സര്‍ക്കാര്‍ കരുണ കാണിച്ച് എന്നെ മോചിപ്പിക്കുകയാണെങ്കില്‍, ഞാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏറ്റവും വിനീതനായ വിധേയനായിരിക്കും. പുരോഗതിക്ക് ഏറ്റവും ഉചിതം ബ്രിട്ടീഷ് സര്‍ക്കാരാണ്. സര്‍ക്കാര്‍ പറയുന്ന ഏത് രീതിയിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. മുടിയനായ പുത്രന് എങ്ങോട്ടാണ് തിരിച്ചുവരാന്‍ കഴിയുക? സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തിലേക്ക് അല്ലാതെ...
1913ല്‍ ആന്‍ഡമാനിലെ ജയിലില്‍ നിന്ന് വി ഡി സവര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച മാപ്പപേക്ഷകളിലൊന്നാണ് ഇത്. ഇത് മാത്രമല്ല, വീണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കത്തയച്ചു. ഒടുവില്‍ വിധേയനായി പ്രവര്‍ത്തിച്ചുകൊളളുമെന്ന ഉറപ്പില്‍ ഹിന്ദുത്വത്തിന്റെ ആചാര്യനായി കരുതപ്പെടുന്ന വി ഡി സവര്‍ക്കറെ ബ്രിട്ടീഷ് സാമ്രാജ്യത്വം പുറത്തുവിട്ടു.
ഇത് ചരിത്ര വസ്തുത
ഇപ്പോള്‍ ഇത് വാര്‍ത്തയാകാന്‍ കാരണം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്. സവര്‍ക്കര്‍ ഗാന്ധിയേയും, നെഹ്റുവിനെയും, പട്ടേലിനെയും മാപ്പപേക്ഷയിലുടെ വഞ്ചിച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. സവര്‍ക്കറുടെ ബന്ധു അദ്ദേഹത്തിനെതിരെ പരാതി നല്‍കി. പോലീസ് കേസെടുക്കുകയും ചെയ്തു. ബിജെപി സ്വാഭാവികമായും രാഹുലിനെതിരെ തിരിയുകയും ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയും ഹിന്ദുത്വവാദി പാര്‍ട്ടിയുമായ ഉദ്ദവ് താക്കറെയുടെ ശിവസേന വിഭാഗവും രാഹുലിനെതിരെ മുന്നറിയിപ്പുമായി വന്നിട്ടുണ്ട്. ഇതുവരെയുള്ള സൂചനകളില്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാട് തിരുത്താന്‍ തയ്യാറായിട്ടില്ല. നേരത്തെ ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ പരാമര്‍ശവും ഹിന്ദുത്വ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു.
എന്താണ് സവര്‍ക്കറെ പറയുമ്പോള്‍ ചിലര്‍ക്ക് ചൊടിക്കുന്നത്?
ഹിന്ദുത്വം എന്ന ആശയം ആദ്യം അവതരിപ്പിച്ച വ്യക്തിയാണ് വി ഡി സവര്‍ക്കര്‍. എസന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെ. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് വിഭാഗങ്ങളാണെന്നും ഒരു രാഷ്ട്രമായി ഇരുവിഭാഗത്തിനും തുടരാന്‍ പറ്റില്ലെന്നും അദ്ദേഹം തുടക്കത്തിലെ നിലപാടെടുത്തു. 1948 ജനുവരി 30ന് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആ കേസില്‍ പ്രതിയായിരുന്നു വി ഡി സവര്‍ക്കര്‍. പിന്നീട് മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. പിന്നീട് ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. ഇങ്ങനെയൊക്കയാണെങ്കിലും സവര്‍ക്കര്‍ ഹിന്ദുത്വത്തിന് പ്രിയപ്പെട്ട ആളാണ്. അതുകൊണ്ടാണ് വാജ്പേയ് സര്‍ക്കാരിന്റെ കാലത്തുതന്നെ സവര്‍ക്കറിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കപെട്ടത്. ഇപ്പോള്‍ ശിവസേന ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് ഭാരത് രത്ന നല്‍കണമെന്നാണ്. അതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ചരിത്ര പുസ്തകം തുറന്നത്. ഈ വിവാദങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സമയത്ത് ഹിന്ദുത്വ ആശയക്കാര്‍ എന്തു ചെയ്യുകയായിരുന്നു എന്നതിലേക്ക് എത്തിയാല്‍ സംഘ്പരിവാര്‍ എന്തൊക്കെ പുതുകഥകളുമായാകും രംഗത്തുവരികയെന്നതാണ് കാണേണ്ടത്.