EXPLAINER

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം: ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

നേരിട്ടുള്ള വിദേശനിക്ഷേപം (എഫ് ഡി ഐ) കണക്കാക്കിയാല്‍ ഇന്ത്യയിലെ നിക്ഷേപത്തിലെ പ്രധാന ഉറവിടമല്ല ഇറാനും ഇസ്രയേലും

വെബ് ഡെസ്ക്

ഗാസയിലെ അധിനിവേശവും കൊടുംക്രൂരതകളും ഒരുഭാഗത്ത് അന്ത്യമില്ലാതെ തുടരുമ്പോഴാണ് പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിനു കൂടി ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇസ്രയേലും ഇറാനും തമ്മില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വലിയ ആശങ്കയാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ വരുത്താനിടയുള്ള പ്രത്യാഘാതം ആഗോളതലത്തിലും ചര്‍ച്ചയാകുന്നുണ്ട്. സംഘര്‍ഷം ആഗോള വ്യവസായ വ്യാപാരമേഖലയ്ക്കു സൃഷ്ടിക്കാവുന്ന പ്രതിസന്ധികളാണ് ഇതില്‍ പ്രധാനം. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇരു രാജ്യങ്ങളുടെയും വ്യാപാര പങ്കാളിയായ ഇന്ത്യയെയും അലട്ടുന്നതാണ്.

ഇന്ത്യയുടെ ആശങ്കള്‍ എന്തൊക്കെ?

ഇസ്രയേലുമായും ഇറാനുമായും വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. 1992ലാണ് ഇസ്രയേലുമായി ഇന്ത്യ നയപരമായ ബന്ധത്തിലേര്‍പ്പെടുന്നത്. അന്നു മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കൂടി വന്നു. 1992ലെ 20 കോടി ഡോളറില്‍നിന്ന് 2022-23ലെത്തുമ്പോള്‍ 1070 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു ആ ബന്ധം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ - ഇസ്രയേല്‍ വാണിജ്യ ഇടപാടില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസം മാത്രം 575 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ 32-ാമത്തെ വലിയ വ്യാപാര പങ്കാളി ഇസ്രയേലായിരുന്നു. അതായത്, ആകെ വ്യാപാരമായ 1167 ബില്യണ്‍ ഡോളറിലെ 0.9 ശതമാനം ഇസ്രയേലുമായിട്ടായിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്രയേലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും ആഗോള തലത്തില്‍ ഏഴാമത്തെ പങ്കാളിയും ഇന്ത്യയാണ്.

ഇന്ത്യയുടെ എട്ടക്ക ഹാര്‍മണൈസ്ഡ് സിസ്റ്റം കോഡ് പ്രകാരം ഡീസല്‍, ഡയമണ്ട്, വ്യോമയാന ടര്‍ബൈന്‍ ഇന്ധനം, റഡാര്‍ ഉപകരണം, ബസ്മതി അരി, ടി ഷര്‍ട്ട്, ഗോതമ്പ് എന്നിവയാണ് ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയും ഇറാനും

2022-23 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ 59-ാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇറാന്‍. 233 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 2021-22 ല്‍ 194 കോടി ഡോളറായിരുന്നു വ്യാപാരം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഇറാനുമായുള്ള വ്യാപാര ബന്ധം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 21.77 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ഉണ്ടായിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസം ഇറാനുമായുള്ള ഉഭയകക്ഷി വ്യാപാരം 152 കോടി ഡോളറാണ്. ചരക്കുകളും ലൈവ് സ്റ്റോക്ക് ഉല്പന്നങ്ങളുമാണ് ഇന്ത്യയില്‍നിന്ന് ഇറാനിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.

ഇന്ത്യയെ ബാധിക്കുമോ?

ഈ കണക്കുകളൊക്കെ പറയുമ്പോഴും നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) കണക്കാക്കിയാല്‍ ഇന്ത്യയിലെ നിക്ഷേപത്തിലെ പ്രധാന ഉറവിടമല്ല ഇറാനും ഇസ്രയേലും. 2000 ഏപ്രിലിനും 2023 ഡിസംബറിനുമിടയില്‍ ആകെ എഫ്ഡിഐയുടെ 0.4 ശതമാനം മാത്രമാണ് ഇസ്രയേലിന്റെ വിഹിതം. ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം പത്തുലക്ഷം ഡോളര്‍ മാത്രമാണ്. എന്നാല്‍ ഇസ്രയേലിലെ ഇന്ത്യന്‍ നിക്ഷേപം ഇതിലും കൂടുതലാണ്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജെി ടി ആര്‍ ഐ) വ്യക്തമാക്കുന്നത്. ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള വ്യാപാരങ്ങളുടെ ഏകദേശം 12 ശതമാനം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ മൂലം പശ്ചിമേഷ്യ-യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി പോലുള്ള പ്രൊജക്ടുകള്‍ പ്രാബല്യത്തില്‍ വരാന്‍ കാലതാമസമെടുക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി