EXPLAINER

കോവിഡ് മഹാമാരി അവസാന ഘട്ടത്തില്‍? കേസുകള്‍ ഗുരുതരമാകാത്തത് എന്തുകൊണ്ട്?

മൂന്ന് വർഷം മുന്‍പ് മേയിലായിരുന്നു രാജ്യം കോവിഡിന്റെ ഏറ്റവും ഭീകരമായ ദിനങ്ങളിലൂടെ കടന്നുപോയത്

വെബ് ഡെസ്ക്

മാസ്ക് ധരിച്ച്, കയ്യകലം പാലിച്ച്, സാനിറ്റൈസർ ഇടക്കിടെ ഉപയോഗിച്ച് നടന്നൊരു കാലം ഓർമയുണ്ടോ? മൂന്ന് വർഷം മുന്‍പ് 2021മേയില്‍ കോവിഡിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയായിരുന്നു രാജ്യം കടന്നുപോയത്. 1.2 ലക്ഷം പേരാണ് മഹാമാരി ബാധിച്ച് മേയില്‍ മരിച്ചത്. രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ കണക്കില്‍ ഇരുപത് ശതമാനത്തോളം വരും ഇത്. പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതും മേയിലായിരുന്നു (4.14 ലക്ഷം, മേയ് ആറ്).

കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കൃത്യമായ കുറവ് സംഭവിച്ചിരുന്നെങ്കിലും ആശങ്കകള്‍ രണ്ട് മാസം കൂടി തുടർന്നു. പിന്നീട് 2022 ജനുവരിയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെയായിരുന്നു കേസുകള്‍ വീണ്ടും ഉയർന്നത്. പക്ഷേ, ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നില്ല. രണ്ടു വർഷത്തിനുശേഷം, ഇന്നും കോവിഡ് പൂർണമായും വിട്ടുമാറിയിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 850 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

മഹാമാരി അവസാനിച്ചോ?

2022 മാർച്ച് 31ന് കോവിഡ് നിയന്ത്രണങ്ങളെല്ലാം കേന്ദ്ര സർക്കാർ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ പൊതു ഇടങ്ങളില്‍ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങളും പിന്‍വലിച്ചു. കോവിഡ് ഇനി മുതല്‍ ഒരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആയിരിക്കില്ലെന്ന് 2023 മേയ് അഞ്ചിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. നിയന്ത്രണാതീതമായുള്ള വൈറസ് വ്യാപനവും രോഗം കൂടുതല്‍ ഗുരുതരമാകുന്ന ഘട്ടവും കഴിഞ്ഞുവെന്നതിന്റെ ഔദ്യോഗികമായ സ്ഥിരീകരണം കൂടിയായിരുന്നു ഡബ്ല്യുഎച്ചഒ പ്രസ്താവന.

കോവിഡിന് കാരണമാകുന്ന സാർസ്- കോവ്-2 വൈറസ് ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ജെഎന്‍.1 എന്ന വകഭേദമാണ് രോഗവ്യാപനത്തിന് കാരണമാകുന്നത്. ഡബ്ല്യുഎച്ച്ഒയുടെ ഏപ്രില്‍ 14 വരെയുള്ള നാലാഴ്ചത്തെ കണക്കുകള്‍ പ്രകാരം 2.42 ലക്ഷം പോസിറ്റീവ് കേസുകളാണ് ആഗോളതലത്തിലുള്ളത്. കൂടുതല്‍ കേസുകളും റഷ്യയിലും ന്യൂസിലന്‍ഡിലുമാണ്. ഈ കാലയളവില്‍ 3,400 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതില്‍ 2,400 മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 53 മരണം.

പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ രണ്ടക്കത്തിനു മുകളിലാണ്. കേരളത്തില്‍ ഒരു മരണവും റിപ്പോർട്ട് ചെയ്തു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്‍ഡ് മോളിക്കുലാർ ബയോളജി, ഫരിദാബാദിലെ ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് നിലവില്‍ രോഗവ്യാപനം നിരീക്ഷിക്കുന്നത്. മലിനജല പരിശോധനയും ആശുപത്രി സാമ്പിളുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. മലിനജല പരിശോധനയില്‍ ജെഎന്‍.1 വ്യാപനം ഉണ്ടെന്നാണ് കണ്ടെത്തല്‍.

എന്തുകൊണ്ടാണ് കൂടുതല്‍ പേർക്ക് രോഗം ബാധിക്കാത്തത്?

2021 അവസാനത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ വകഭേദത്തിനു വ്യാപനശേഷി കൂടുതലായിരുന്നെങ്കിലും ഗുരുതരമാകുന്നില്ലായിരുന്നു. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഒമിക്രോണ്‍ ബാധിച്ചശേഷം സ്വഭാവിക പ്രതിരോധശേഷി നേടി. പ്രസ്തുതസമയത്ത് ആഗോളതലത്തില്‍ തന്നെ വാക്സിന്‍ ഡ്രൈവ് ആരംഭിക്കുകയും ഭൂരിഭാഗം പേരും ഒരു ഡോസെങ്കിലും സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിരോധശേഷി വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതിരോധശേഷി കുറവുള്ളവരുടെ എണ്ണത്തില്‍ ഇടിവ് വന്നതോടെ വൈറസിനു പുതിയ വകഭേദങ്ങളായി പരിണമിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതായും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും 2021, 2022 വർഷങ്ങളില്‍ സ്വീകരിച്ച വാക്സിനുകളുടെ ശേഷി അവസാനിച്ചുകഴിഞ്ഞു. സ്വഭാവിക പ്രതിരോധശേഷിയും അധികകാലം നീണ്ടുനില്‍ക്കണമെന്നില്ല. ഒരു വലിയ വ്യാപനം സംഭവിക്കാത്തതിന്റെ കാരണം വകഭേദങ്ങള്‍ ദുർബലമായതുകൊണ്ടാകാമെന്നും അശോക സർവകലാശാലയിലെ ബയോസയന്‍സ് വിഭാഗം ഡീന്‍ അനുരാഗ് അഗർവാള്‍ പറയുന്നു. എന്നിരുന്നാലും ഈ സാഹചര്യം എത്രകാലം തുടരുമെന്നതില്‍ കൃത്യമായൊരു ഉത്തരം നല്‍കാന്‍ വിദഗ്ധർക്കോ ഗവേഷകർക്കോ സാധിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ