EXPLAINER

സുപ്രീംകോടതി വിധി ക്വീർ സമൂഹത്തിന് നൽകുന്ന പ്രതീക്ഷ എന്ത്‌?

വെബ് ഡെസ്ക്

സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെ എതിർത്ത സുപ്രീംകോടതി വിധി ക്വീർ പങ്കാളികളെ പൂർണമായും നിരാശപ്പെടുത്തേണ്ടതുണ്ടോ? വിവാഹം എന്ന വ്യവസ്ഥയില്‍ തുല്യത ലഭിക്കുന്നില്ലെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ക്വീർ സമൂഹത്തിന് പ്രതീക്ഷ നൽകുന്ന നിരവധി പരാമർശങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

എന്താണ് ഈ വിധി നൽകുന്ന പ്രതീക്ഷ?

സ്വവര്‍ഗ വിവാഹം കോടതി അംഗീകരിക്കാതിരുന്നത്, വിവാഹം എന്ന വ്യവസ്ഥയിൽ തുല്യതയുണ്ടാകണം എന്ന ആശയത്തോട് കോടതിക്ക് എതിർപ്പുണ്ടായിട്ടല്ല, മറിച്ച് നിലനിൽക്കുന്ന നിയമങ്ങൾക്കപ്പുറം കോടതിക്ക് ചലിക്കാൻ സാധിക്കില്ല എന്ന സാങ്കേതികത്വം കാരണമാണ്. നിയമനിർമാണം പാർലമെന്റിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് കോടതി എടുത്ത് പറയാനുള്ള കാരണവും ഇതാണ്.

സ്വവര്‍ഗ വിവാഹം നഗരങ്ങളിലുള്ള ചില വരേണ്യവർഗത്തിന്റെ ആവശ്യമാണ് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാനവാദം. എന്നാൽ ഈ വാദം ചീഫ് ജസ്റ്റിസ് എടുത്ത്പറഞ്ഞ് തള്ളിയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ക്യാബിനറ്റ് സെക്രട്ടറി ഉൾപ്പെടുന്ന പാനൽ ഉണ്ടാക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സേവനങ്ങൾ ലഭിക്കുന്നതിന് ക്വീർ മനുഷ്യർ ബുദ്ധിമുട്ടുന്നുണ്ടെന്നും അത് പാനൽ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

ഹർജിക്കാർക്ക് പറയാനുള്ളത്

സ്വവർഗവിവാഹം കോടതി അംഗീകരിച്ചില്ലെങ്കിലും വിവാഹിതരായ പങ്കാളികൾക്ക് ലഭിക്കുന്ന അവകാശങ്ങളെല്ലാം സ്വവർഗ പങ്കാളികൾക്കും ലഭിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന്‌ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഗീത ലൂത്ര എഎൻഐയോട് പറഞ്ഞു.

ഹർജിക്കാരിൽ ഒരാളായ ക്വീർ ആക്ടിവിസ്റ്റ് ഹരീഷ് അയ്യർ കോടതി നിരീക്ഷണങ്ങൾ ക്വീർ സമൂഹത്തിനനുകൂലമായാണ് വിലയിരുത്തുന്നത്. "ഈ വിധി അതിന്റെ അവസാനത്തിൽ ഞങ്ങൾക്കനുകൂലമല്ലെങ്കിലും, ഒരുപാട് നിരീക്ഷണങ്ങൾ ഞങ്ങൾക്കനുകൂലമായിട്ടുണ്ട്. മാത്രമല്ല, കേന്ദ്ര സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും, എംപിമാരെയും എംഎൽഎമാരെയും കണ്ട് ഞങ്ങളുടെ കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. സമയമെടുക്കുമെങ്കിലും സാമൂഹികമായ തുല്യത ഉറപ്പുവരുതുമെന്നും സോളിസിറ്റർ ജനറൽ തന്നെ പറയുന്നതായി ഹരീഷ് എഎൻഐയോട് പറഞ്ഞു.

കാലതാമസം ഒരു പ്രശ്നം

കേന്ദ്രസർക്കാർ സ്വവർഗ പങ്കാളികളുടെ പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയമിക്കാൻ മെയ് മാസം തീരുമാനമെടുത്തിരുന്നെങ്കിലും അതിനു ശേഷം കാര്യമായ പുരോഗതിയൊന്നും അതിനുണ്ടായില്ല. സ്വവർഗ പങ്കാളികളുടെ പ്രശ്നം ഒരു തിരഞ്ഞെടുപ്പ് വിഷയമല്ല. എന്നാൽ ക്വീർ സമൂഹത്തിനനുകൂലമായി എന്തെങ്കിലും നീക്കം സർക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ ഭാഗത്ത് നിന്നുണ്ടായാൽ അതിനു തിരഞ്ഞെടുപ്പിൽ ആ പാർട്ടി വലിയ വില നൽകേണ്ടി വന്നേക്കും. മത സംഘടനകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

2024 ൽ രാജ്യം തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന സാഹചര്യത്തിൽ സ്വവർഗ പങ്കാളികളുടെ പ്രശ്നങ്ങൾ ഏതെങ്കിലും രാഷ്ട്രീയപാർട്ടി ഒരു പ്രധാന വിഷയമായി കാണാൻ സാധ്യതയില്ല, പ്രത്യേകിച്ച് ബിജെപി. രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങളുണ്ടാകാൻ സാധ്യതയുണ്ടാകുന്നതുകൊണ്ടു തന്നെ കോൺഗ്രസുൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയപാർട്ടികളും ഈ വിഷയം ഉയർത്തിപ്പിടിക്കാൻ സാധ്യതയില്ല.

കോടതി നടത്തിയ പ്രധാന നിരീക്ഷണങ്ങൾ

രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതിനെ അവരുടെ ലൈംഗികതയുമായി ബന്ധപ്പെടുത്തി മുടക്കാൻ കഴിയില്ലെന്നാണ് കോടതി എടുത്ത് പറയുന്നകാര്യം. സ്വവർഗ വിവാഹം സാധ്യമാക്കാൻ സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ലാത്തതിനാൽ അതിൽ നിലപാടെടുക്കേണ്ടത് പാർലമെന്റാണ് എന്ന് പറയുന്നിടത്ത് നിയമനിർമാണത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അടിവരയിടുന്നു. സ്വവർഗ വിവാഹത്തെ കോടതിക്ക് അംഗീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം തീർത്തും സാങ്കേതികമാണെന്ന് ഇതിൽനിന്ന് മനസിലാക്കാം.

ഹിന്ദു മാര്യേജ് ആക്ടിലും ഫോറിൻ മാര്യേജ് ആക്ടിലും സ്പെഷ്യൽ മാര്യേജ് ആക്റ്റിലുമുള്ള നിരവധി പ്രശ്നങ്ങളും ക്വീർ വിരുദ്ധതയും ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും വ്യക്തി നിയമങ്ങളിലേക്ക് കടക്കില്ലെന്നും സ്പെഷ്യൽ മാര്യേജ് ആക്ട് മാത്രമേ പരിശോധിക്കൂവെന്നും കോടതി മറുപടി നൽകി. മറ്റ് ജഡ്ജിമാർ വിയോജിച്ചെങ്കിലും സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അത് മാത്രമല്ല ഹെറ്ററോസെക്ഷ്വൽ ആയ മാതാപിതാക്കൾ മാത്രമാണ് മികച്ച രക്ഷിതാക്കളെന്ന് പറയാൻ കഴിയില്ലെന്നും ഉറപ്പിച്ച് പറയുന്നു.

ക്വീർ വ്യക്തികൾ യാതൊരു വിധത്തിലുള്ള വിവേചനങ്ങളും നേരിടുന്നില്ല എന്നുറപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകുകയും ചെയ്തു. ചീഫ് ജസ്റ്റിസിനെ പിന്തുണച്ചുകൊണ്ട് ജസ്റ്റിസ് എസ് കെ കൗൾ സ്വവർഗ പ്രണയങ്ങളും അല്ലാത്ത പ്രണയങ്ങളും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി കാണണം. ചരിത്രപരമായ ഒരു അനീതി തിരുത്താനുള്ള അവസരമായി ഇതിനെ കാണണമെന്നും അത്തരം ഒത്തുചേരലുകൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ മാര്യേജ് ആക്ടിന് ഒരു ജൻഡർ ന്യുട്രൽ വ്യാഖ്യാനം നൽകുന്നത് സ്ത്രീകളെ ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ അത്തരത്തിലൊരു വ്യാഖ്യാനത്തിലേക്ക് പോകുന്നത് അപകടം ചെയ്യുമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. സ്വവർഗ പങ്കാളികളുടെ ദത്തവകാശത്തെ എതിർത്ത ജസ്റ്റിസ് ഭട്ട്, സ്വവർഗ പങ്കാളികൾ നല്ല രക്ഷിതാക്കളാകില്ലേ എന്നതല്ല ഇവിടെ വിഷയം, സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 57 പ്രകാരം കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്ന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണെന്നും പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും