കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയത് യുഎന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട ഒരു വനിതയെക്കുറിച്ചാണ്. കാവി വസ്ത്രം ധരിച്ച് നെറ്റിയില്‍ നീണ്ട കുറിയുമായി പ്രത്യേക രീതിയിലുള്ള ശിരോവസ്ത്രവും കഴുത്തില്‍ രുദ്രാക്ഷമാലയും ധരിച്ച ആ വനിതയെത്തിയത് ഒരു രാജ്യത്തിന്റെ പ്രതിനിധിയായിരുന്നു.' യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ' യുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ.
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ സ്ഥാപിച്ച കൈലാസം രാജ്യത്തിന്റെ പ്രതിനിധിയായാണ് മാ വിജയപ്രിയ നിത്യാനന്ദ യു എന്നിന്റെ വേദിയിലെത്തിയത്. ബലാത്സംഗമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായ പിടി കിട്ടാപ്പുള്ളിയുടെ സാങ്കല്‍പ്പിക ഹിന്ദുരാജ്യത്തിന്റെ പ്രതിനിധി എങ്ങനെയാണ് യുഎന്‍ വേദിയിലെത്തിയത്. ആരാണ് മാ വിജയപ്രിയ നിത്യാനന്ദ.
അമേരിക്കയിലെ വാഷിങ്ടണ്‍ ടണ്‍ സിറ്റിയില്‍ സ്ഥിരതാമസക്കാരിയാണ് വിജയപ്രിയ നിത്യാനന്ദ എന്നാണ് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അവര്‍ അവകാശപ്പെടുന്നത്. 2014 ല്‍ കനേഡിയില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മൈക്രോബയോളജിയില്‍ ബിരുദം നേടിയ വിജയപ്രിയ തനിക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ക്രിയോള്‍, പിജിന്‍സ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ടെന്നും അവകാശപ്പെടുന്നു. മികച്ച അക്കാദമിക് പ്രകടനത്തിന് ഡീനിന്റെ ബഹുമതി. 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട ഒരു പട്ടിക തന്നെയുണ്ട് വിജയപ്രിയയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍. നിലവില്‍ അവര്‍ കൈലാസം രാജ്യത്തിന്റെ നയതന്ത്രജ്ഞയാണെന്നും അവകാശപ്പെടുന്നുണ്ട്.
ഐക്യരാഷ്ട്രസഭാ യോഗത്തിനിടെ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളെ കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെന്നാണ് കൈലാസയുടെ വെബ്സൈറ്റിലും പറയുന്നത്. കൈലാസത്തിന് വേണ്ടി അന്താരാഷ്ട്ര സംഘടനകളുമായി കരാറുകള്‍ക്ക് നേതൃത്വം നല്‍കുകയാണ് വിജയപ്രിയയെന്നും വെബ്സൈറ്റില്‍ സൂചനയുണ്ട്. ഒപ്പം പങ്കുവെച്ച ഒരു വീഡിയോയില്‍ അമേരിക്കല്‍ ഉദ്യോഗസ്ഥരുമായി ചില പേപ്പറുകളില്‍ വിജയപ്രിയ ഒപ്പു വെക്കുന്നതും കാണാമായിരുന്നു. 150 ഓളം രാജ്യത്ത് കൈലാസത്തിന് സ്വന്തമായി എംബസിയും എന്‍ജിയോകളുമുണ്ടെന്ന് അവകാശപ്പെടുന്ന വിജയപ്രിയ, നിത്യാനന്ദയെ തന്റെ ജീവിതത്തിന്റെ ഉറവിടം എന്നാണ് വിശേഷിപ്പിച്ചത്.
ഹിന്ദുമതത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രം സ്ഥാപിച്ച നിത്യാനന്ദ പരമശിവത്തെ അദ്ദേഹത്തിന്റെ മാതൃരാജ്യത്തില്‍ നിന്നും നാടു കടത്തി. അദ്ദേഹത്തെ നിരന്തരം വേട്ടായാടുകയാണ്. ഹിന്ദു സമൂഹത്തിന്റെ പരമോന്നത മഹാഗുരുവായ നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷത്തോളം ഹിന്ദുക്കള്‍ക്കും നേരെയുള്ള പീഡനം തടയാന്‍ അന്തര്‍ദേശീയ തലത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കും. ഇതായിരുന്നു യുഎന്നില്‍ വിജയപ്രിയ ഉന്നയിച്ച ചോദ്യം.
ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളാണ് നിത്യാനന്ദയെന്ന ആള്‍ദൈവത്തിന്റെ പേരിലുള്ളത്. 4 ലക്ഷം ഡോളറിന്റെ തട്ടിപ്പിന് ഫ്രഞ്ച് പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ സാങ്കല്‍പ്പിക രാജ്യത്തിന്റെ പ്രതിനിധിക്ക് എങ്ങനെയാണ് യുഎന്‍ വേദിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
യുഎന്നിലെ ഇക്കണോമിക്, സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് വിജയപ്രിയ സംസാരിച്ചത്. ഈ കമ്മിറ്റി യുഎന്നിന്റെ ജനറല്‍ അസംബ്ലിയോ സെക്യൂരിറ്റി കൗണ്‍സിലോ പോലെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒന്നല്ല. പകരം 18 ഇന്‍ഡിപെന്‍ഡന്റ് എക്സ്പര്‍ട്ടുകളാണ് ഈ കമ്മിറ്റിയില്‍ ഉള്ളത്. ഇവിടെ നടക്കുന്ന ചര്‍ച്ചയില്‍, താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്നാണ് യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഹൈക്കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കുന്നത്.
വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് പരിശോധക്കുക. പരാതികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ദൗത്യങ്ങള്‍. ഈ കമ്മിറ്റിക്ക് മുന്നിലാണ് നിത്യാനന്ദയെയും അനുയായികളെയും ഇന്ത്യ നിരന്തരം വേട്ടയാടുകയാണെന്ന് വിജയപ്രിയ പരാതി ഉന്നയിച്ചത്.
ഇവിടെ സംസാരിച്ചതു കൊണ്ട് നിത്യാന്ദയുടെ കൈലാസമെന്ന രാജ്യത്തെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചെന്ന് പറയാനും സാധിക്കില്ല. മാത്രമല്ല, ഒരു സാങ്കല്‍പ്പിക രാജ്യത്തെ പ്രതിനിധികള്‍ നടത്തിയ പ്രസ്താവനയെ അവഗണിക്കുന്നുവെന്നാണ് യുഎന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. അവരുടെ വാദങ്ങള്‍ അപ്രസക്തവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതാണെന്നും യുഎന്‍ പ്രതിനിധി വ്യക്തമാക്കിക്കഴിഞ്ഞു. ഏതായാലും ഒരിടവേളയ്ക്ക് ശേഷം നിത്യാനന്ദയും കൈലാസമെന്ന രാജ്യവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.