന്നത്. ഇറാനി സമൂഹത്തിനിടയിലേക്ക് ഭയം വ്യാപിപ്പിച്ച് വിമത ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമം ഭരണകൂടത്തില്‍ നിന്നുണ്ടാകുമ്പോള്‍ , രാജ്യത്തെ മാറ്റത്തിന്റെ കാറ്റ് ഇപ്പോഴും വീശിയിട്ടില്ലെന്ന് വേണം കരുതാന്‍.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്