EXPLAINER

ആരാണ് പശ്ചിമേഷ്യയില്‍ രക്തം ഒഴുക്കുന്നത്‌ ?

സനു ഹദീബ

പലസ്തീന്‍ വാര്‍ത്തകളില്‍ നിറയുന്നതെല്ലാം, രക്തം ചിന്തുമ്പോഴാണ്. അധിനിവേശത്തിന്റെ, നിഷ്കാസനത്തിന്റെ ദീര്‍ഘകാല സഹനവുമയി ജീവിക്കുകയാണ് പലസ്തീനികള്‍. ചെറുത്തുനില്‍പ്പിന്റെ ഐതിഹാസികമായ ചരിത്രമുണ്ട് പലസ്തീന്. യാസര്‍ അറാഫത്ത് മുതല്‍, ഇപ്പോഴത്തെ ഹമാസിന്റെ പ്രവര്‍ത്തകര്‍ വരെ. ഇത്തവണ പക്ഷെ പലസ്തീന്‍ ആക്രമണത്തിലൂടെയാണ് രക്ത ചൊരിച്ചലുകളുടെ കഥ തുടങ്ങുന്നത്. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ സംവിധാനമെന്നൊക്കെ അവകാശപ്പെടുന്ന ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസിന്റെ ആക്രമണം. അങ്ങേയറ്റം പ്രഹരശേഷിയോടെ ഇസ്രയേലിന്റെ തിരിച്ചടി. അമേരിക്കന്‍ സഹായത്തോടെ യുദ്ധം ജയിക്കാൻ ഇസ്രായേലിന് കഴിഞ്ഞേക്കുമെങ്കിലും സമീപകാലത്തോന്നും ഇത്രയും ഭീകരമായ ആക്രമണം ഇസ്രയേൽ നേരിട്ടില്ല. ഇസ്രയേലിലെ തീവ്ര വലതുപക്ഷ സർക്കാർ അതുകൊണ്ട് തന്നെ വിട്ടുകൊടുക്കില്ല.

ആരാണ് കലാപത്തിന് ഉത്തരവാദി ?

ആരാണ് ഇപ്പോഴത്തെ കലാപത്തിന് ഉത്തരവാദി. ചരിത്രത്തെയും, ഇസ്രയേലിന്റെ നയപരിപാടികളെയും മറന്നാല്‍ ഹമാസ് ആണ് ഉത്തരവാദി എന്ന് പറയാം. എന്നാല്‍ ഹമാസ് എങ്ങനെ ഉണ്ടായി? സ്വന്തം രാജ്യത്ത് നിന്ന് നിഷ്‌കാസിതരാവേണ്ടി വന്ന ജനതയുടെ പ്രതിരോധം, ലോകശക്തികളുടെ അധിക്ഷേപകരമായ പക്ഷപാതിത്വം. ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതു മുതലുള്ള ദുരന്തത്തിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ ലോകത്തിന് കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഭുപ്രദേശത്തുനിന്നാണ് യാസര്‍ അറാഫത്തുണ്ടായത്. പിഎല്‍ഒ ഉണ്ടായത്. ദുരിതത്തിന് പരിഹാരമില്ലാതയപ്പോള്‍ പ്രതിരോധത്തിന്റെ മുഖം മാറി. ഹമാസ് എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് സംഘടനയിലേക്ക് പലസ്തീന്‍ പ്രതിരോധം ചുരുങ്ങി പോയത് അങ്ങനെയാണ്. ഹമാസിന്റെ സൈനികരുടെ വഴി അറഫാത്തിന്റെ നയതന്ത്രത്തിന്റെതായിരുന്നില്ല. അത് കൂടുതല്‍ ഭീകരമായി മാറി. ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടെയിരുന്നു. സ്വതന്ത്രമായ, ഒരു രാജ്യം അനുവദിക്കാന്‍ തയ്യാറാകാതെ, ലോകം ഈ കുരുതികള്‍ക്ക് ഫലത്തില്‍ കൂട്ടുനിന്നു.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ വെട്ടിച്ച് ഹമാസിന്റെ ആക്രമണം

പലസ്തീന്‍ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ഹമാസ് ഇസ്രയേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതാണ് നിലവിലെ സ്ഥിതിഗതികള്‍ക്ക് കാരണമായത്. ഇസ്രയേലിനെതിരെ 'ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്ളഡ്' എന്ന പേരിലാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളില്‍ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇതോടെ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണത്തിന് തുടക്കമിട്ടു. ഒക്ടോബര്‍ 6 ആണ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിക്കാന്‍ ഹമാസ് തിരഞ്ഞെടുത്ത ദിവസം. യോം കിപ്പൂര്‍ ദിനം. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ഈ ദിനം ഇസ്രയേല്‍ ചരിത്രത്തില്‍ പലപ്പോഴും രക്തം കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.

'ഇത് അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള യുദ്ധം' എന്ന വിശേഷണത്തോടെ ആയിരുന്നു ഹമാസ് 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ്' പ്രഖ്യാപിച്ചത്. അയ്യായിരത്തോളം റോക്കറ്റുകളായിരുന്നു ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള ഇസ്രേലിനെ ഞെട്ടിച്ച് കൊണ്ട് ഹമാസ് തൊടുത്തു വിട്ടത്. കരയിലൂടെയും കടലിലൂടെയും ഹമാസ് സായുധ സേനാംഗങ്ങള്‍ നുഴഞ്ഞുകയറി. നൂറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണ് അക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. ഓപ്പറേഷന്‍ അയേണ്‍ സ്വോര്‍ഡ്സ് എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങള്‍.

ഇസ്രായേൽ - പലസ്തീൻ സംഘർഷ ചരിത്രം

വിഭജനം, അധിനിവേശം, ആക്രമണം, ചെറുത്തുനില്‍പ്പ്. പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ യാത്ര ഇങ്ങനെയാണ്. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട് ഹമാസിനും. ഇസ്രയേല്‍ അധിനിവേശത്തില്‍നിന്ന് പലസ്തീന്‍ രാജ്യം മോചിപ്പിച്ച്, 1967-ലെ അതിര്‍ത്തികളോടെ സ്വതന്ത്ര രാജ്യമാക്കുകയെന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം.

ജർമനിയിൽ ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ ജൂതന്മാരെ കൊന്നൊടിക്കിയ സമയത്താണ് പലസ്തീനിലേക്കുള്ള ജൂതസമൂഹത്തിന്റെ കുടിയേറ്റം വൻ തോതിൽ വർധിക്കുന്നത്. പലസ്തീൻ ജനത അധിവസിച്ചിരുന്ന പ്രദേശത്തേക്ക് ജൂത സമൂഹം വരികയും അവിടെ അവരുടെ ജനസംഖ്യ വർധിക്കുകയും ചെയ്തതോടെ അറബ്-ജൂത സംഘർഷങ്ങൾ ഉയർന്ന് വരാൻ തുടങ്ങി. 1948 ൽ ബ്രിട്ടീഷുകാർ പലസ്തീൻ വിട്ടതിന് പിന്നാലെയാണ് ജൂതർ ഇസ്രായേൽ എന്ന രാജ്യം രുപീകരിക്കുന്നത്. ഇതോടെ പ്രശ്നങ്ങൾ രൂക്ഷമായി. മുൻപ് നിരവധി തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലായ്പ്പോഴും സംഘർഷ ഭൂമിയാകുന്ന ഗാസ പശ്ചിമേഷ്യയുടെ നീറുന്ന മുറിവാണ്.

പരിഷ്‌കൃത ലോകത്ത് ഒരു ജനത സ്വന്തമായി രാജ്യമില്ലാതെ ജിവിക്കേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിരന്തരമായ ഇസ്രയേൽ കൈയേറ്റങ്ങൾ പലസ്തീന്‍ പ്രദേശങ്ങളെ ചുരുക്കി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയാണ് ഗാസ. ഇവിടുത്തുകാര്‍ക്ക് അധിനിവേശക്കാരന്റെ ഭീഷണിയില്ലാതെ എന്നാണ് ഉറങ്ങാന്‍ കഴിയുക? എന്നാണ് ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള ലോക ഏജന്‍സികള്‍ക്ക് ഇസ്രേയേലിന്റെ അധിനിവേശ സമീപനത്തെ ചെറുക്കാന്‍ കഴിയുക ?

അന്നുവരെ ഇവിടെ അശാന്തമായിരിക്കും. നമ്മള്‍ എത്ര ആഗ്രഹിച്ചാലും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും