EXPLAINER

അമേരിക്കയുടെ സ്വപ്നം ഫലം കാണുമോ? ഉപരോധത്തിൽ തകരുന്ന ക്യൂബ

അമേരിക്ക കണ്ട സ്വപ്നം പോലെ ക്യൂബയെന്ന കമ്മ്യൂണിസ്റ്റ് രാജ്യം ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണോ? അമേരിക്കയുടെ ഉപരോധങ്ങൾ ഫലം കാണുന്നോ?

മുഹമ്മദ് റിസ്‌വാൻ

ലാറ്റിൻ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ, മുപ്പത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയിലാണ്. രണ്ടുദിവസത്തിലധികമായി ക്യൂബൻ ജനത ഇരുട്ടിലാണ്. വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല അങ്ങനെ സർവത്ര അരക്ഷിതാവസ്ഥയിലാണ് ഒരുകോടിയിലധികം ജനങ്ങൾ കഴിയുന്നത്. ക്യൂബയിലെ ഏറ്റവും വലിയ പവർ പ്ലാന്റുകളിലൊന്ന് തകരാറിലായതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നത്. വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി.

അമേരിക്ക കണ്ട സ്വപ്നം പോലെ, ക്യൂബയെന്ന കമ്മ്യൂണിസ്റ്റ് രാജ്യം ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണോ?

മിഗ്വേൽ ഡയസ് കനാൽ സർക്കാരിന്റെ കയ്യിൽ ഒന്നിനും പണമില്ലെന്നതാണ് പ്രധാന പ്രശ്‌നം. പണത്തിന്റെ അഭാവം മൂലം രാജ്യത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അഞ്ച് തെർമോ പവർ പ്ലാന്റുകൾക്കുള്ള ഇന്ധനം കണ്ടെത്താൻ പോലും സർക്കാരിനാകുന്നില്ല. ഒരു ദിവസം ഏകദേശം 20 മണിക്കൂർ വരെയാണ് പലഭാഗങ്ങളിലും പവർ കട്ട്. പമ്പുകളും പൈപ്പുകളും തകരാറിലായതിനാൽ ജലക്ഷാമം രൂക്ഷമാണ്. പണപ്പെരുപ്പം ഭക്ഷ്യവിലയെ സാരമായി ബാധിച്ചിരിക്കുന്നു. അതുകാരണം പട്ടിണിയും വർധിക്കുകയാണ്. മുൻ സർക്കാരുകൾ പ്രഖ്യാപിച്ച ഉദാര സാമ്പത്തിക നയം അസമത്വം വർധിപ്പിച്ചു. എല്ലാത്തിനും പുറമെ വർധിച്ചുവരുന്ന കുറ്റകൃത്യ നിരക്കും പ്രതിഷേധിക്കുന്നവർക്കെതിരെയുള്ള സർക്കാരിന്റെ അടിച്ചമർത്തൽ നടപടികളും.

ക്യൂബയുടെ തകർച്ചയ്ക്ക് പിന്നിൽ

ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡായിരുന്നു പ്രതിസന്ധിയിലായിരുന്ന ക്യൂബയ്ക്ക് വീണ്ടും അടിയായത്. ക്യൂബയുടെ പ്രധാന വരുമാന മാർഗം വിനോദസഞ്ചാര മേഖലയാണ്. വലിയ തോതിലുള്ള നിക്ഷേപം ടൂറിസത്തിൽ നടത്തിയിട്ടുണ്ടെങ്കിലും 2020ലെ കോവിഡ് മഹാമാരി ക്യൂബൻ സർക്കാരിന്റെ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിച്ചു. സഞ്ചാരികൾ നിലച്ചതോടെ വിദേശനാണ്യത്തിന്റെ വരവും അവസാനിച്ചു. ഇറക്കുമതിയിലുള്ള ആശ്രയം വർധിച്ചുകൊണ്ടേയിരുന്നപ്പോൾ കയറ്റുമതി വരുമാനത്തിന്‍റെ വളർച്ച താഴേക്കായിരുന്നു.

കോവിഡുണ്ടാക്കിയ ലോജിസ്റ്റിക്കൽ തടസങ്ങളും ഇറക്കുമതി ചെലവുകളിലെ വർധനയും ഇന്ധന-ഭക്ഷ്യ വിളകളുടെ വിലക്കയറ്റത്തിന് കാരണമായി. ഒപ്പം വിദേശനാണ്യത്തിന്റെ ചിലവ് കൂടിക്കൊണ്ടേയിരുന്നു. ഈ സമയങ്ങളിലത്രയും ജനങ്ങളുടെ വരുമാനത്തിൽ വർധന ഉണ്ടായില്ലെന്ന് മാത്രമല്ല, ഇടിവ് സംഭവിച്ചുകൊണ്ടേയിരിരിക്കുകയായിരുന്നു.

ഇതിനെയൊക്കെ മറികടക്കാൻ ക്യൂബൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 2021 ജനുവരിയിൽ കറൻസിയിൽ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ക്യൂബൻ പെസോയുടെ മൂല്യം ഒരു ഡോളറിന് ഒരു പെസോ എന്ന നിലയിൽനിന്ന് ഒരു ഡോളറിന് 24 പെസോ എന്ന നിലയിലേക്ക് കുറച്ചു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും ഈ നീക്കം പ്രോത്സാഹനം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷ തെറ്റുകയും പണപ്പെരുപ്പം മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇരട്ടിയിലധികമാകുകയും ചെയ്തു.

ക്യൂബയുടെ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി അമേരിക്കൻ ഉപരോധങ്ങളെ കണക്കാക്കാവുന്നതാണ്

കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിരായ അമേരിക്കൻ ഉപരോധം

ക്യൂബൻ സർക്കാരുകളുടെ കെടുകാര്യസ്ഥത, കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിച്ച കനത്ത പ്രഹരം എന്നിവയെല്ലാം ക്യൂബയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടമെങ്കിലും അമേരിക്കയുടെ ഉപരോധമാണ് മുഖ്യഘടകം. കഴിഞ്ഞ 60 വർഷത്തിലേറെയായി തുടരുന്ന ഉപരോധങ്ങൾ മുഖേന 130 ബില്യൺ ഡോളറിന്റെ നഷ്ടമെങ്കിലും ക്യൂബയ്ക്കുണ്ടായതാണ് കണക്ക്.

ഫിഡൽ കാസ്‌ട്രോ, ചെഗുവേര

1959ലാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിയെ വിപ്ലവത്തിലൂടെ പുറത്താക്കി, ഫിഡൽ കാസ്‌ട്രോ- ചെഗുവേര സംഘം അധികാരം പിടിക്കുന്നത്.

ശീതയുദ്ധകാലത്ത്, തങ്ങളുടെ അതിർത്തിക്ക് സമീപമൊരു രാജ്യത്ത് കമ്മ്യൂണിസവും സോവിയറ്റ് യൂണിയന്റെ സ്വാധീനവും വർധിക്കുന്നതിൽ അമേരിക്ക അസ്വസ്ഥമായിരുന്നു. അങ്ങനെയാണ് 1962 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, ആദ്യമായി ക്യൂബയ്ക്ക് നേരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത്. പിന്നീടിങ്ങോട്ട് അത് തുടർന്നുകൊണ്ടേയിരുന്നു. ക്യൂബയിലെ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ആണവ യുദ്ധത്തിന്റെ വക്കിലേക്ക് പോലും ലോകത്തെ എത്തിച്ചു.

ബറാക് ഒബാമ റൌള്‍ കാസ്ട്രോയ്ക്കൊപ്പം

ക്യൂബയുടെ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി അമേരിക്കൻ ഉപരോധങ്ങളെ കണക്കാക്കാവുന്നതാണ്. സോവിയറ്റ് യൂണിയന്റെ പിന്തുണയാണ് ക്യൂബയ്ക്ക് ആദ്യകാലങ്ങളിൽ തുണയായത്. 1992ലെ സോവിയറ്റ് തകർച്ചയോടെ അതും നിലച്ചു.

2014-15 കാലഘട്ടത്തിൽ ബറാക് ഒബാമ സർക്കാർ ക്യൂബയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെന്നതൊഴിച്ചാൽ എല്ലാകാലവും ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തോടുള്ള പക അമേരിക്ക പുലർത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാനങ്ങൾ അനുവദിച്ചും ക്യൂബയിൽ വ്യാപാരം നടത്തുന്ന അമേരിക്കക്കാർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ഒബാമ ഭരണകൂടം, അന്നത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെ, ക്യൂബൻ നയത്തിൽ പുനര്‍വിചിന്തനം നടത്തിയിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി.

ഒബാമ കൊണ്ടുവന്ന ഇളവുകൾ കർശനമാക്കി എന്നുമാത്രമല്ല, ക്യൂബയെ വീണ്ടും 'അന്താരാഷ്ട്ര ഭീകരവാദത്തിന്റെ സ്പോൺസർമാർ' എന്ന പട്ടികയിൽ ട്രംപ് ഉൾപ്പെടുത്തി (ഇത് 2024ല്‍ നീക്കം ചെയ്കിരുന്നു). യാത്ര നിയന്ത്രണങ്ങൾ, ക്യൂബയിലേക്ക് അമേരിക്കയിൽനിന്ന് പണമയക്കുന്നതിന് വിലക്ക്, ഊർജ വിതരണം തടസ്സപ്പെടുത്തൽ, ക്യൂബയുമായുള്ള മെഡിക്കൽ സേവന കരാറുകൾ റദ്ദാക്കാൻ മറ്റ് രാജ്യങ്ങളെ നിർബന്ധിക്കൽ എന്നിങ്ങനെ 'പരമാവധി സമ്മർദ്ദം' കമ്മ്യൂണിസ്റ്റ് രാജ്യത്തിന് മേൽ ട്രംപ് ഏർപ്പെടുത്തി.

ഈ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുമ്പോഴായിരുന്നു ക്യൂബൻ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായ വിനോദസഞ്ചാര വ്യവസായം കോവിഡ്-19 കാരണം തകർന്നടിഞ്ഞത്. അതിനൊപ്പം അമേരിക്കയിൽനിന്ന് പണമയയ്ക്കാനുള്ള നിയന്ത്രണം കൂടി ആയതോടെ വിദേശനാണ്യ ശേഖരത്തിലും കടുത്ത ഇടിവാണ് ക്യൂബയിലുണ്ടായത്. ഏകദേശം 40 ശതമാനത്തിന്റെ ഇടിവാണ് വിദേശനാണ്യ വരുമാനത്തിലുണ്ടായി എന്നാണ് കണക്ക്. ഈ ഉപരോധങ്ങളെല്ലാം നീക്കി ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ജോ ബൈഡൻ അധികാരത്തിലേറിയതെങ്കിലും അങ്ങനെയൊരു കാര്യം ഇതുവരെയും ഉണ്ടായിട്ടില്ല.

ഉപരോധങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ നട്ടംതിരിയുന്ന ക്യൂബൻ ജനത കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുമെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടൽ. എന്നാൽ അത് ഇതുവരെയും ഫലം കണ്ടിട്ടില്ല എന്നത് അമേരിക്കയുടെ ഉപരോധങ്ങൾ എത്രമാത്രം ഫലം കണ്ടുവെന്ന ചോദ്യം ഉയർത്തുന്നുണ്ടെങ്കിലും ഒരു രാജ്യത്തെ മുഴുവനായി കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ അവർക്കായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. ഇപ്പോഴും സംഘടിതമായ പ്രതിപക്ഷമില്ലെന്നതും പൗര സമൂഹമില്ലെന്നതുമാണ് പ്രതിഷേധങ്ങളെ തളർത്തുന്നത്. എന്നാൽ വിപ്ലവ സർക്കാരിനോടുള്ള പഴയ ആഭിമുഖ്യം ഇപ്പോഴത്തെ തലമുറയ്ക്കില്ല. അതുകൊണ്ട് തന്നെ തുടർച്ചയായ പ്രതിസന്ധികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ എന്നിവ എത്രനാൾ ജനങ്ങൾ സഹിക്കുമെന്നതും ചോദ്യമാണ്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി