EXPLAINER

ഇസ്രയേലിന്റെ മറുപടിയിലറിയാം പശ്ചിമേഷ്യയുടെ ഭാവി; ഇറാനും സയണിസ്റ്റ് ഭരണകൂടവും നേർക്കുനേർ വരുമ്പോൾ

വെബ് ഡെസ്ക്

ഇസ്രയേലിനെതിരെ പിന്നിൽനിന്ന് ആക്രമണങ്ങൾ നയിച്ച ഇറാനിതാ ഒടുവിൽ നേർക്കുനേർ യുദ്ധത്തിനായി തുനിഞ്ഞിറക്കിയിരിക്കുകയാണ്. അതിന്റെ ആദ്യ സിഗ്നലായിരുന്നു ഒക്ടോബർ രണ്ടിന് പുലർച്ചെ കണ്ടത്. ഏകദേശം 180 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലും അധിനിവിഷ്ട പലസ്തീനും ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത്. ഇസ്രയേൽ കൊലപ്പെടുത്തിയ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ എന്നിവരുടെ ചോരയ്ക്കു പകരം ചോദിക്കുകയായിരുന്നു 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 2' ന്റെ ഉദ്ദേശ്യലക്ഷ്യം.

ഭാവിയെന്ത്?

1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇസ്രയേലിനെതിരെ ആദ്യമായൊരു മിസൈൽ ആക്രമണം ഇറാൻ നടത്തുന്നത് 2024 ഏപ്രിൽ 14നായിരുന്നു. ഏപ്രിൽ ഒന്നിന് ഇറാന്റെ ഡമാസ്കസിലെ എംബസി ആക്രമിച്ച് ഉന്നത സൈനിക നേതാവ്, ജനറൽ മുഹമ്മദ് റെസ സഹേദിയെ വധിച്ചതിന് പകരമായിരുന്നു ഇറാന്റെ ആദ്യത്തെ ആക്രമണം. എന്നാലതൊരു അപ്രതീക്ഷിത ആക്രമണമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് ദിവസങ്ങൾക്കു മുൻപുതന്നെ വിവരങ്ങൾ അമേരിക്കയ്ക്കും അതുവഴി ഇസ്രയേലിനും ഇറാൻ കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ സംവിധാനങ്ങളൊരുക്കാൻ ആവശ്യത്തിനു സമയവും ഇസ്രയേലിന് ലഭിച്ചിരുന്നു. കൂടാതെ ലക്ഷ്യം വച്ച പ്രദേശങ്ങൾ നെഗേവ് മരുഭൂമിയിലെ ഒരു ഇസ്രയേലി സൈനികത്താവളം മാത്രമായിരുന്നു. അതായത് ഒരു തുറന്ന യുദ്ധത്തിലേക്കുള്ള ക്ഷണമായിരുന്നില്ല ഏപ്രിൽ 14ലെ ആക്രമണമെന്ന് ചുരുക്കം.

അവിടെനിന്ന് നേരെ ഒക്ടോബർ ഒന്നിലേക്കെത്തുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്കു മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് അമേരിക്കയ്ക്ക് പോലും സൂചന ലഭിക്കുന്നത്. ഉപയോഗിച്ചതാകട്ടെ ശക്തമായ ബാലിസ്റ്റിക് മിസൈലുകളും. കേവലം 12 മിനിറ്റ് ദൂരമേ ഇസ്രയേലിലേക്കുള്ളൂവെന്ന മുന്നറിയിപ്പായിരുന്നു ഫത്തെ-2 ഹൈപ്പർസോണിക് മിസൈലുകളുടെ പ്രയോഗത്തിലൂടെ ഇറാൻ നൽകിയത്. ലക്ഷ്യം വച്ചതു ജനനിബിഡ മേഖലകൾ.

'മതി നിർത്തിക്കോ ഇനിയും തങ്ങൾക്കെതിരെ വന്നാൽ ആക്രമണം കടുക്കു'മെന്ന അറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽവച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതും തുടർന്ന് നടന്ന ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെയും മറ്റ് നേതാക്കളുടെയുമെല്ലാം കൊലപാതകങ്ങളിലൂടെ ഇസ്രയേൽ ഇറാനെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. പരമാവധി സംയമനം പാലിക്കാൻ ഇറാൻ ശ്രമിച്ചതുമാണ്. സംഘർഷങ്ങളിൽനിന്ന് വിട്ടുനിന്ന് ഇറാന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതായിരുന്നു നിലവിലെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നിലപാടും.

അതിന്റെ ഭാഗമായാണ് ഇറാനെ നാണം കെടുത്തിയ, ടെഹ്റാനിൽവച്ച് നടന്ന ഇസ്മായിൽ ഹനിയയുടെ കൊലപാതക ശേഷവും അമേരിക്കയുടെ വാക്ക് കേട്ട് പ്രതികരിക്കാതെ നിന്നത്. ഗാസയിൽ വെടിനിർത്തലായിരുന്നു ഇറാനു മുൻപിൽ അമേരിക്ക വച്ച ഓഫർ. പക്ഷേ അതു നടന്നില്ലെന്നുമാത്രമല്ല, ഇസ്രയേൽ അവരുടെ ഏകപക്ഷീയ ആക്രമണങ്ങൾ അനസ്യൂതം തുടരുകയും ചെയ്തു. ലെബനനിൽ നടത്തിയ പേജർ- വോക്കി ടോക്കി സ്ഫോടനം, ഹസൻ നസ്രള്ളയുടെ വധം ഇതെല്ലാം ഇറാനുവേണ്ടിയുള്ള ഇസ്രയേലിന്റെ ചൂണ്ടയായിരുന്നു.

ഇസ്മായിൽ ഹനിയെ

ഇറാനിലെ തീവ്രപക്ഷക്കാർ ഇസ്രയേലിനു മറുപടി നൽകണമെന്ന് കടുംപിടുത്തം പിടിച്ചെങ്കിലും ഉപരോധങ്ങളിൽ ഉഴലുന്ന ഇറാനെ സംബന്ധിച്ചിടത്തോളം ഒരുതുറന്ന യുദ്ധം അചിന്തനീയമായിരുന്നു. അതുകൊണ്ടുതന്നെയാണ് 'പ്രതിരോധ അച്ചുതണ്ട്' എന്നറിയപ്പെടുന്ന സഖ്യസേനയിലെ ഹിസ്ബുള്ളയെ നശിപ്പിക്കാൻ ശ്രമിച്ചിട്ടും ഇറാൻ അനങ്ങാതിരുന്നത്. എന്നാൽ സെപ്റ്റംബർ മുപ്പതിന് ഇറാനി ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹു പുറത്തുവിട്ട വീഡിയോ സന്ദേശം കൂടിയായതോടെയാണ് ഇറാന്റെ പിടിവിടുന്നത്.

ഇറാനിൽ ഭരണമാറ്റത്തിനായി ഇസ്രയേലിനൊപ്പം നിൽക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ വീഡിയോ. ഗാസയിലേക്കും ലെബനനിലേക്കുമെല്ലാം കടന്നുകയറുന്നതിന് മുൻപും നെതന്യാഹു ഇത്തരം വീഡിയോ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വിഷയങ്ങളുടെയെല്ലാം ആകെത്തുകയായിരുന്നു ഒക്ടോബർ ഒന്നിലെ ആക്രമണം.

എന്നാൽ ഇനിയെന്താകും പശ്ചിമേഷ്യയുടെ ഭാവിയെന്നത് ഇസ്രയേലിന്റെ തിരിച്ചടിയുടെ അടിസ്ഥാനത്തിലാകും തീരുമാനിക്കപ്പെടുക. പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായ ഇറാന്റെ അതിർത്തികൾക്കുള്ളിൽ ആക്രമണം നടത്താനൊരു അവസരമായിരുന്നു നെതന്യാഹു തേടിനടന്നത്. അതിലൂടെ ഇറാന്റെ എല്ലാവിധ ആണവ ശേഷിയെയും നശിപ്പിക്കുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം. അതിന് വീണുകിട്ടിയിരിക്കുന്ന ഇപ്പോഴത്തെ അവസരത്തെ നെതന്യാഹു വിട്ടുകളയാനുള്ള സാധ്യത കുറവാണ്. ഇസ്രയേൽ ആക്രമിച്ചാൽ കടുത്ത നടപടിക്ക് സജ്ജമാണ് തങ്ങളെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിച്ചും അമേരിക്കയും യുകെയുമെല്ലാം രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പിന്തുണയുമായി ഹമാസും ഹിസ്‌ബുള്ളയും ഹൂതികളുമെല്ലാം ഇറാന്റെ പിന്നിൽ അണിനിരക്കുകയും ചെയ്യുന്നു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയ്‌ക്കൊപ്പമുള്ള ഇറാനെ പുടിൻ തള്ളാനുള്ള സാധ്യതയും വിരളമാണ്. അതിനാൽ ഇസ്രയേലിന്റെ അടുത്ത ചുവടുവെയ്‌പ്പാകും പശ്ചിമേഷ്യയിലെ ജനങ്ങളുടെ ഭാവിയിൽ നിർണായകം.

ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

ജസ്റ്റിസ് ഹേമ കമ്മിറ്റി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും; റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം അറിയിക്കും

ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

'സീറോ-മലബാർ സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദബന്ധം'; അമിത് ഷായ്ക്ക് കത്തയച്ച് കർദിനാള്‍ പക്ഷം, അരമന പിടിച്ചെടുത്ത് വിമതർ, തർക്കം അതിരൂക്ഷം