EXPLAINER

'മോദി ഒഴികെ മറ്റാരും': ഹിന്ദുത്വ അജണ്ടകളെ പൊളിച്ചടുക്കുന്ന മഹുവ മൊയ്ത്ര

കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭയിലും പുറത്തും കടന്നാക്രമിക്കുന്നതിൽ എന്നും മുൻപന്തിലായിലാണ് തൃണമൂൽ കോൺഗ്രസ് എം പിയായ മഹുവ മൊയ്ത്ര.

മുഹമ്മദ് റിസ്‌വാൻ

മോദിയൊഴികെ മറ്റാരും... ഇത് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയ്ത്ര പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയ നിലപാടിനെ ലോക്‌സഭയിൽ പിച്ചി ചീന്തിയത്. പ്രസംഗം അലങ്കോലപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമത്തിന് മുകളിൽ മൗവ മോയ്ത്രയുടെ ശബ്ദം ഉയർന്നുകേട്ടു. എന്തു കൊണ്ടാണ്, നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കുമെതിരാകുന്നതെന്നായിരുന്നു അവർ വിശദീകരിച്ചത്.

സെവാഗ് ആദ്യ ബോൾ ബൗണ്ടറിയിലേക്ക് പായിക്കുമ്പോൾ കേൾക്കുന്ന 'He starts off in style' എന്ന് കമന്റേറ്റർമാർ വിളിച്ചുപറയാറുണ്ട്. സമാനമായിരുന്നു മഹുവ മൊയ്ത്രയെന്ന തൃണമൂൽ കോൺഗ്രസ് എംപിയുടെ ലോക്സഭയിലെ കന്നിപ്രസംഗം. 'ഇന്ത്യ ഫാസിസത്തിലേക്ക് വഴുതി വീഴുന്നുവെന്നതിന്റെ ഏഴ് കാരണങ്ങൾ' നിരത്തിക്കൊണ്ടായിരുന്നു ആ പ്രസംഗം. അതോടെ തന്നെ പുതുതായി വന്ന സഭ അംഗം ബിജെപിയുടെ കണ്ണിലെ കരടായി മാറി.

പിന്നീടങ്ങോട്ട് നടത്തിയ ഓരോ പ്രസംഗങ്ങളും ബിജെപിക്ക് ഇടിത്തീയായി അനുഭവപ്പെട്ടപ്പോൾ പ്രതിപക്ഷവും ജനാധിപത്യവാദികളും കയ്യടിച്ചു. മഹുവയുടെ ഓരോ ട്വീറ്റുകളും ശ്രദ്ധിക്കപ്പെട്ടു. പ്രതികരിക്കേണ്ട, അഭിപ്രായം പറയേണ്ട ഇടങ്ങളിലെല്ലാം കടുത്ത ഭാഷയിൽ തന്നെ മഹുവ മറുപടി കൊടുത്തുകൊണ്ടേയിരുന്നു.

സിഎഎ, കർഷക പ്രക്ഷോഭം, ഹിൻഡൻബർഗ് റിപ്പോർട്ട് എന്നിങ്ങനെ പാർലമെന്റ് പ്രക്ഷുബ്ധമായപ്പോഴെല്ലാം മഹുവയുടെ തീപ്പൊരി പ്രസംഗങ്ങളുടെ ചൂട് ഭരണകക്ഷിയും മോദിയും അറിഞ്ഞു. വിഷയങ്ങൾ ഗഹനമായി പഠിച്ച് ഒഴുക്കുള്ള ഇംഗ്ലീഷിൽ മഹുവ നടത്തുന്ന പ്രകടനത്തിൽ സംഘ്പരിവാറുകാർ വിയർത്തൊലിക്കുന്നത് കഴിഞ്ഞ നാല് വർഷങ്ങളായി പാർലമെന്റിലെ സ്ഥിരം കാഴ്ചയാണ്.

ആരാണ് മഹുവ മൊയ്ത്ര?

2019 ജൂലൈലാണ് മഹുവ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെപി മോർഗനിലെ മുൻ ഇൻവെസ്റ്റ്മെന്റ് ബാങ്കറായ മൊയ്ത്ര 2009-ലാണ് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ മൗണ്ട് ഹോളിയോക്ക് കോളേജിൽ നിന്ന് ഗണിതത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമായിരുന്നു മഹുവ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച മഹുവ ആദ്യം കോൺഗ്രസിനൊപ്പമായിരുന്നു. 'ആം ആദ്മി ക സിപാഹി' എന്ന രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ബൂത്ത് ലെവൽ പ്രചരണങ്ങളിൽ മഹുവ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 2010 ലാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. ഒട്ടേറെക്കാലം തൃണമൂലിന്റെ വക്താവായിരുന്നു മഹുവ, ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഒരിക്കൽ ടെലിവിഷൻ ചർച്ചയ്ക്കെടെ അവതാരകൻ അർണബ് ഗോസ്വാമിയോട് 'നിങ്ങൾ നടത്തുന്ന വൺമാൻ ഷോയിലേക്ക് മറ്റാരെയും വിളിക്കണ്ട, നിങ്ങൾ തന്നെ സംസാരിച്ചോളൂ' എന്ന മഹുവയുടെ മറുപടി വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലെ കരീംപുർ നിയോജക മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മൂന്ന് വർഷങ്ങൾക്കിപ്പുറം 2019 ൽ കൃഷ്ണനഗറിൽ നിന്ന് ലോക്സഭയിലുമെത്തി.

വിവാദങ്ങൾ

'വിശുദ്ധമായിരുന്ന ഇന്ത്യൻ നീതിന്യായ സംവിധാനം ഇപ്പോൾ പവിത്രമല്ല' എന്ന് 2021 ഫെബ്രുവരിയിൽ സഭയിൽ നടത്തിയ പ്രസംഗം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഒടുവിൽ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ലീന മണിമേഖലൈ സംവിധാനം ചെയ്ത 'കാളി' ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെ കുറിച്ച് ഇന്ത്യ ടുഡേ കോൺക്ലേവിൽ നടത്തിയ പരാമർശത്തെ തുടർന്ന് മഹുവയ്ക്കെതിരെ ബംഗാളിലും ഭോപ്പാലിലുമെല്ലാം പോലീസ് കേസ് എടുത്തിരുന്നു. മഹുവയ്ക്ക് 'ധാർഷ്ട്യം'ആണെന്ന് എതിരാളികൾ ആക്ഷേപിക്കുമ്പോഴും തന്റെ സ്വാഭാവിക രീതികളിൽ നിന്ന് മാറാൻ മഹുവ ഇക്കാലമത്രയും തയ്യാറായിട്ടില്ല.

'ഒരു പുരുഷന് ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ, അയാൾ ഒരു നേതാവാണ്, എന്നാൽ ഒരു സ്ത്രീയ്ക്കാണ് അതുള്ളതെങ്കിൽ അവൾ ഒരു b***h ആണ്. അതിവിടുത്തെ പ്രത്യേകതയാണ്. എന്റെ പെരുമാറ്റത്തിന്റെ പേരിൽ ചാർത്തിത്തരുന്ന പേരുകൾക്കെതിരെ പോരാടുന്നതിന് പകരം ഞാൻ ഇപ്പോൾ അതെല്ലാം ആസ്വദിക്കുകയാണ്' ഇങ്ങനെയായിരുന്നു ചാപ്പകുത്തലുകൾക്കുള്ള മഹുവ സ്‌റ്റൈൽ മറുപടി ഇതായിരുന്നു.മഹുവ ഓരോ തവണ ലോക്‌സഭയിൽ എഴുന്നേൽക്കുമ്പോഴും ബിജെപിക്കാർ അസ്വസ്ഥമാകുന്നതിന് വേറെന്ത് വേണം കാരണങ്ങൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ