EXPLAINER

ലോകത്ത് ഇന്റർനെറ്റ് എത്തിക്കുന്ന ആഴക്കടൽ കേബിളുകൾ

ഈ കേബിളുകള്‍ക്കുള്ളില്‍, മനുഷ്യരോമം പോലെ നേര്‍ത്ത, ആയിരക്കണക്കിന് മൈലുകള്‍ നീളമുള്ള, ഏതാണ്ട് പ്രകാശവേഗതയില്‍ ചിത്രങ്ങളും ശബ്ദങ്ങളും കൈമാറുന്ന ഗ്ലാസ് ഫൈബറിന്റെ ഇഴകളുണ്ട്

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം ഒരൊന്നര മണിക്കൂര്‍ നേരത്തേക്ക് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇല്ലാതെ വന്നപ്പോള്‍ നമ്മളെന്ത് മാത്രം പരിഭ്രാന്തരായി? അങ്ങനെ എങ്കില്‍ പെട്ടെന്നൊരു ദിവസം രാവിലെ നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ പൂര്‍ണമായി ഇല്ലാതായാലോ ? അത്തരം ഒരു സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ലോകത്താകമാനം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്തയായിരുന്നു ഇതിന് കാരണം. ചെങ്കടലിലൂടെ കടന്നുപോകുന്ന ആഴക്കടല്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നതായിരുന്നു അത്.

ലോക രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഈ കേബിളുകള്‍ക്കുള്ള പ്രാധാന്യം പലര്‍ക്കും അറിയാന്‍ വഴിയില്ല. ആഴക്കടലിലൂടെയുള്ള ഈ കേബിളുകളാണ് ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന അദൃശ്യ ശക്തി. ഇതിനുണ്ടാകുന്ന കേടുപാടുകള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ പൂര്‍ണമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

എന്തിനാണ് ഈ കേബിളുകള്‍ ?

ആശയവിനിമയം ആണിതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ടെലികമ്മ്യൂണിക്കേഷന്‍ സിഗ്‌നലുകളും സന്ദേശങ്ങളും ഈ കേബിളുകളിലൂടെ പ്രകാശത്തിന്റെ വേഗതയില്‍ സമുദ്രങ്ങള്‍ താണ്ടുന്നു. ലോക രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് എല്ലായിടത്തും ഇത്തരം കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 380 കേബിളുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ നീളം 1.2 ദശലക്ഷം കിലോമീറ്ററിലധികം. ഈ ദൂരം വെച്ച് ചന്ദ്രനില്‍ പോയി നമുക്ക് മടങ്ങിയെത്താം.

ഭൂഖണ്ഡാന്തര ഇലക്ട്രോണിക് ആശയവിനിമയങ്ങളില്‍ 97 ശതമാനവും സമുദ്രത്തിനടിയിലൂടെയുള്ള ഈ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ എന്നിവയെല്ലാം ഈ കേബിളുകള്‍ക്കായി ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആഗോള ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വളരെ നിര്‍ണായകമായ പങ്കാണ് ഈ കേബിളുകള്‍ വഹിക്കുന്നതെന്ന് നിസംശയം പറയാം. ഈ കേബിളുകള്‍ക്കുള്ളില്‍, മനുഷ്യരോമം പോലെ നേര്‍ത്ത, ആയിരക്കണക്കിന് മൈലുകള്‍ നീളമുള്ള, ഏതാണ്ട് പ്രകാശവേഗതയില്‍ ചിത്രങ്ങളും ശബ്ദങ്ങളും കൈമാറുന്ന ഗ്ലാസ് ഫൈബറിന്റെ ഇഴകളുണ്ട്.

ആരുടെ ഉടമസ്ഥതയിലാണ് ഈ കേബിളുകള്‍ ഉണ്ടാവുക ?

ലോകത്തിലെ മിക്കവാറും എല്ലാ കടലിനടിയിലെ കേബിളുകളും സ്വകാര്യ കമ്പനികളുടെ - ടെലികോം ഓപ്പറേറ്റര്‍മാരുടെയോ നിക്ഷേപകരുടേതോ ആണ്. ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ ഉള്ളത് ഏകദേശം ഒരു ശതമാനം മാത്രമാണ്.

ഈ കേബിളുകള്‍ മുറിച്ചാല്‍ എന്ത് സംഭവിക്കും ?

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ ആഗോള ആശയവിനിമയം തടസപ്പെടും. കഴിഞ്ഞ ദിവസം ചെങ്കടലില്‍ നാല് കേബിളുകള്‍ക്ക് സംഭവിച്ച കേടുപാട് ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ ബാധിച്ചിട്ടുണ്ട്. ചെങ്കടലിനടിയിലെ 20 കേബിളുകളില്‍ നാലെണ്ണത്തിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്. അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ഡാറ്റാ ട്രാഫിക്കിന്റെ 17 ശതമാനം മാത്രമാണ് ചെങ്കടലില്‍ ഉള്ളത്. എങ്കിലും ഈ കേബിളുകള്‍ പുറത്തെടുത്താല്‍ ഇന്ത്യയുമായും കിഴക്കന്‍ ഏഷ്യയുമായും യൂറോപ്പിന്റെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും വടക്ക്, കിഴക്കന്‍ ആഫ്രിക്കയെ ബാധിക്കുകയും ചെയ്യും.

ഇതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഒരുദാഹരണം കൂടി പറയാം. 2013 ല്‍ അലക്‌സാന്‍ഡ്രിയക്ക് സമീപം ഈ ആഴക്കടല്‍ കേബിളുകള്‍ മുറിക്കാന്‍ മൂന്ന് മുങ്ങല്‍ വിദഗ്ധര്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി ഈജിപ്തില്‍ ഇന്റര്‍നെറ്റ് വേഗത ഏകദേശം 60 ശതമാനം കുറഞ്ഞു.

വലിയ അപകട സാധ്യതകളും ഈ കേബിളുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. നങ്കൂരം ഇടുമ്പോഴും മറ്റും ഉണ്ടാകുന്ന സ്വാഭാവിക അപകടങ്ങളും ഒപ്പം മനഃപൂര്‍വം ഉണ്ടാക്കാവുന്ന ഭീഷണികളും ആക്രമണങ്ങളും. ഇനി തകരാറുകള്‍ സംഭവിച്ചാല്‍ ആകട്ടെ കേബിളുകള്‍ കിടക്കുന്നത് ആഴക്കടലില്‍ ആയതിനാല്‍ ഇതില്‍ അറ്റകുറ്റ പണികള്‍ നടത്തുക എന്നതും വെല്ലുവിളിയാണ്. ഇതിനുള്ള അനുമതി ലഭിക്കാന്‍ തന്നെ ആഴ്ചകളെടുക്കും. പിന്നെ ജോലികള്‍ നടത്തുന്നതില്‍ സാങ്കേതിക തടസങ്ങള്‍ വേറെയും.

അതിനാല്‍ ഈ ആഴക്കടല്‍ കേബിളുകള്‍ അത്ര നിസാരമല്ല.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി