EXPLAINER

ആരാധനാലയങ്ങള്‍ക്ക് നേരെ ഉയരുന്ന ബുള്‍ഡോസര്‍ കൈകള്‍; ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ സംഭവിച്ചതെന്ത്?

ആരാധനാലയം പൊളിക്കാനുള്ള ഉത്തരവുകളൊന്നും വ്യക്തമാക്കാതെയാണ് അധികാരികള്‍ മദ്രസ പൊളിച്ചത്.

വെബ് ഡെസ്ക്

അനധികൃതമെന്ന് കണ്ടെത്തുക, ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ടുവരുന്ന നടപടിയാണിത്. കുറ്റവാളികളുടെ വീടുകളും, ചേരികള്‍ക്കും എതിരെ ഉയര്‍ന്നിരുന്ന ഇത്തരം ബുള്‍ഡോസര്‍ കൈകള്‍ ഉത്തരാഖണ്ഡില്‍ നീണ്ടത് ഒരു മദ്രസയ്ക്കും പള്ളിയ്ക്കും എതിരെ ആയിരുന്നു.

ഹല്‍ദ്‌വാനിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷനു സമീപത്ത് സ്ഥിതിചെയ്തിരുന്ന മദ്രസ അനധികൃതമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കിയത്. അധികൃതരുടെ നടപടിയ്ക്ക് എതിരായ പ്രതിഷേധം വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് വെടിവെച്ചു. അഞ്ച് പേര്‍ കൊല്ലപ്പെടുയും 250 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുന്ന നിലയിലേക്ക് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചുകഴിഞ്ഞു.

സംഘര്‍ഷങ്ങളുടെ തുടക്കം

കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓട് കൂടിയാണ് 'മാലിക് കാ ബഗിചെ കാ' മദ്രസ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. റെയില്‍വേ കോളനിക്കടുത്ത് 4000 കുടുംബങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആരാധനാലയമാണ് ഒരു മുന്നറിയിപ്പും കൂടാതെ ഭരണകൂടം തകര്‍ത്തുകളഞ്ഞത്.

അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമിയിലാണ് മദ്രസയും പള്ളിയും നിലനില്‍ക്കുന്നതെന്ന് ആരോപിച്ച് പോലീസിന്റെയും പ്രവിശ്യാ സായുധ സേനയുടെയും (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി) സംയുക്തമായാണ് പൊളിക്കല്‍ നടപടിയിലേക്ക് കടന്നത്. മദ്രസ നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ് എന്നും ഇത് പൊള്ളിച്ച് മാറ്റുമെന്ന് അറിയിച്ചുകൊണ്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ അവകാശപ്പെടുന്നു. മദ്രസ പൊളിക്കുന്നതിനുള്ള അവസാന ഉത്തരവ് ഹൈക്കോടതി നല്‍കിയില്ലെന്നാണ് വാര്‍ഡ് കൗണ്‍സലറായ ഷക്കീല്‍ അഹമദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

ആരാധനാലയം പൊളിക്കാനുള്ള ഉത്തരവുകളൊന്നും നല്‍കിയില്ല. പ്രദേശവാസികളുടെ പ്രതികരണം മുഖവിലയ്ക്കെടുത്തില്ല തുടങ്ങിയ നടപടികള്‍ പൊളിക്കല്‍ നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു

മദ്രസ പൊളിക്കുന്നതിന് മുമ്പ് മതഗ്രന്ഥങ്ങള്‍ എടുത്തുമാറ്റാന്‍ രണ്ട് പേര്‍ക്ക് അനുമതി നല്‍കിയിരുന്നു. റെയില്‍വേ വികസനത്തിന്റെ ഭാഗമായി കേന്ദ്രം ഭൂമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിഷയം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.

കല്ലേറും തീവെപ്പും നടത്തുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ സ്വയം പ്രതിരോധമെന്ന രീതിയില്‍ നേരിടാന്‍ പോലീസിന് വെടിവെക്കാമെന്നാണ് വെടിവെപ്പിനെ ന്യായീകരിച്ച് ഡിജിപി അഭിനവ് കുമാര്‍ പറയുന്നത്.

രണ്ട് കെട്ടിടങ്ങളും പൊളിച്ചതോടെ സ്ത്രീകളടക്കമുള്ള പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിനോട് കയര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. എന്നാല്‍ മദ്രസയും പള്ളിയും പൊളിച്ചതോടെ വികാരഭരിതരായ ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

പ്രകോപിതരായ ജനക്കൂട്ടത്തെ ലാത്തികള്‍ ഉപയോഗിച്ചും കണ്ണീര്‍ വാതകങ്ങള്‍ പ്രയോഗിച്ചും പോലീസ് നേരിടുകയും ചെയ്തു. പോലീസ് പട്രോള്‍ കാര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ തീവച്ചെന്നും ഉദ്യോസ്ഥര്‍ പറയുന്നു. വൈകുന്നേരത്തോടെ ബന്‍ഭൂല്‍പുര പോലീസ് സ്‌റ്റേഷനും തീയിടാന്‍ ശ്രമിച്ചതോടെ ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് വെടിവെക്കുകയും നാല് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

ജനക്കൂട്ടം അക്രമാസക്തരായ സാഹചര്യത്തില്‍ സ്വയം പ്രതിരോധമെന്ന രീതിയിലാണ് വെടിവച്ചത് എന്നാണ് വെടിവെപ്പിനെ ന്യായീകരിച്ച് ഡിജിപി അഭിനവ് കുമാര്‍ പറയുന്നത്. നിലവില്‍ ബന്‍ഭൂല്‍പുരയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബന്‍ഭൂല്‍പുരയിലെ ഇന്റര്‍നെറ്റ് സൗകര്യവും വിച്ഛേദിച്ചു. അക്രമത്തിന് പിന്നാലെ ഹല്‍ദ്വാനിയിലെ മുഴുവന്‍ കടകളും അടച്ചിട്ടിരിക്കുകയാണ്. ഒന്നു മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

കോടതി ഇടപെടല്‍

ഹല്‍ദ്വാനി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ട് മാലിക് കോളനി പ്രസിഡന്റ് സഫിയ മാലിക്കും പ്രദേശവാസികളും ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളി പൊളിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് പങ്കജ് പുരോഹിതിന്റെ അവധിക്കാല ബെഞ്ച് ഇളവ് അനുവദിക്കാത്തതിനാല്‍ തന്നെ പൊളിക്കല്‍ തുടരുകയായിരുന്നു. പൊളിക്കപ്പെട്ട മദ്രസ ഭാരവാഹികളുടെ വാദം കേള്‍ക്കല്‍ ഫെബ്രുവരി 14ന് നടക്കും.

അതേസമയം ഉത്തരാഖണ്ഡില്‍ ആദ്യമായല്ല നിര്‍ബന്ധിത കുടിയൊഴിപ്പക്കല്‍ നടക്കുന്നത്. നേരത്ത ഡിസംബര്‍ 22നും ബന്‍ഭൂല്‍പുരയില്‍ റെയില്‍വേ ഭൂമിയില്‍ നിന്നുമുളള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാരും സിവില്‍ കോഡും

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് ബില്ല് പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയതിന് തൊട്ടുപിന്നാലെയാണ് അക്രമങ്ങളും ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പോലും യുസിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യുസിസി പാസാക്കിയത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് അവരെ വേട്ടയാടുന്ന ബിജെപി സര്‍ക്കാരിന്റെ മറ്റൊരു അജണ്ടയാണ് ഒരു സംസ്ഥാനത്തെങ്കിലും ഇതിലൂടെ സാധ്യമാകുന്നത്. വിവാഹം, വിവാഹമോചനം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ഭരണകൂടത്തിന്റെ ഏകപക്ഷീയമായ കൈകടത്തലാണ് ഇനി സാധ്യമാകുക.

ഈ പശ്ചാത്തലത്തിലാണ് നിലവിലെ അക്രമങ്ങളും അരങ്ങേറിയിരിക്കുന്നത്. ഒരു അറിയിപ്പുമില്ലാതെയാണ് ഭരണകൂടത്തിന്റെ സകല സ്ഥാപനങ്ങളെയും കൂട്ടുപിടിച്ച് ആരാധനാലയം തകര്‍ക്കാന്‍ മുന്നിലെത്തിയത്. മാത്രവുമല്ല, സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് വെടിയുതിര്‍ക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നതാണ് ഉത്തരാഖണ്ഡ് യൂണിഫോം സിവില്‍ കോഡ് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം