EXPLAINER

ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

വെബ് ഡെസ്ക്

2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ശ്രീലങ്കൻ ജനത നാളെ പുതിയ ഭരണാധികാരിയെ തിരിഞ്ഞെടുക്കുകയാണ്. 'ജനകീയ പ്രതിഷേധം' എന്നർത്ഥം വരുന്ന 'ജനത അരഗളായ' മുന്നേറ്റത്തിലൂടെ അധികാരം കയ്യടക്കി വച്ചിരുന്ന രാജപക്സെയുടെ കുടുംബാധിപത്യത്തിനായിരുന്നു ലങ്കൻ ജനത വലിയ ജനകീയ മുന്നേറ്റത്തിലൂടെ അവസാനം കുറിച്ചത്. അതിനുശേഷം റനിൽ വിക്രമസിംഗെ രാജ്യാധികാരം ഏറ്റെടുത്തു. അതിന് ശേഷമാണ് ഇപ്പോൾ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ നാളെ (സെപറ്റംബർ 21) നടക്കുന്ന വോട്ടെടുപ്പ്, ദ്വീപുരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

1948ലെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ശ്രീലങ്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു 2022-ലേത്. രാജ്യത്തിന്റെ മുഴുവൻ ഭരണസംവിധാനത്തിന്റെയും പൊളിച്ചെഴുത്തായിരുന്നു അതിലൂടെ ജനങ്ങൾക്ക് വേണ്ടിയിരുന്നത്. ഭക്ഷണത്തിനും ഇന്ധനത്തിനുമെല്ലാം വരിനിൽക്കേണ്ടി വന്ന അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ ജനങ്ങൾ കയ്യേറുന്നത് ലോകം കണ്ടു. ഗൊതബായ രജപക്‌സെ രാജ്യം വിട്ടശേഷം പാർലമെന്റിനുള്ളിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് റെനിൽ വിക്രമസിംഗെ ദ്വീപുരാഷ്ട്രത്തിന്റെ പ്രസിഡന്റാകുന്നത്. അതായത് പ്രക്ഷോഭത്തിന് ശേഷം ജനങ്ങൾക്ക് സ്വയം തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാൻ ലഭിക്കുന്ന ആദ്യ അവസരമാണ് നാളത്തേതെന്നു ചുരുക്കം.

ജനത അരഗളായ

നേരത്തെ, ശ്രീലങ്കൻ തിരഞ്ഞെടുപ്പുകൾ രണ്ട് പാർട്ടികൾ തമ്മിലുണ്ടായിരുന്ന പോരാട്ടമായിരുനെങ്കിൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. രാജ്യത്തെ രണ്ട് പരമ്പരാഗത പാർട്ടികളായ മധ്യ-ഇടതുപക്ഷ ശ്രീലങ്കൻ ഫ്രീഡം പാർട്ടി (എസ്എൽഎഫ് പി )യും മധ്യ-വലതുപക്ഷ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി)യും ഇത്തവണ നിഷ്പ്രഭരാണ്. സ്വതന്ത്രനായി മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവും സാമാജി ജന ബലവെഗായ പാർട്ടി മേധാവിയുമായ സജിത്ത് പ്രേമദാസ, നാഷണൽ പീപ്പിൾസ് പവർ മുന്നണി നേതാവ് അനുര കുമാര ദിസനായകെ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം.

ഇന്ത്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പ്രിയങ്കരനായ വിക്രമസിംഗെ, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രകടനവും തന്നെ ജനപ്രിയനാക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നെങ്കിലും സർവേ ഫലങ്ങൾ മറിച്ചാണ്

റെനിൽ വിക്രമസിംഗെ

നിലവിലെ ശ്രീലങ്കൻ തിരഞ്ഞെടുപ്പിൽ ആകെമൊത്തം 38 സ്ഥാനാർത്ഥികളുണ്ടെങ്കിലും പോരാട്ടം മേല്പറഞ്ഞ മൂന്ന് പേർ തമ്മിലാണ്. കഴിഞ്ഞ രണ്ട് വർഷമായി രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരമുനയുടെ പിന്തുണ റെനിൽ വിക്രമസിംഗെയ്ക്കുണ്ട്. ഒപ്പം മധ്യ-വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് കൂടിയാണ് വിക്രമസിംഗെ. പക്ഷേ ഇത്തവണ സ്വതന്ത്രനായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

റെനിൽ വിക്രമസിംഗെ

'ജനത അരഗളായ' മുന്നേറ്റത്തിന് ശേഷം ശ്രീലങ്കയുടെ അധികാരമേറ്റെടുത്ത വിക്രമസിംഗെ, ദ്വീപുരാഷ്ട്രത്തിന് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ നേതൃത്വം വഹിച്ചുവെന്ന വാദമുന്നയിച്ചാണ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ സ്ഥിരതയാണ് പ്രധാന മുദ്രാവാക്യം. പാപ്പരത്വത്തിന്റെ വക്കിൽനിന്ന് കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കൈപിടിച്ചുയർത്തിയതിന്റെ ക്രെഡിറ്റും വിക്രമസിംഗെ അവകാശപ്പെടുന്നുണ്ട്. ആറുതവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ വിക്രമസിംഗെ പക്ഷേ നിരവധി വിമർശനങ്ങളും നേരിടുന്നുണ്ട്.

ഇന്ത്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പ്രിയങ്കരനായ വിക്രമസിംഗെ, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രകടനവും തന്നെ ജനപ്രിയനാക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നെങ്കിലും സർവേ ഫലങ്ങൾ മറിച്ചാണ്. 290 കോടി ഡോളറിന്റെ ഐഎംഎഫ് വായ്പയെടുത്ത് ലങ്കൻ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ചുവെന്ന് പറയാമെങ്കിലും ലോകബാങ്കിന്റെ കണക്കനുസരിച്ച്, വേതനം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ വളരെ താഴെയാണ്. കൂടാതെ ദാരിദ്ര്യത്തിന്റെ തോതും ഇരട്ടിയായി. അസമത്വവും വർധിച്ചു. ഇതൊക്കെ വിക്രമസിംഗെയ്ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സജിത്ത് പ്രേമദാസ

സജിത്ത് പ്രേമദാസ

ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടി സാമാജി ജന ബലവെഗായുടെ നേതാവാണ് സജിത് പ്രേമദാസ. 30 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കൻ പ്രസിഡന്റ് പദവിയിലിരിക്കെ കൊല്ലപ്പെട്ട രണസിംഗെ പ്രേമദാസയുടെ മകൻ. തന്റെ അച്ഛന്റെ പേരിൽ കൂടിയാണ് വോട്ടഭ്യർത്ഥന നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഏറ്റവുമധികം ജയസാധ്യത കല്പിക്കപ്പെട്ട നേതാവാണ് അദ്ദേഹം.

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും പ്രധാനമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ശ്രീലങ്കയിലും ഇന്ത്യയോട് അടുപ്പം കാണിക്കുന്ന ഒരു സർക്കാർ രൂപികരിക്കപ്പെട്ടില്ലെങ്കിൽ അത് മേഖലയിൽ ചൈനീസ് സ്വാധീനം വർധിപ്പിക്കുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്

ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ് സജിത് പ്രേമദാസയുടെ പിൻബലം. പ്രധാന മുസ്ലീം പാർട്ടികളും തമിഴ് രാഷ്ട്രീയ പാർട്ടിയായ ഇലങ്കൈ തമിഴ് അരസിന്റെയും (ഐടിഎകെ) പിന്തുണയും സജിത് ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്, മുസ്ലീം ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു ശതമാനം അദ്ദേഹത്തിന് അവകാശപ്പെടാനുണ്ടെങ്കിലും സിംഹള മേഖലകളിലെ വോട്ടാകും ജയപരാജയങ്ങൾ തീരുമാനിക്കുക. ഒപ്പം ന്യൂനപക്ഷ വോട്ടുകൾ മുൻപെങ്ങുമില്ലാത്ത തരത്തിൽ ഇത്തവണ വിഘടിച്ച് നിൽക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സ്വതന്ത്ര വിപണി നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സജിത്ത് പ്രേമദാസ, 2020 വരെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി അംഗമായിരുന്നു. പിന്നീടാണ് വേർപിരിയുകയും സാമാജി ജന ബലവെഗായ പാർട്ടി രൂപീകരിക്കുന്നതും. മധ്യ-ഇടതുപക്ഷ ചായ്വുള്ള സജിത്ത് പ്രേമദാസയുടെ പാർട്ടി, ഐഎംഎഫിന്റെ വായ്പ ഉപാധികൾക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഒപ്പം, ജീവിതച്ചെലവ് കുറയ്ക്കുന്നതിന് നികുതിയിൽ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികളും അദ്ദേഹം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

അനുര കുമാര ദിസനായകെ

അനുര കുമാര ദിസനായകെ

നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിലെ പ്രധാന പാർട്ടി ജനത വിമുക്തി പെരുമന നേതാവാണ് അനുര കുമാര ദിസനായകെ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച നേതാവ്. ചൈനയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ദിസനായകയുമായി ഇന്ത്യ അടുത്തിടെ സൗഹൃദം സ്ഥാപിച്ചതും ഈ മുന്നേറ്റം മനസ്സിൽ വച്ചുകൊണ്ടാകണം. അത്രയ്ക്ക് സാധ്യതയാണ് ദിസനായകെയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രവചിക്കപ്പെടുന്നത്.

അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം അധികാരം കൈയാളിയ രാജ്യത്തിന്റെ രാഷ്ട്രീയ വരേണ്യവർഗമാണ് ലങ്കയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രധാനവാദം. തന്റെ നേതൃത്വത്തിൽ ലങ്ക അഭിവൃദ്ധി പ്രാപിക്കുമെന്ന പ്രതീക്ഷയാണ് പ്രധാനമായും ദിസനായകെ വോട്ടർമാർക്ക് നൽകുന്നത്.

ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്‌സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്. അരഗളായ മുന്നേറ്റത്തിന്റെ നേതൃത്വം ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും അവകാശപ്പെടുന്നില്ലെങ്കിലും, പൊതു പണിമുടക്കുകൾ സംഘടിപ്പിച്ചും ദിവസേന പ്രതിഷേധങ്ങൾ നടത്തി ജെവിപി സജീവ പങ്ക് വഹിച്ചിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

1989ലെ കലാപം

1971 ലും പിന്നീട് 1980കളുടെ അവസാനത്തിലും ജെവിപി നേതൃത്വം നൽകിയ സായുധ കലാപങ്ങൾ ജെ.ആർ. ജയവർദ്ധനെയുടെയും ആർ. പ്രേമദാസയുടെയും ഭരണത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്. സിംഹള വംശീയതയെ കൂട്ടുപിടിച്ച് തമിഴ് ജനതയ്ക്കെതിരായി ആ കലാപങ്ങൾ അക്കാലത്ത് വഴിമാറിയിരുന്നു.

കലാപങ്ങൾക്ക് നേതൃത്വം നൽകിയ കലുഷിതമായ ഭൂതകാലത്തിൽനിന്ന് എല്ലാത്തരത്തിലും മാറിനിൽക്കാനാണ് ദിസനായകെ ശ്രമിക്കുന്നത്. പ്രസിഡന്റിന്റെ ശക്തമായ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ നിർത്തലാക്കുമെന്നും ഐഎംഎഫ് സാമ്പത്തിക വായ്പയുടെ നിബന്ധനകൾ പുനരാലോചിക്കുമെന്നും ദിസനായകെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തിടെ നടത്തിയ സർവേകളിലെല്ലാം ഏറ്റവുമധികം ജനപ്രിയനായ സ്ഥാനാർത്ഥിയാണ് ദിസനായകെ. ശ്രീലങ്കയ്‌ക്കൊരു മാർക്‌സിസ്റ്റ് പ്രസിഡന്റ് ഉണ്ടാകുമെന്ന പ്രതീതിയും ശക്തമാണ്.

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും പ്രധാനമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ശ്രീലങ്കയിലും ഇന്ത്യയോട് അടുപ്പം കാണിക്കുന്ന ഒരു സർക്കാർ രൂപികരിക്കപ്പെട്ടില്ലെങ്കിൽ അത് മേഖലയിൽ ചൈനീസ് സ്വാധീനം വർധിപ്പിക്കുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. എന്തായാലും ഈ മേഖലയ്ക്ക് തന്നെ പ്രധാനപ്പെട്ട വോട്ടെടുപ്പാണ് ശ്രീലങ്കയിൽ നടക്കുന്നത്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം