EXPLAINER

ഇ-റുപ്പി ഇന്നുമുതല്‍; ഡിജിറ്റല്‍ കറന്‍സിയിലൂടെ ലക്ഷ്യമാക്കുന്നതെന്ത്?

ബ്ലോക് ചെയിന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

തുഷാര പ്രമോദ്

രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നാളെ തുടക്കമിടും. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2022 ല്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രധാന നിര്‍ദ്ദേശമായിരുന്നു ഡിജിറ്റല്‍ റുപ്പി. എന്താണ് ഡിജിറ്റല്‍ കറന്‍സി ? ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണം

പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണമാണ് ഡിജിറ്റല്‍ കറന്‍സി. കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സികളാണ് ഇവ. ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ഡിജിറ്റല്‍ കറന്‍സികളുടെ വ്യാപക ഉപയോഗത്തിലേക്ക് നയിച്ചത്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.

ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം ലക്ഷ്യം

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി

റിസര്‍വ് ബാങ്കിനാണ് ഡിജിറ്റല്‍ റുപ്പിയുടെ ഉടമസ്ഥാവകാശം. ഇടപാടുകള്‍ സുഗമമാക്കുക, സുതാര്യമാക്കുക, വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-റുപ്പി ആര്‍ബിഐ അവതരിപ്പിക്കുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുന്നതിന് പിന്നിലുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി എന്നീ ബാങ്കുകളെയാണ് ആദ്യഘട്ടം നടപ്പാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിലൂടെ പ്രവര്‍ത്തനം പിന്നീട് വ്യാപിപ്പിക്കും. ഇതിന് പുറമെ ഡിജിറ്റല്‍ ആസ്തികള്‍ക്ക് മുപ്പത് ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ജനപ്രീതി കറന്‍സി ഇഷ്യൂവറായ ആര്‍ബിഐക്ക് വെല്ലുവിളി ഉയര്‍ത്തിയതും ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി വേഗത്തില്‍ പുറത്തിറക്കാന്‍ കാരണമായി.

സാധാരണ ബാങ്കിടപാടുകളും ഈ ഡിജിറ്റല്‍ കറന്‍സികള്‍ കൊണ്ട് സാധ്യമാകും.

ഡിജിറ്റല്‍ റുപ്പിയുടെ പ്രവര്‍ത്തനം

ബാങ്കുകള്‍ വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സികള്‍ വിതരണം ചെയ്യുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ടാകും ഇടപാടുകള്‍ നടത്തുക. വ്യാജന്മാരെ തടയുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇതില്‍ സാധ്യമാക്കിയിട്ടുണ്ട്. സാധാരണ ബാങ്കിടപാടുകളും ഈ ഡിജിറ്റല്‍ കറന്‍സികള്‍ കൊണ്ട് സാധ്യമാകും. വ്യാപാര്യ സ്ഥാപനങ്ങളിലുള്ള ക്യൂ ആര്‍ കോഡ് വഴി പണം നല്‍കാനാകും.

ക്രിപ്‌റ്റോ കറന്‍സിക്ക് ബദലാണോ ഡിജിറ്റല്‍ റുപ്പി ?

കേന്ദ്ര ബാങ്കിന്റെ ഉത്തരവാദിത്തത്തിലും മേല്‍നോട്ടത്തിലും അച്ചടിച്ച് വിതരണം ചെയ്യുന്ന കറന്‍സിക്ക് പരമാധികാര രാജ്യത്തിന്റെ ഗ്യാരന്റി ഉണ്ട്. ഏത് രൂപത്തിലായാലും അത്തരം കറന്‍സികള്‍ക്ക് അന്തര്‍ലീനമായ ഒരു മൂല്യമുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന തരത്തില്‍ മാത്രമേ സര്‍ക്കാരും റിസര്‍വ് ബാങ്കും കറന്‍സിയുടെ അച്ചടിയും വിതരണവും നടത്തുകയുള്ളു.എന്നാല്‍ ക്രിപ്‌റ്റോ കറന്‍സിക്ക് അന്തര്‍ലീനമായൊരു മൂല്യമില്ല.ഒരു കേന്ദ്രീകൃത അതോറിറ്റിക്കും അതിന്റെ ഇടപാടുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ല.

എന്ത്‌കൊണ്ടാണ് ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിരോധിക്കണനെന്ന് ആവശ്യപ്പെടുന്നത് ?

ഏറ്റവും വേഗത്തിലും സുരക്ഷിതമായും വലിയ ഇടപാടുകള്‍ വരെ നടത്താന്‍ സാധിക്കുന്നവയാണ് ക്രിപ്‌റ്റോ കറന്‍സികള്‍. എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയും അടക്കുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ചൈന ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുകയും ചെയ്തിരുന്നു.

ബ്ലോക് ചെയിന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോക് ചെയിന്‍ ടെക്‌നോളജിയില്‍ ഓരോ യുനിക് ബ്ലോക്കുകളിലായി, നടത്തുന്ന എല്ലാ ഇടപാടുകളും രേഖപ്പെടുത്തുന്നു. അതായത് ഈ ടെക്‌നോളജി ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാപാടുകളെകുറിച്ചുള്ള വിവരങ്ങളും രേഖകളായി ഉണ്ടാകും. ആരാണ് അയച്ചത്, ആര്‍ക്കാണ് അയച്ചത്, എത്ര കറന്‍സി കൈമാറ്റം ചെയ്തു തുടങ്ങിയ വിവരങ്ങളൊക്കെ ഉള്‍പ്പെടും.പക്ഷെ ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തില്‍ ബ്ലോക് ചെയിന്‍ ടെക്‌നോളജി ഉപയോഗിക്കുമ്പോള്‍ അവിടെ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണമില്ല.

ഒരു ഡിസ്ട്രിബ്യൂട്ടെഡ് ട്രസ്റ്റ് പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഒരു നെറ്റുവര്‍ക്കിനകത്ത് ഇടപാട് നടത്തുന്ന എല്ലാവരുടെ കമ്പ്യൂട്ടറിലും ഓരോ ഇടപാടിനെ സംബന്ധിച്ച വിവരങ്ങളും യൂനീക് ബ്ലോക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. മറ്റൊരാള്‍ക്കും ഈ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല.അതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകളില്‍ തട്ടിപ്പ് നടത്താന്‍ സാധ്യമല്ല. ഏതൊരാള്‍ക്കും മറ്റൊരാള്‍ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ പണമയക്കാന്‍ സാധിക്കും. ഒരു സമയത്ത് നടത്തുന്ന ഇടപാടിന്‍റെ പരിധിയോ വലിയ ഇടപാട് ചാര്‍ജുകളോ ഇത്തരം ഇടപാടുകളെ ബാധിക്കില്ല. ഈ സൗകര്യമാണ് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണം. മാത്രമല്ല ക്രിപ്‌റ്റോ കറന്‍സികള്‍ ഡിജിറ്റല്‍ അസറ്റായും ഉപയോഗിക്കപ്പെടുന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ ഡിജിറ്റല്‍ അസറ്റായും ഉപയോഗിക്കപ്പെടുന്നു.

എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ഇന്ത്യയില്‍ പണത്തിന്റെ കേന്ദ്രീകൃത അതോറിറ്റി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇത്തരത്തില്‍ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണം ഡിജിറ്റല്‍ കറന്‍സിക്കുമേല്‍ ഇല്ലാതിരിക്കുമ്പോള്‍ അവ നികുതി വെട്ടിപ്പിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. അതിനാലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ഏറ്റവും വേഗത്തിലും സുരക്ഷിതമായും പണമയക്കാന്‍ സാധിക്കുന്നതടക്കമുള്ള ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ കേന്ദ്രീകൃത അതോറിറ്റിയായ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി അവതരിപ്പിക്കുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍