പിണറായി വിജയന്‍, ആരിഫ് മുഹമ്മദ് ഖാൻ 
EXPLAINER

പൗരത്വ ഭേദഗതി നിയമത്തില്‍ തുടങ്ങി സര്‍വകലാശാലാ നിയമനം വരെ; സർക്കാർ - ഗവർണർ പോരിന്റെ നാൾവഴി

കണ്ണൂര്‍ വിസി പുനര്‍ നിയമനം, പ്രിയാവർഗീസ് നിയമനം, സർവകലാശാല നിയമഭേദഗതി, പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ തുടങ്ങി നിരവധി വിഷയങ്ങളിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാരും ഗവർണറും മുഖാമുഖം വന്നത്

ദില്‍ന മധു

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാകുന്നത് സംസ്ഥാനത്ത് അസാധാരണമായ ഭരണ പ്രതിസന്ധിക്ക് കൂടി വഴിവെയ്ക്കുകയാണ്. ലോകായുക്താ- സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതോടെ പ്രശ്‌നപരിഹാരം വിദൂരമെന്ന സൂചനയാണ് ലഭിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഭരണഘടനാ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, ആര്‍എസ്എസ് പ്രചാരകനായെന്ന് ഭരണപക്ഷം ആരോപിക്കുമ്പോള്‍ സിപിഎമ്മിനെയും അവരുടെ പ്രത്യയശാസ്ത്രത്തേയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഗവര്‍ണര്‍.

2019 സെപ്റ്റംബര്‍ ആറിനാണ് സംസ്ഥാനത്തെ 22-മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്. ദിവസങ്ങള്‍ക്കകം സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്ന പോരിന് കേരളം സാക്ഷിയായി. പൗരത്വ നിയമഭേദഗതിയില്‍ തുടങ്ങിയ ഉരസലാണ് അസാധാരണ വാര്‍ത്താ സമ്മേളനത്തിലേക്കും മുഖ്യമന്ത്രി- ഗവര്‍ണര്‍ വാക്പോരിലേക്കും എല്ലാം വഴിവെച്ചത്.

സിഎഎയില്‍ രണ്ട് തട്ടില്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് 2019 ല്‍ ഉയര്‍ന്നത്. 2019 ഡിസംബര്‍ നാലിന് ലോക്‌സഭയും ഡിസംബര്‍ 11 ന് രാജ്യസഭയും പാസാക്കിയ നിയമത്തിനെതിരെ കടുത്ത നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 2019 ഡിസംബര്‍ 31 നായിരുന്നു ഇത്. പ്രമേയത്തിനെതിരെ ഗവർണർ രംഗത്ത് വന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംസ്ഥാന സര്‍ക്കാര്‍ സിഎഎ വിരുദ്ധ പരസ്യങ്ങള്‍ നല്‍കിയതും ഗവര്‍ണറുടെ പരസ്യ വിമര്‍ശനം ക്ഷണിച്ചു വരുത്തി. സ്വാഗതാര്‍ഹമായ നടപടിയല്ല ഇതെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ സാധുതയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്ത സര്‍ക്കാര്‍ നടപടിയും ഗവര്‍ണര്‍ എതിര്‍ത്തു.

പൗരത്വഭേദഗതി ഗവർണർക്കെതിരെ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം

നിയമസഭ പ്രമേയം പാസാക്കുന്നതിന് മുന്‍പാണ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്ക് പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. സിഎഎ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഗവര്‍ണരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കാത്തിരുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചരിത്രകാരന്മാരുടെ പ്രതിഷേധം. പ്രകോപിതനായ ഗവര്‍ണര്‍ എഴുതിവെച്ച ഉദ്ഘാടന പ്രസംഗം മാറ്റി, പ്രതിഷേധങ്ങള്‍ക്ക് മറുപടി നല്‍കി. ചരിത്ര കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനമൊഴിയുന്ന ഇര്‍ഫാന്‍ ഹബീബും ഗവര്‍ണറും തമ്മില്‍ വാഗ്വാദം ഉണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ കൂടുതല്‍ പ്രതിനിധികള്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം കെ കെ രാഗേഷ് അടക്കമുള്ള ജനപ്രതിനിധികളാണ് തടഞ്ഞത്. ഈ സംഭവമാണ് അസാധാരണ വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

നയപ്രഖ്യാപനത്തിലെ വിയോജിപ്പ്

2020 ജനുവരി 29 ന് നിയമസഭയില്‍ നടന്ന നയപ്രഖ്യാന പ്രസംഗത്തില്‍ സിഎഎ വിരുദ്ധ പരാമര്‍ശം ഗവര്‍ണറുടെ അതൃപ്തി ക്ഷണിച്ചു വരുത്തി. പ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതി പരാമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ വായിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഏവരേയും അദ്ഭുതപ്പെടുത്തി ഗവര്‍ണര്‍ വിവാദ പരാമര്‍ശം വായിച്ചു. തന്റെ നിലപാട് ആവര്‍ത്തിച്ചതിന് ശേഷമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചത്. പ്രസംഗം മുഴുവന്‍ വായിക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വമെന്ന് കാട്ടി മുഖ്യമന്ത്രി അയച്ച കത്താണ് നിലപാട് മാറ്റത്തിന് കാരണമായത്.

സര്‍ക്കാരിന്റെ നയത്തിന്റെയും പദ്ധതിയുടേയോ ഭാഗമായി വരുന്നതല്ല പൗരത്വവുമായി ബന്ധപ്പെട്ട പരാമര്‍ശമെന്നാണ് തന്റെ നിലപാടെന്നും എന്നാല്‍ ഇത് വായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ അത് ചെയ്യുന്നു എന്നുമാണ് ഗവര്‍ണര്‍ ആമുഖമായി പറഞ്ഞത്. ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അനുരഞ്ജനത്തിന് വഴിവെച്ചു. ഗവര്‍ണറെ നീക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്.

2020 ഡിസംബര്‍ 23 ന് പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പ്രതിപക്ഷവും ഭരണ പക്ഷവും ഒറ്റക്കെട്ടായ വിഷയത്തില്‍, ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം നടന്നില്ല.

കാര്‍ഷിക നിയമത്തിലും ഉടക്ക്

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചില്ല. 2020 ഡിസംബര്‍ 23 ന് പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പ്രതിപക്ഷവും ഭരണ പക്ഷവും ഒറ്റക്കെട്ടായ വിഷയത്തില്‍, ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം നടന്നില്ല. അനുനയത്തിനായി മന്ത്രിമാരടക്കം ഗവര്‍ണറെ കണ്ടു. ഡിസംബര്‍ 31 ന് സമ്മേളനം ചേരാന്‍ വീണ്ടും മന്ത്രിസഭ ശുപാര്‍ശ ചെയ്യുകയും ഗവര്‍ണര്‍ അംഗീകരിക്കുകയുമായിരുന്നു. സമ്മേളനം ആദ്യം അനുവദിക്കാതിരുന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷവും നിലപാടെടുത്തു.

കണ്ണൂര്‍ വിസി പുനര്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ടാണ് , ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഉടലെടുക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി പൂര്‍ത്തിയായതോടെ പുതിയ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇത് പിരിച്ചുവിട്ടാണ് സര്‍ക്കാര്‍ ശുപാര്‍ശ മാനിച്ച് ഗവര്‍ണര്‍, ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത്. എന്നാല്‍ താന്‍ ഒപ്പിട്ട നിയമനത്തിനെതിരെ ഗവര്‍ണര്‍ പിന്നീട് പരസ്യ നിലപാടെടുത്തു.

ഗോപിനാഥ് രവീന്ദ്രൻ

നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ചട്ടങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലാ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തു. അതൃപ്തി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും രാജ്ഭവന്‍ മുഖാന്തിരം ലഭിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരായ നിയമനടപടികള്‍ക്ക് ശക്തിപകരുന്നതായിരുന്നു സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ പരസ്യ പ്രതികരണം. സര്‍വകലാശാല പ്രോ-ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു , ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനായി ഇടപെട്ടെന്നായിരുന്നു ഗവര്‍ണറുടെ പ്രധാന വാദം. എന്നാല്‍ ചട്ടവിരുദ്ധമായാണ് നിയമനമെങ്കില്‍ ഗവര്‍ണര്‍ അതില്‍ ഒപ്പുവെച്ചതെന്തിനെന്ന് ചോദ്യമുയര്‍ന്നു. മറുഭാഗത്ത് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമവുമുണ്ടായി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഹൈക്കോടി ശരിവെയ്ക്കുകയും ലോകായുക്ത ആര്‍ ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തത് സര്‍ക്കാരിന് ആശ്വാസമായി. വിസി നിയമനത്തില്‍ പരസ്യമായി പ്രതികരിച്ചെങ്കിലും കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ചാന്‍സലറായി പ്രവര്‍ത്തിക്കാന്‍ ഇല്ലെന്ന നിലപാടില്‍ അയവുവരുത്തിയത്, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്.

കാലടി സര്‍വകലാശാല വിസി നിയമനം

ഇതേ സമയമാണ് കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും ഗവര്‍ണര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നത്. വിസി നിയമനത്തിനായി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി, ഒറ്റ പേര് മാത്രമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് അംഗീകരിക്കില്ലെന്നും മൂന്ന് പേരുടെ ചുരുക്കപ്പട്ടിക നല്‍കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം നിലപാടെടുത്തു. എന്നാല്‍ പിന്നീട് വഴങ്ങി. പ്രൊഫ. എം വി നാരായണനെ വൈസ് ചാന്‍സലറായി നിയമിച്ചു.

കാലടി സംസ്കൃത സർവകലാശാലാ

ഗവര്‍ണര്‍ക്കെതിരെ കേസ്, തിരുത്തി മുഖ്യമന്ത്രി

കലാമണ്ഡലം സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിസി കേസ് നല്‍കിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പിആര്‍ഒ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. പിആര്‍ഒ പോസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഗോപീകൃഷ്ണന്‍ , തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വിദേശത്ത് നടത്തിയ ഒരു പരിപാടിയുടെ മുഴുവന്‍ തുകയും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ലായിരുന്നു ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് പുറത്താക്കി. ഇയാളെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും നടപടിയുണ്ടായില്ല. ചാന്‍സലറുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നു എന്നാരോപിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തിലെ പ്രാധാന വിഷയങ്ങളിലൊന്ന് കലാമണ്ഡലം വിസിയുടെ ഈ നടപടിയായിരുന്നു.

കല്പിത സര്‍വകലാശാലയായ കലാമണ്ഡലത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നായിരുന്നു വിസിയുടെ നിലപാട്. തുടര്‍ന്ന് പിആര്‍ഒയെ തിരിച്ചെടുക്കാതിരുന്ന വിസി ഗവര്‍ണര്‍ക്കെതിരെ ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനെ മുഖ്യമന്ത്രി നേരിട്ട് വിമര്‍ശിച്ചതോടെയാണ് വിസി കേസ് പിന്‍വലിച്ചത്. തുടര്‍ന്ന് വിസിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി.

കേരളാ വിസി ഗവർണർക്ക് നൽകിയ കത്ത്

ഡിലിറ്റ് വിവാദവും കേരളാ സര്‍വകലാശാലയും

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡീ ലിറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് കേരളാ സര്‍വകലാശാലയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അകലുന്നത്. ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സര്‍വകലാശാല തള്ളുകയായിരുന്നു. വിഷയത്തില്‍ നേരിട്ട് വിളിച്ചു വരുത്തി വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍ പിള്ളയില്‍ നിന്ന് വിശദീകരണം എഴുതി വാങ്ങിയ ഗവര്‍ണര്‍, അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കുകയും ചെയ്തു. ഇതിന് മലയാളത്തില്‍ മറുപടിയുമായി എത്തിയ വിസിക്ക് സിന്‍ഡിക്കേറ്റ് പൂര്‍ണ പിന്തുണയും നല്‍കി. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങളില്‍ മറുപക്ഷത്ത് സര്‍ക്കാരെന്നാണ് ഗവര്‍ണറുടെ നിലപാട്.

ഹരി എസ് കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് രാജ്ഭവനിലേക്ക് കത്തയച്ച പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത്

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ സര്‍ക്കാരിനെ കുഴക്കി

നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് എതിരെ അടക്കം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ ഈ നീക്കം. സർവകലാശാലാ വിഷയങ്ങളിൽ തർക്കം നിലനിൽക്കെയാണ് ഗവർണറുടെ അസാധാരണ നടപടി.

ഗവര്‍ണറുടെ അഡീഷണല്‍ പിഎ ഹരി എസ് കര്‍ത്തയുടെ നിയമനത്തിന് നേരത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും അതൃപ്തി രേഖാമൂലം തന്നെ അറിയിച്ചിരുന്നു. ഇതും ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി നടത്തിയ അനുനയനീക്കം വിജയിച്ചില്ല. ഒടുവില്‍ ഹരിഎസ് കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് രാജ്ഭവനിലേക്ക് കത്തയച്ച പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത്. പിന്നാലെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടു. ഗവര്‍ണര്‍ വഴങ്ങിയതോടെ കെ ആര്‍ ജ്യോതിലാല്‍ വീണ്ടും വകുപ്പില്‍ തിരിച്ചെത്തി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ ഗവര്‍ണര്‍ ഇപ്പോഴും സര്‍ക്കാരിനെതിരാണ്.

പ്രിയ വർഗീസ്

പ്രിയാ വര്‍ഗീസിന്റെ നിയമന നീക്കം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‌റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല പഠനവകുപ്പില്‍ നിയമനം നല്‍കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. വിഷയത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നെന്ന് പറഞ്ഞ ഗവര്‍ണര്‍ നിയമനം നല്‍കാനുള്ള നടപടികളും മരവിപ്പിച്ചു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. നിയമന നടപടി ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു.

പ്രിയാ വര്‍ഗീസ് നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരുമായി തുറന്ന പോരിലേക്ക് ഒരിക്കല്‍ കൂടി ഗവര്‍ണര്‍ കടന്നത്. രാഷ്ട്രീയ താത്പര്യമാണ് പ്രിയയുടെ നിയമനത്തിനെന്ന ആരോപിച്ച ഗവര്‍ണര്‍, സ്വന്തക്കാരെ നിയമിക്കാനായാണ് അതനുവദിക്കുന്ന വിസിയെ പുനര്‍ നിയമിച്ചതെന്നും കുറ്റപ്പെടുത്തി. സര്‍വകലാശാലകളിലെ എല്ലാ ബന്ധു നിയമനങ്ങളും പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് നടപടികളൊന്നും രാജ്ഭവനില്‍ നിന്ന് ഉണ്ടായില്ല.

സെര്‍ച്ച് കമ്മിറ്റി സ്വയം തീരുമാനിച്ച് ഗവര്‍ണര്‍

കേരളാ സര്‍വകലാശാലയുടെ പുതിയ വിസിയെ നിയമിക്കുന്നതിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കി. ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു സമിതി രൂപീകരിച്ചത്. സര്‍വകലാശാലാ പ്രതിനിധിയില്ലാതെയായിരുന്നു സമിതി. കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ നിലവിലെ നിയമനമനുസരിച്ച് മുന്നോട്ടു പോയത്. വിസി ഡോ. മഹാദേവന്‍ പിള്ളയുടെ കാലാവധി അടുത്തമാസം പൂർത്തിയാകും.

ഓര്‍ഡിനന്‍സ് ഒപ്പിട്ടില്ല, പ്രത്യേക സമ്മേളനം വിളിച്ചു

ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ലോകായുക്ത അടക്കം 11 ഓര്‍ഡിന്‍സുകളുടെ കാലാവധി അവസാനിച്ചത് സർക്കാരിന് പ്രതിസന്ധിയായി. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയാണ് അസാധുവായത്. ഈ ഓര്‍ഡിനന്‍സിനെതിരെ നേരത്തെ തന്നെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നെങ്കിലും അന്ന് അനുമതി നല്‍കിയിരുന്നു. ഒപ്പിടാന്‍ നല്‍കിയ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെന്നുമാത്രമല്ല, അവ തിരിച്ചയച്ചുമില്ല. പിന്നാലെയാണ് പ്രത്യേക സമ്മേളനം വിളിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാലാവധി പൂര്‍ത്തിയായ 11 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് പുറമെ, സര്‍വകലാശാലാ നിയമഭേദഗതി ബില്ലും സര്‍ക്കാര്‍ സമ്മേളനത്തില്‍ പാസാക്കി.

സര്‍വകലാശാലാ നിയമഭേദഗതി ബില്‍

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി സര്‍വകലാശാല നിയമത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഗവര്‍ണറെ ഒതുക്കാനെന്ന് വ്യക്തം. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിലവിലെ നിയമപ്രകാരം മൂന്ന് അംഗങ്ങളാണ് ഉളളത്- സര്‍വകലാശാലാ, യുജിസി പ്രതിനിധികളും ഗവര്‍ണറുടെ നോമിനിയും. ഇതിന് പുറമെ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കൊണ്ട് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ഭേദഗതി. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. തുടര്‍ന്ന്, പുതുതായി സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനര്‍ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു. നിലവില്‍ സമിതിക്ക് കണ്‍വീനര്‍ എന്ന പദവി ഇല്ല. കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചായിരിക്കും നിയമനം. സർവകലാശാലാ ഭേദഗതി നിയമം നടപ്പാകുന്നതോടെ സര്‍ക്കാര്‍ നോമിനിയെ തന്നെ വിസി ആക്കാനുള്ള അവസരം ഒരുങ്ങും.

ചരിത്രകോൺഗ്രസിലെ പ്രതിഷേധം

ചരിത്ര കോണ്‍ഗ്രസും വിവാദങ്ങളും

2019 ല്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥേയരായ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ ഉണ്ടായ ആക്രമണം ആസൂത്രിതമെന്നും ഇതില്‍ വിസി ഗോപിനാഥ് രവീന്ദ്രന് പങ്കുണ്ടെന്നും ഗവര്‍ണര്‍ പറയുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. വിസിയെ ക്രിമിനലെന്ന് വിളിച്ച ഗവര്‍ണര്‍ അദ്ദേഹത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആരോപിച്ചു. പിന്നാലെ ആരോപണം മുഖ്യമന്ത്രിക്ക് നേരെയായി. കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി ഇടപെട്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ തെളിവുകള്‍ ഹാജരാക്കുമെന്നും പറഞ്ഞു. സര്‍വകലാശാലാ ബന്ധു നിയമനം മുഖ്യമന്ത്രി അറിഞ്ഞാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ പരസ്യ പ്രതികരണത്തിന് പിണറായിവിജയനും മുതിര്‍ന്നു. എല്‍ഡിഎഫ് ഒന്നടങ്കം ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ മുന്‍പ് ഗവര്‍ണറെ വിമര്‍ശിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ കളംമാറ്റി.

അവകാശപ്പെട്ടത് പോലെ മുഖ്യമന്ത്രിക്കെതിരേയോ സർക്കാരിനെതിരേയോ ഗൗരവമേറിയ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ക്ക് ആയില്ല. എന്നാല്‍ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം സര്‍ക്കാരിനെതിരെ ആവര്‍ത്തിച്ചു. സര്‍വകലാശാല നിയമഭേദഗതി ബില്‍, ലോകായുക്താ ഭേദഗതി ബില്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഗവർണർ പറയുമ്പോള്‍, സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ തന്നെ ബാധിക്കുംവിധം സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മാറിയെന്ന് വ്യക്തം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ