പാർലമെന്റിൽ ചോദ്യം ചോദിയ്ക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് എംപി സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക്. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയിരിക്കുന്നത്.
ബിസിനസ് എതിരാളിയായ അദാനി ഗ്രൂപ്പിനെതിരെ പ്രവർത്തിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പിനെ സഹായിക്കാൻ പാർലമെന്ററി പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളാണ് പ്രധാനമായതും മഹുവക്കെതിരെ നില നിന്നിരുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവക്കതിരെ ആരോപണമുയർത്തിയത്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ ആരോപണങ്ങളെ പിൻപറ്റിയായിരുന്നു നിഷികാന്തിന്റെ പരാതി.
ഹിരാനന്ദാനി ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ നിരഞ്ജൻ ഹിരാനന്ദാനിയുടെ മകനും പിൻഗാമിയുമായ ദർശൻ ഹിരാനന്ദാനിയുമായി സഹകരിച്ചാണ് മൊയ്ത്ര ചോദ്യങ്ങൾ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഹിരാനന്ദയുമായി പാർലമെന്ററി ലോഗിൻ വിവരങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും ചോദ്യം ചോദിക്കാനായി പണം വാങ്ങിയിട്ടില്ലെന്ന് മഹുവ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അദാനിയെ ലക്ഷ്യം വെച്ച തന്റെ ചോദ്യങ്ങളാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചതെന്നും മഹുവ ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മഹുവ ഉയർത്തിയ ചോദ്യങ്ങൾ ഒമ്പതെണ്ണമാണ്. ഈ ഒൻപതിൽ അഞ്ച് ചോദ്യങ്ങൾ അദാനിയുടെ വിവാദമായ ധമ്ര ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസ് ടെർമിനലിനെ സംബന്ധിച്ചാണ്. ഒഡിഷ തീരത്താണ് ഈ ഗ്യാസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. ബാക്കി നാലെണ്ണം ആന്ധ്രാപ്രദേശിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള ഗംഗാവരം തുറമുഖം, പാർസ ഈസ്റ്റ്, കെന്റെ ബേസിൻ ഖനികളുടെ പുനർവിന്യാസം, അദാനിയുടെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ, ആറ് വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറൽ എന്നിവയെക്കുറിച്ചായിരുന്നു.
എന്താണ് മഹുവ പാർലമെൻറിൽ ചോദിച്ച ചോദ്യങ്ങൾ? അവ പാർലമെന്ററി നിയമങ്ങളുടെ ലംഘനമാവുന്നതെങ്ങെനെ ?
പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ നിയോജക മണ്ഡലത്തിൽനിന്നുള്ള തൃണമൂൽ എംപിയായ മഹുവ മൊയ്ത്ര 62 ചോദ്യങ്ങളാണ് ലോക്‌സഭയിൽ ഉയർത്തിയത്. പെട്രോളിയം, കൃഷി, ഷിപ്പിങ്, സിവിൽ ഏവിയേഷൻ, റെയിൽവേ, കൽക്കരി തുടങ്ങി എട്ട് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ധനകാര്യവുമായി ബന്ധപ്പെട്ട് മഹുവ എട്ട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.
ധമ്ര തുറമുഖം സംബന്ധിച്ച ചോദ്യങ്ങൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഒഡിഷയിലെ പാരാദീപ് തുറമുഖത്തെ സംഭരണപദ്ധതി ഉപേക്ഷിച്ചോ എന്നതിന്റെ വിശദാംശങ്ങൾ ചോദിച്ച് പെട്രോളിയം മന്ത്രാലയത്തിലേക്കായിരുന്നു എം പിയെന്ന നിലയിൽ മൊയ്ത്രയുടെ ആദ്യ ചോദ്യം. അതേ ചോദ്യത്തിൽ, ധമ്ര തുറമുഖത്തിന്റെ 11 ശതമാനവും 38 ശതമാനവും ഓഹരികൾ ഏറ്റെടുക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ഗെയിലും ഒരു സ്വകാര്യ സ്ഥാപനവുമായി കരാർ ഒപ്പിട്ടിട്ടുണ്ടോയെന്നും മഹുവ ചോദിച്ചു. 2019 ലും അദാനിയുടെ ഗ്യാസ് ടെർമിനലുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ മഹുവ പാർലമെൻറിൽ ഉന്നയിച്ചിട്ടുണ്ട്.
ഐഒസിഎഎൽ അല്ലെങ്കിൽ ഗെയിൽ ധമ്ര ഗ്യാസ് ടെർമിനലുമായി പ്രതിവർഷം 45 ലക്ഷം ടൺ ടോളിങ്ങിന്റെ കരാർ 2020 മാർച്ചിൽ ഒപ്പിട്ടിട്ടുണ്ടോയെന്ന് മഹുവ ചോദിച്ചിരുന്നു. ഈ വർഷം മാർച്ചിലും അദാനിയുടെ ധമ്ര എൽഎൻജി ടെർമിനലിനെക്കുുറിച്ച് മൊയ്ത്ര ചോദ്യങ്ങൾ ഉയർത്തി. ഗെയിൽ-പാരദീപ് പോർട്ട് ട്രസ്റ്റ് ഇടപാടിനെക്കുറിച്ചുള്ള മൊയ്ത്രയുടെ ചോദ്യം, കോണ്ടായി-ദത്തപുലിയ-ജജ്പൂർ-ധമ്ര-കട്ടക്ക്-പാരദീപ് പ്രകൃതി വാതക പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള ഹിരാനന്ദാനി ഗ്രൂപ്പിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മഹുവയ്‌ക്കെതിരെ ജയ് അനന്ത് ദേഹാദ്രായി സിബിഐക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഈ ചോദ്യങ്ങൾ നേരിട്ട് അദാനിയെ ലക്ഷ്യം വെക്കുന്നതാണെന്നാണ് പ്രധാന ആരോപണം.
ധമ്ര എൽഎൻജി ടെർമിനലുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾക്ക് പുറമേ അദാനിയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും മഹുവ ചോദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗംഗാവരം തുറമുഖം, ആറ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറൽ എന്നീ വിഷയങ്ങൾ സംബന്ധിച്ചാണ് ഇവ.
അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരി കൈവശമുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ വിശദാംശങ്ങൾ 2021-ൽ മൊയ്‌ത്ര തേടി. സംശയാസ്പദമായ ഇടപാടുകൾക്കായി എഫ്പിഐകളും അദാനി സ്ഥാപനങ്ങളും സെബി, ഐടി, ഇഡി, ഡിആർഐ, എംസിഎ എന്നിവയുടെ അന്വേഷണത്തിലാണോയെന്നും അങ്ങനെയെങ്കിൽ അവയുടെ വിശദാംശങ്ങളും ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങളും വ്യക്തമാക്കാൻ അവർ ആവശ്യപ്പെട്ടു.
അദാനി പോർട്‌സും ഗംഗാവരം തുറമുഖത്ത് പ്രത്യേക സാമ്പത്തിക മേഖല ലിമിറ്റഡും ഉൾപ്പടെയുള്ള ഐഒസിഎല്ലിന്റെ ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ മൊയ്ത്ര തേടിയിരുന്നു. ധാരണാപത്രത്തിന്റെ കാലാവധി, ടേക്ക്-ഓർ-പേ പ്രതിബദ്ധതകൾ, വിലനിർണയ ഘടന, വാർഷിക വോളിയം പ്രതിബദ്ധതകൾ, ചെലവ് വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2021-ൽ, അദാനി ഗ്രൂപ്പ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുണ്ടായ നഷ്ടത്തെക്കുറിച്ചും അവർ ചോദിച്ചു. 2023 ഏപ്രിലിൽ, അദാനി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പാർസ ഈസ്റ്റ് കെന്റെ ബേസിൻ ഖനികളുടെ പുനർവിന്യാസത്തെയും അവർ ചോദ്യം ചെയ്തു. വിദേശ നിക്ഷേപകരെക്കുറിച്ചുള്ള ചോദ്യം ചോദിച്ച അതേ മാസം തന്നെ ഹിരാനന്ദാനിയുടെ സഹായി മൊയ്ത്രയുടെ വസതിയിൽ എത്തി അദാനിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതായി മഹുവയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ പറയുന്നു. വിമാനത്താവളങ്ങൾ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ബാക്കിയായി നവി മുംബൈ എയർപോർട്ട് പ്രോജക്റ്റിനായുള്ള ലേല പ്രക്രിയയിൽനിന്ന് ഹിരാനന്ദാനി ഗ്രൂപ്പും മറ്റ് സ്ഥാപനങ്ങളും പിന്മാറുകയും അത് പിന്നീട് അദാനി ഏറ്റെടുക്കുകയും ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കൊൽക്കത്ത പോർട്ട് ട്രസ്റ്റാണ് ചോദ്യങ്ങളിൽ ആവർത്തിക്കുന്ന മറ്റൊരു വിഷയം. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ചരക്ക് അടിസ്ഥാനത്തിലുള്ള അളവും വരുമാനവും സംബന്ധിച്ച വിശദാംശങ്ങൾ തേടിയുള്ള ചോദ്യങ്ങളും മഹുവ ഉയർത്തിയിട്ടുണ്ട്. 2019 നും 2022 നും ഇടയിൽ, കൊൽക്കത്ത പോർട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾ മൊയ്ത്ര ചോദിച്ചു.
ദുബെയും ദേഹാദ്രായിയും മറ്റ് നിരവധി ചോദ്യങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയും ഹിരാനന്ദാനി ഗ്രൂപ്പ് നിർദേശിച്ചതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ഈ ചോദ്യങ്ങളിൽ പലതിനും അദാനി ഗ്രൂപ്പുമായോ ഹിരാനന്ദാനി ഗ്രൂപ്പുമായോ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത.