മൂന്നു രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന പ്രദേശം, മലകളും മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതി, വളരെ കുറച്ചുമാത്രം ജനസംഖ്യ... സവിശേഷതകള്‍ ഏറെയാണ് ബലൂചിസ്താന്. വിഘടനവാദ സംഘടനകളും ഭരണകൂടങ്ങളും തമ്മില്‍ നടക്കുന്ന നിരന്തര ഏറ്റുമുട്ടലുകള്‍ക്കും വരള്‍ച്ച അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കും നടുവില്‍ മൂന്നു രാജ്യങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടി കഴിയുകയാണ് ബലൂച് ജനത. പാകിസ്താന്‍-ഇറാന്‍ ഏറ്റുമുട്ടലാണ് മേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ബലൂചിസ്താന്‍ മേഖലയിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതള്‍ പരിശോധിക്കാം. ഒപ്പം ബലൂച് പോരാട്ടത്തിന് പിന്നിലെ കഥയും...
ക്രിസ്തുവര്‍ഷം 224-നും 651-നും മധ്യേ സസാനിയന്‍ സാമ്രാജ്യത്തിന്റെ കാലത്ത് കാസ്പിയന്‍ കടലിനും വാന്‍ തടാകത്തിനും ഇടയിലുള്ള മേഖലയില്‍ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ബലൂച് ജനതയുടെ പൂര്‍വികര്‍ എന്നാണ് നിലവിലുള്ള ഏറ്റവും വിശ്വാസയോഗ്യമായ കണ്ടെത്തലുകള്‍. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ഇവരെന്ന പ്രചാരണവും ശക്തമാണ്. മൂന്നു രാജ്യങ്ങളിലുമായി 90 ലക്ഷം ബലൂച് ജനങ്ങളുണ്ടെന്നാണ് നിലവിലെ കണക്കുകള്‍. ഭൂരിഭാഗം ബലൂച് ജനതയും സുന്നി മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഹിന്ദു, സിഖ്, വിഭാഗത്തില്‍പ്പെട്ട ചെറു വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു.
ഇന്ത്യയും പാകിസ്താനും വേണ്ട; ഒടുവില്‍ പാകിസ്താനൊപ്പം
ബ്രിട്ടീഷ് യുഗത്തിന് മുന്‍പ് ബലൂചിസ്താന്റെ വലിയൊരു ഭാഗം അവിഭക്ത ഇന്ത്യയിലായിരുന്നു. പടിഞ്ഞാറ് കെര്‍മനും, കിഴക്ക് സിന്ധും, വടക്ക് ഹെല്‍മന്ദ് നദിയും തെക്ക് അറബിക്കടലും അതിര്‍ത്തിയായി ഖാനേറ്റ് ഓഫ് കലാട്ടിന് (Khanate of Kalta) കീഴിലായിരുന്നു ഈ ഭൂപ്രദേശം. വിവിധ ഗോത്രവിഭാഗങ്ങളുടെ ചെറു നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കലാട്ട് ഖാന്‍ ആയിരുന്നു ഏറ്റവും കരുത്തനായ ഭരണാധികാരി. 1876-ല്‍ ഈ ഭൂപ്രദേശം ബ്രിട്ടീഷ് ഇന്ത്യക്ക് കീഴിലായി. സ്വതന്ത്രാനന്തരം പാകിസ്താനും ഇന്ത്യയുമായി വിഭജിക്കപ്പെട്ടപ്പോള്‍ ബലൂചിസ്താന്‍ പാകിസ്താന്റെ ഭാഗമായി.
എന്നാല്‍, സ്വതന്ത്ര രാജ്യമായി നിലനില്‍ക്കണം എന്നായിരുന്നു ഖാന്‍മാരുടെ താത്പര്യം. ബ്രിട്ടീഷ് സര്‍ക്കാരുമായി ഒപ്പുവച്ച നിരവധി കരാറുകള്‍ ആവശ്യം സാധൂകരിക്കാനായി ഇവര്‍ ഉയര്‍ത്തിക്കാട്ടി. പക്ഷേ, ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. അവസാന ഖാന്‍ ആയിരുന്ന അഹമ്മദ് യാര്‍ ഖാന്‍ മുഹമ്മദലി ജിന്നയുടെ അടുത്ത സുഹൃത്തായിരുന്നു. ബലൂചിസ്താന്‍ പിടിച്ചെടുക്കേണ്ടെന്നും കരാറിലൂടെ ലയിപ്പിക്കാമെന്നും ആദ്യം നിലപാടെടുത്ത ഖാന്‍, പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ, ചര്‍ച്ചയ്ക്കായി ജിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഖാനുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും ജിന്ന പ്രഖ്യാപിച്ചു. കൂടാതെ, ബലൂചിസ്താനിലെ മറ്റു നാട്ടുരാജ്യങ്ങള്‍ പാകിസ്താന്‍ യൂണിയനില്‍ ചേരുകയും ചെയ്തു. ഇതോടെ ഖാന്‍ കൂടുതല്‍ ഒറ്റപ്പെട്ടു.
ഇതിനിടെ, കാലാട്ട് ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന വാര്‍ത്ത ആകാശവാണിയിലൂടെ പുറത്തുവന്നു. ഇത് ഖാനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 1948 മാര്‍ച്ച് 27-ന് കാലാട്ട് പാകിസ്താനില്‍ ലയിച്ചു. ഇതോടെ ബലൂചിസ്താന്‍ പാകിസ്താന്റെ ഭാഗമായി. ഇന്ന് പാകിസ്താന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താന്‍. പക്ഷേ, ബലൂചിസ്താന്‍ ഒരിക്കലും പാകിസ്താന്റെ വരുതിയില്‍ നിന്നില്ല. ധാതുക്കളാല്‍ സമ്പന്നമായ തങ്ങളുടെ ഭൂമി പാകിസ്താന് വിട്ടുനല്‍കില്ലെന്ന ഖാന്‍മാരുടെ പഴയ നിലപാട് പൊടിതട്ടിയെടുത്ത് വിഘടനവാദി ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്തു. 1973 മുതല്‍ 1977 വരെയുള്ളള കാലയളവില്‍ ബലൂചിസ്താന്‍ പോരാളികളും പാകിസ്താന്‍ സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു.
ഇറാനിലെ ബലൂചിസ്താന്‍
ബലൂചിസ്താനിലെ മറ്റൊരു വലിയ ഭാഗം സ്ഥിതിചെയ്യുന്നത് ഇറാനിലാണ്. ഇറാനിലെ 31 പ്രവിശ്യകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ പ്രവിശ്യയാണ് സിസ്താന്‍ ബലുചിസ്താന്‍. ഷിയ ഭൂരിപക്ഷ ഇറാനില്‍, സിസ്താന്‍ ബലൂചിസ്താന്‍ മേഖലയില്‍ കൂടുതലുമുള്ളത് സിസ്താനി പേര്‍ഷ്യന്‍ ഗോത്രത്തില്‍പ്പെട്ടവരും സുന്നി മുസ്ലിമുകളുമാണ്. 2004-മുതല്‍ ഇറാനില്‍ നിന്ന് സ്വാതന്ത്രം വേണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്താന്‍ വിഘടനവാദികള്‍ സായുധ പോരാട്ടം നടത്തുന്നുണ്ട്. എന്നിരുന്നാലും പാകിസ്താന്‍ മേഖലയിലേത് പോലെ തീവ്രമായ ഏറ്റുമുട്ടലുകള്‍ ഇറാന്‍ ഭാഗത്തുനടക്കുന്നില്ല. നിലവില്‍ ഇറാന്‍ ആക്രമിച്ച ജെയ്ഷ് അല്‍ അദ്ല്‍ ആണ് പ്രധാന വിഘടനവാദ ശക്തി. ഇറാന്‍ സൈനിക-പോലീസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇവര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഇപ്പോള്‍ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്.
2002-ല്‍ രൂപീകരിച്ച 'ജുന്‍ദല്ല'യാണ് സായുധ നീക്കങ്ങള്‍ വലിയതോതില്‍ വ്യാപിപ്പിച്ചത്. ഇവരുടെ നേതാവ് അബ്ദുള്‍ മാലേക് രിഗിയെ ഇറാന്‍ പിടികൂടുകയും 2010-ല്‍ വധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഈ സംഘടന ഏറെക്കുറെ നിര്‍ജ്ജീവമായി. 2012-ല്‍ ജുംദല്ലയിലെ ഭൂരിപക്ഷം അംഗങ്ങളും ജയ്ഷ് അല്‍ അദലില്‍ ചേര്‍ന്നു. പാക് ബലൂചിസ്താന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സവാവുദീന്‍ ഫാറൂഖി ആണ് ഈ സംഘടനയുടെ നിലവിലെ നേതാവ്.
അഫ്ഗാനിലെ ബലൂചിസ്താന്‍
ബലൂചിസ്താനിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്താനിലാണ്. അഫ്ഗാനിസ്ഥാന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍, മറ്റു രണ്ടു രാജ്യങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങള്‍ കുറവാണ്. വടക്കന്‍ ബലൂചിസ്താന്‍ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. അഫ്ഗാനില്‍ പരിശീലനം ലഭിച്ച ബലൂച് വിഘടനവാദികള്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാകാറുണ്ട്. ഫ്രണ്ടിയര്‍ കോര്‍പ്‌സ് എന്ന വിഘടനവാദി ഗ്രൂപ്പിന് അഫ്ഗാനില്‍ 30 ട്രെയിനിങ് ക്യാമ്പുകളുണ്ടെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ ഇടപെടലുകള്‍
ബലൂചിസ്താന്‍ വിഘടവാദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ടെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ചാര സംഘടന റോയാണ് ഓപ്പറേഷനുകള്‍ക്കു പിന്നില്‍ എന്നും പാകിസ്താന്‍ ആരോപിക്കുന്നു. വിഘടനവാദികള്‍ക്ക് പണവും ആയുധവും എത്തുന്നത് ഇന്ത്യന്‍ ഭാഗത്തുനിന്നാണെന്നും കശ്മീര്‍ വിഷയത്തിന് പകരം പാകിസ്താനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പാകിസ്താന്‍ ആരോപിക്കുന്നു. 2009-ല്‍ കൊല്ലപ്പെട്ട അക്ബര്‍ ബുഗ്തിക്ക് ആയുധ സഹായം നല്‍കിയതു അദ്ദേഹത്തിന്റെ കുടുംബത്തേയും കൂട്ടാളികളേയും സംരക്ഷിച്ചു നിര്‍ത്തിയതും ഇന്ത്യയാണെന്നും ആരോപണമുണ്ട്. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി നേതാക്കള്‍ക്ക് ഇന്ത്യയില്‍ ചികിത്സ നടത്തിയതായി മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയില്‍ അടക്കം പാകിസ്താന്‍ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
2016-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്താനില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി എടുത്തുപറഞ്ഞിരുന്നു. കശ്മീരിലെ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദി ബലൂചിസ്താന്‍ ആയുധമാക്കിയത് എന്നാണ് പാകിസ്താന്‍ ആരോപിച്ചത്.