മണിപ്പൂരില്‍ ഒരു മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ ഇളവുണ്ടായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മണിപ്പൂരിലെത്തി, സംഘര്‍ഷത്തിലേര്‍പ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിനുളള ശ്രമം തുടരുകയാണ്. ഇപ്പോഴത്തെ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിരിക്കുയാണ്. പതിറ്റാണ്ടുകളായുള്ള ഭിന്നത വലിയ ചേരിതിരിവാണ് ഇവിടുത്തെ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
എന്താണ് മണിപ്പൂരിലെ പ്രശ്‌നം
ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം മണിപ്പൂര്‍ ഹൈക്കോടതിയുടെ ഒരു വിധിയാണെന്ന് പറയാം. മണിപ്പുരിലെ മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു വിധി. ഇതിനെതിരെ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. മെയ് മൂന്നാം തീയതി തുടങ്ങി, ഇപ്പോഴും തുടരുന്ന കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകളുടെ പലായനത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.
കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ മലനിരകളില്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി
മണിപ്പൂരില്‍ താഴ്‌വരകളില്‍ താമസിക്കുന്നവരാണ് മെയ്തി വിഭാഗം. അവര്‍ ജനസംഖയില്‍ 53 ശതമാനം വരും. സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം ഇവര്‍ക്കാണ് സ്വാധീനം. അതിന് പിന്നാലെയാണ് ഹൈക്കോടതി വിധിയും വരുന്നത്. മണിപ്പൂരിലെ മലനിരകളില്‍ താമസിക്കുന്നവരാണ് നാഗാകളും കുക്കി വംശജരും. ജനസംഖ്യയുടെ 40 ശതമാനത്തോളം വരും ഇവര്‍. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവന്നതിന്റെ പേരില്‍ മലനിരകളില്‍ നടത്തിയ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി. വന പ്രദേശങ്ങളില്‍ തമ്പടിച്ചവരെ ഒഴിപ്പിക്കാനുള്ള നീക്കം നാഗാ, കുക്കി, വിഭാഗങ്ങള്‍ക്ക് പുറമെ മറ്റ് ആദിവാസി വിഭാഗങ്ങളെയും അസ്വസ്തമാക്കി. ഇവര്‍ വസിച്ചിരുന്ന മേഖല നിക്ഷിപ്ത വന മേഖലയായി പ്രഖ്യാപിച്ചാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഇതൊക്കെയാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം.
വംശീയവും വിഭാഗീയവുമായ ഏറ്റുമുട്ടലിന്റെ ദേശം
ഇന്ത്യയില്‍, പിന്നീട് ഏറെ വിവാദമായ സൈനികരുടെ പ്രത്യേക അവകാശ നിയമം- അഫ്‌സ്പ - കൊണ്ടുവന്നത് മണിപ്പൂരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് വേണ്ടിയായിരുന്നു. 1950 ല്‍ സ്വതന്ത്ര നാഗലിം രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം മണിപ്പൂരിലെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഈ പോരാട്ടം തുടരുമ്പോള്‍ തന്നെ മെയ്തി വംശജര്‍, മണിപ്പൂരിനെ ഇന്ത്യയില്‍ ചേര്‍ക്കാനുള്ള അന്നത്തെ രാജാവിന്റെ നീക്കത്തിനെതിരെയും രംഗത്തുവന്നു.
1964 മെയ്തി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് രൂപീകരിക്കുകയും മണിപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ഗ്രൂപ്പുകള്‍ രംഗത്തുവന്നു. പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മി, പീപ്പിള്‍ റവല്യൂഷണറി പാര്‍ട്ടി ഓഫ് കാങ്‌ലിപെക്ക് എന്നിവയായിരുന്നു ഇതില്‍ പ്രധാനം. ഇവയില്‍ ചില സംഘടനകള്‍ക്ക് ചൈന സഹായം നല്‍കുകയും ചെയ്തു. രണ്ട് ലക്ഷ്യങ്ങളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഒന്ന് ഇന്ത്യയില്‍നിന്ന് വേറിട്ട് പോകുക, രണ്ട് നാഗക്കാരുടെ കുടിയേറ്റം തടയുക. 1990 കളില്‍ ഈ സംഘര്‍ഷം രൂക്ഷമായി.
2008 ല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വിവിധ സംഘടനകള്‍ ധാരണയിലെത്തുകയും ചെയ്തു
1993 ല്‍ കുക്കി വംശജരെ നാഗ വംശജരുടെ സംഘടന കൂട്ടക്കൊല ചെയ്തു. ഇതിനെതിരെ കുക്കികളുടെയും സോമി വംശജരും സായുധ ഗ്രൂപ്പുകള്‍ ഉണ്ടാക്കി. ഇങ്ങനെ പല വംശീയ ജനവിഭാഗങ്ങളുടെയും രക്തരൂക്ഷമായ ഏറ്റുമുട്ടലിന്റെ ഭൂമികയായി മണിപ്പൂര്‍ മാറി. 1980 മണിപ്പൂര്‍ പ്രശ്‌ന ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. പ്രതിരോധ സംഘടനകളായി തുടങ്ങിയ കുക്കി സംഘടന കുക്കിലാന്റ് എന്ന സ്വതന്ത്ര്യ രാജ്യത്തിന് വേണ്ടി രംഗത്തെത്തുകയും ചെയ്തു. ചാന്ദ്പൂര്‍ എന്ന ജില്ല ഏറ്റവും കൂടുതല്‍ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്. കുക്കി റവല്യഷണറി ആര്‍മി, സൂമി റീയുണിഫിക്കേഷന്‍ ആര്‍മി, സോമി റവല്യൂഷണറി ആര്‍മി എന്നിവയാണ് ഇവിടെയുള്ള പ്രധാന സായുധ സംഘങ്ങള്‍
നിരവധി തവണ വ്യത്യസ്ത വിഭാഗങ്ങളുമായി ചര്‍ച്ച നടന്നു. 2008 ല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വിവിധ സംഘടനകള്‍ ധാരണയിലെത്തുകയും ചെയ്തു. എങ്കിലും പല മേഖലയിലും വിവിധ ഘട്ടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയും ചെയ്തു.
മെയ്തി വിഭാഗക്കാര്‍ താഴ് വരയില്‍ കര്‍ശനമായ ജീവിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടത്താറുണ്ട്
താഴ്വരെയിലെ പ്രധാന സായുധ സംഘം യുഎന്‍എല്‍ഫ് ആണ്. ഇതാണ് മെയ്തി വിഭാഗത്തിന്റെ ഏറ്റവും കെട്ടുറപ്പുള്ള സംഘടനയായി വിലയിരുത്തപ്പെടുന്നത്. മെയ്തി വിഭാഗക്കാര്‍ താഴ് വരയില്‍ കര്‍ശനമായ ജീവിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടത്താറുണ്ട്. ഹിന്ദി സിനിമ നിരോധിച്ചും ഇന്ത്യന്‍ വസ്ത്രങ്ങള്‍ വിലക്കിയും മദ്യം നിരോധിച്ചും ജനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏത് സ്ഥാനാര്‍ഥിയെ ജയിപ്പിക്കണമെന്നും ഈ സംഘങ്ങള്‍ തീരുമാനിക്കും.
ഇങ്ങനെ പതിറ്റാണ്ടുകളായി വിവിധ വംശീയ വിഭാഗങ്ങള്‍ തമ്മിൽ നിലനിന്ന ശത്രുതയും ആധിപത്യത്തിന് വേണ്ടിയുള്ള നീക്കങ്ങളുമാണ് ഇപ്പോഴും ഈ മേഖലയില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷത്തിന് കാരണം.