EXPLAINER

വെടിനിർത്തൽ ചർച്ചകൾക്കിടയിലും തുടരുന്ന ഗാസ ആക്രമണം; ഇസ്രയേൽ മാറ്റാത്ത തന്ത്രവും നെതന്യാഹുവിന്റെ അധികാരമോഹവും

വെബ് ഡെസ്ക്

ഗാസയിൽ വെടിനിർത്തലിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള നീക്കം ഫലപ്രാപ്തിയുടെ പ്രതീക്ഷയിലാണ്. പക്ഷേ അപ്പോഴും ഗാസയിലെ ജനങ്ങൾക്കു മുകളിൽ ഫൈറ്റർ ജെറ്റുകളും മിസൈലുകളും വട്ടമിട്ട് പറക്കുകയാണ്.

അടുത്തിടെ ഖാൻ യൂനുസിലെ അൽ മവാസിയിൽ നടന്ന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് ഏകദേശം 90 പലസ്തീനികളാണ്. പത്ത് ദിവസത്തിനിടെ എട്ട് യുഎൻ സ്കൂളുകളും ആക്രമിക്കപ്പെട്ടു. ഗാസ മുനമ്പിലെ ആക്രമണം ശക്തമാക്കി വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നാണ് ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ഇസത്ത് അൽ-റെഷിഖ് ആരോപിക്കുന്നത്.

ബുധനാഴ്ച അബ്ദുല്ല അസം മസ്ജിദിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

ബെഞ്ചമിൻ നെതന്യാഹുവെന്ന ഇസ്രയേലി പ്രധാനമന്ത്രി നടത്തുന്ന ഈ നീക്കങ്ങൾക്കു പിന്നിൽ മേല്പറഞ്ഞതിനു പുറമെ ചില സ്വാർത്ഥ താല്പര്യങ്ങളുമുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ നഷ്‌ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ഇതുവരെയും നെതന്യാഹുവിന് സാധിച്ചിട്ടില്ല. കൂടാതെ, നെതന്യാഹുവിനെയും തീവ്രവലതുപക്ഷ സർക്കാരിനെയും പുറത്താക്കാനുള്ള മുറവിളികളും ഇസ്രയേലിൽ ശക്തമാണ്. ഗാസയിൽ നടത്തുന്ന അധിനിവേശം അവസാനിക്കുന്ന നിമിഷം നെതന്യാഹുവിന് തന്റെ അധികാരക്കസേരയും നഷ്ടമാകും. ചിലപ്പോൾ വിചാരണപോലും നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽനിന്ന് നെതന്യാഹു ഉടനടി പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നാണ് പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി, നിയമത്തിനതീതരായി പ്രവർത്തിക്കാൻ പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്

ഹമാസിനെ തകർക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് നെതന്യാഹുവിന്റെ സൈന്യം ഗാസയിലേക്കു കടന്നുകയറിയത്. പലസ്തീൻ സായുധസംഘടനയെ പൂർണമായി തുടച്ചുനീക്കുമെന്ന് പലപ്പോഴും നെതന്യാഹു ആവർത്തിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രധാന വക്താവ് ഡാനിയൽ ഹഗാറി, ഹമാസിനെ തകർക്കുക അസംഭവ്യമാണെന്ന് തുറന്നടിച്ചത്. നെതന്യാഹുവിനെ നേരിട്ട് പരാമർശിച്ചില്ലെങ്കിൽ പോലും അദ്ദേഹം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പൂർണമായി റദ്ദ് ചെയ്യുന്നതായിരുന്നു സൈനിക വക്താവിന്റെ തുറന്നുപറച്ചിൽ. ഇസ്രയേലി സൈന്യത്തിൽ ഉൾപ്പെടെ കാര്യങ്ങൾ നെതന്യാഹുവിന് എതിരായി മാറുന്നുവെന്നതിന്റെ സൂചനകളാണ് ഡാനിയൽ ഹഗാറിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

നെതന്യാഹു

ഒപ്പം, ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയും അവർക്ക് വലിയ ധൈര്യം നൽകുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി, നിയമത്തിനതീതരായി പ്രവർത്തിക്കാൻ പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. മറ്റ് പല രാജ്യങ്ങളോടുള്ള സമീപനം പോലെ ഇസ്രയേലിനെ ചോദ്യം ചെയ്യാൻ ലോകപോലീസ് ചമയുന്ന രാജ്യങ്ങളൊന്നും മുന്നോട്ട് വരാറില്ല. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഇസ്രയേലിനെതിരെ രംഗത്തുണ്ടെങ്കിലും അമേരിക്ക നെതന്യാഹുവിനെ ചേർത്തുപിടിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും നെതന്യാഹുവിനെ വിമർശിച്ചിട്ടുണ്ടെങ്കിലും കോടിക്കണക്കിനു രൂപയുടെ പണവും ആയുധങ്ങളും നൽകുന്നതിൽ അമേരിക്ക അമാന്തിച്ചിട്ടില്ല. ഓരോ വർഷവും നൽകുന്ന 330 കോടി ഡോളറിന് പുറമെയാണ് നിലവിലെ സഹായങ്ങൾ.

ഇസ്രയേലും വെടിനിർത്തൽ ലംഘനങ്ങളും

വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിക്കു സമാന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നതു പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ ശീലമാണ്. 2002 ലെ രണ്ടാം ഇൻതിഫാദയില്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഭരണത്തിലുണ്ടായിരുന്ന ഫത്താ പാർട്ടി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുങ്ങിയപ്പോഴാണ് ഗാസ സിറ്റിയിൽ ഹമാസ് നേതാവിന്റെ വീട്ടിൽ ഒരു ടൺ ബോംബ് ഇസ്രയേൽ വർഷിക്കുന്നത്.

ഇസ്രയേല്‍-ലെബനന്‍ യുദ്ധം

2006ലെ ഹിസ്‌ബുള്ളയുമായുള്ള 34 ദിവസത്തെ യുദ്ധത്തിലും ഇതുതന്നെ സയണിസ്റ്റ് ഭരണകൂടം ആവർത്തിച്ചു. വെടിനിർത്തൽ ആസനമായ സാഹചര്യത്തിൽ തെക്കൻ ലെബനനിൽ 40 ലക്ഷത്തോളം യുദ്ധക്കോപ്പുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. വടക്കൻ ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന മേഖലയെ ജനവാസയോഗ്യമല്ലാതാക്കി മാറ്റാനും ബഫർ സോൺ സൃഷിടിക്കുകയുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.

2012-ൽ പലസ്തീൻ സന്ധിക്കു സമ്മതം അറിയിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഹമാസ് നേതാവിനെ ഇസ്രയേൽ വധിക്കുന്നത്. കൂടാതെ ആറ് പലസ്തീനികളെയും അവർ ആക്രമണത്തിൽ വധിച്ചിരുന്നു. ഇതെല്ലാം വെടിനിർത്തൽ അടുത്തിരിക്കെയായിരുന്നു. 2014ലും ഇതൊക്കെ തന്നെയായിരുന്നു ഇസ്രയേലിന്റെ നടപടി. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം വീടുകളിലേക്കു മടങ്ങുകയായിരുന്ന പലസ്തീനികൾക്കുനേരെ അന്ന് ഇസ്രയേൽ വെടിയുതിർത്തിരുന്നു.

ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഹമാസിനെ നശിപ്പിക്കുകയെന്ന സൈനിക വക്താവ് പോലും എഴുതിത്തള്ളുന്ന ലക്ഷ്യത്തിനു പിന്നിൽ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനുവേണ്ടിയുള്ള നെതന്യാഹുവിന്റെ തന്ത്രമാണ്. ആക്രമണം നീണ്ടുപോവുകയും അത്രയും കാലം പ്രധാനമന്ത്രിയായി തുടരാൻ സഹായിക്കുകയും ചെയ്യും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?