പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിൽ അതിനിർണായക പങ്ക് വഹിക്കാൻ പോകുന്ന ദിവസമാണ് 2024 സെപ്റ്റംബർ 27. അന്നാണ് ജീവിതമുടനീളം ഇസ്രയേലിനെ പ്രതിരോധിച്ച, അതിനൊരു സംഘത്തെ തന്നെ പ്രാപ്തമാക്കിയ സയിദ് ഹസൻ നസ്‌റുള്ളയെന്ന ഹിസ്‌ബുള്ള മേധാവിയെ സയണിസ്റ്റ് ഭരണകൂടം വധിച്ചത്.
ഗാസയിൽനിന്ന് ലെബനനിലേക്ക് ആക്രമണം കേന്ദ്രീകരിച്ച ശേഷം ഇസ്രയേൽ നടത്തിയ നിർണായക നീക്കമായിരുന്നു 32 വർഷങ്ങളായി ഹിസ്‌ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്ന ഹസൻ നസ്‌റുള്ളയുടെ കൊലപാതകം. നസ്‌റുള്ളയുടെ കൊലപാതകം പ്രത്യക്ഷത്തിൽ ഹിസ്‌ബുള്ളയ്ക്കേറ്റ അടിയാണെങ്കിലും ഇസ്രയേലിന്റെ ഇറാനുള്ള മുന്നറിയിപ്പും വെല്ലുവിളിയും കൂടിയാണത്. അതിനോടുള്ള ഇറാന്റെ പ്രതികരണം അനുസരിച്ചാകും പശ്ചിമേഷ്യയുടെ ഭാവി.
ആശയക്കുഴപ്പത്തിലോ ഇറാൻ?
'പ്രതിരോധത്തിന്റെ അച്ചുതണ്ട്' എന്നറിയപ്പെടുന്ന പശ്ചിമേഷ്യയിലെ ഇറാന്റെ പ്രോക്സി സംഘങ്ങളിലെ പ്രധാനിയായിരുന്നു ഹസൻ നസ്‌റുള്ള എന്ന ഹിസ്‌ബുള്ള നേതാവ്. ഇസ്രയേലിനെതിരായ മേഖലയിലെ ഇറാന്റെ ഏറ്റവും വലിയ ശക്തി. ഒരുലക്ഷത്തിലധികം മിസ്സൈലുകളുടെ ആയുധശേഖരമുള്ള, സർക്കാരിന്റെ കീഴിലല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സായുധ സംഘടനയാണ് ഹിസ്‌ബുള്ള. ഇറാനെതിരെ ഒരു തുറന്ന യുദ്ധത്തിലേക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കാതിരിക്കുന്നതിൽ ഹിസ്‌ബുള്ളയുടെ സാന്നിധ്യം വളരെ വലുതാണ്. അങ്ങനെയൊരു സംഘടനയെ നിരന്തരം ആക്രമിക്കുകയും അവരുടെ നേതാവിനെ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇസ്രയേൽ ചെയ്തിരിക്കുന്നത്.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും ഒരു നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇറാൻ കടക്കുമെന്നതിനുള്ള സൂചനകൾ ഇതുവരെയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽവച്ച് കൊലപ്പെടുത്തിയപ്പോൾ ഉണ്ടായ അതേനിലപാട് ഇറാൻ ആവർത്തിക്കുമെന്ന തരത്തിലാണ് ഇറാന്റെ പ്രതികരണം.
നസ്‌റുള്ളയുടെ കൊലപാതകത്തിനു പിന്നാലെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുറത്തിറക്കിയ പ്രസ്താവനയിൽ മേഖലയിലെ എല്ലാ പ്രതിരോധ ശക്തികളും ഹിസ്ബുള്ളയ്‌ക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നായിരുന്നു അറിയിച്ചത്. ലെബനനിലെ ജനങ്ങൾക്കും അഭിമാനികളായ ഹിസ്ബുള്ളയ്ക്കും അവർക്കുള്ള എല്ലാ മാർഗങ്ങളിലൂടെയും ഒപ്പം നിൽക്കുകയും ഇസ്രയേൽ ദുഷ്ട ഭരണകൂടത്തെ നേരിടാൻ അവരെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തുപോലും ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുമെന്നോ നസ്‌റുള്ളയുടെ കൊലപാതകത്തിനു പകരം ചോദിക്കുമെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല.
ഇറാന്റെ പുതിയ മിതവാദിയായ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നിലപാടുകളുമായി ഖമേനിയുടെ പ്രതികരണത്തെ കൂട്ടിവായിക്കുമ്പോൾ ഇറാൻ സംയമനം പാലിക്കാനാണ് സാധ്യത. പാശ്ചാത്യ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം കെട്ടിപ്പടുത്ത് ഇറാനുമേലുള്ള ഉപരോധങ്ങൾക്ക് അയവുവരുത്താനുള്ള കഠിനശ്രമത്തിലാണ് പെസഷ്‌കിയാൻ. ന്യൂയോർക്കിൽ ചേർന്ന യുഎൻ ജനറൽ കൗൺസിൽ യോഗത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാച്ചി, ജർമൻ, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാരുമായി ചർച്ചയും നടത്തിയിരുന്നു. 2015ൽ ഇറാൻ ഒപ്പുവച്ച ജെ സി പി ഒ എ എന്ന ആണവകരാർ പുനഃസ്ഥാപിക്കാനുള്ള വഴികൾ തേടുകയായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട.
അങ്ങനെയിരിക്കെ ഇസ്രയേലിനെതിരെ ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങി, അമേരിക്കയെ പിണക്കാൻ പെസഷ്‌കിയാൻ തയാറാകുമോ എന്നതൊരു ചോദ്യമാണ്. ഹിസ്‌ബുള്ളയും തങ്ങളുടെ ആഭ്യന്തര-സാമ്പത്തിക പ്രശ്നങ്ങളും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ പെസഷ്‌കിയാൻ എന്ന പ്രായോഗിക രാഷ്ട്രീയക്കാരൻ ഇറാന് മുൻഗണന കൊടുക്കാനാകും സാധ്യത. ഇസ്രയേൽ പോലും അമേരിക്കയുടെ വാക്കുകൾക്കു ചെവികൊടുക്കാതിരുന്നപ്പോഴും ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘർഷത്തിലേക്കു പോകരുതെന്ന ജോ ബൈഡന്റെ അഭ്യർത്ഥന മാനിച്ചത് ഇറാൻ മാത്രമായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
പക്ഷെ ഹിസ്‌ബുള്ളയെ പോലെ പശ്ചിമേഷ്യയിലെ തങ്ങളുടെ നിർണായക സഖ്യകക്ഷി പ്രതിസന്ധിയിലാകുമ്പോൾ ഇറാന് കയ്യുകെട്ടി നോക്കിയിരിക്കാൻ ആകുമോയെന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെയൊരു നിലപാട് സ്വീകരിക്കുക വഴി ഇറാന് നഷ്ടമാകുക, പ്രതിരോധ അച്ചുതണ്ടിലെ മറ്റു സായുധസംഘങ്ങൾക്കുള്ള വിശ്വാസമായിരിക്കും.
അവർക്കൊരു ആവശ്യം വരുന്ന നേരം ഇറാൻ സഹായത്തിനെത്തുന്നില്ലെന്നത് യെമനിലെ ഹൂതി, ഹമാസ്, ഇസ്ലാമിക് ജിഹാദ് ഉൾപ്പെടെയുള്ളവർക്കിടയിൽ ഇറാനോടുള്ള വിമുഖതയ്ക്ക് കാരണമായേക്കും. ശരിക്കും ഇറാൻ ഒരു ആശയക്കുഴപ്പത്തിലാണ്. അതിനെ അവർ എങ്ങനെ മറികടക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മേല്പറഞ്ഞപോലെ പശ്ചിമേഷ്യയുടെ ഭാവി.