ഭൂമി കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. റെയില്‍വേയില്‍ ജോലി നൽകാൻ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള കേസ്. 2004നും 2009നുമിടയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെയാണ് കേസിനാധാരമായ സംഭവം. വിഷയത്തിൽ രണ്ട് വർഷം മുൻപ് അന്വേഷണം ആരംഭിച്ചെങ്കിലും, കഴിഞ്ഞ വർഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നാണ് ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും ആർജെഡിയുടെയും പക്ഷം.
എന്താണ് ഭൂമി കുംഭകോണ കേസ് ? എവിടെയാണ് കേസിന്റെ തുടക്കം?
കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ചതിന് പിന്നാലെ, 2008 മുതൽ 2009 വരെ റെയിൽവേയിൽ ജോലി നല്‍കിയതിന് പകരം ഭൂമി വാങ്ങിയെന്നാരോപിച്ച് ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2021 സെപ്റ്റംബർ വരെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം, അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന പ്രകാരവുമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2008 മുതൽ 2009 വരെയുള്ള കാലയളവിൽ റെയിൽവേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള നിയമനത്തിന്റെ മറവിലായിരുന്നു അഴിമതിയെന്നാണ് സിബിഐയുടെ ആരോപണം. ഉദ്യോഗാർഥികളിൽ നിന്ന് യാദവ് തന്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തതെന്നാണ് കേസ്. മൂന്ന് ദിവസത്തിനുള്ളിൽ ഉദ്യോഗാർഥികളെ റയിൽവേയിൽ നിയമിക്കുകയും ചെയ്തു. ഭൂമി കൈമാറിയ ശേഷം ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
സിബിഐയുടെ കണക്കനുസരിച്ച് അഴിമതിയുടെ മറവിൽ എട്ട് പേർക്കാണ് റെയിൽവേയിൽ ഗ്രൂപ്പ് ഡി ജോലി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി മുഖാന്തിരമാണ് കൈക്കൂലി സ്വീകരിച്ചതെന്നും പിന്നീട് ഈ സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ വഴി കൈക്കലാക്കിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുടെ പേരിലേക്കാണ് സ്ഥലം മാറ്റിയത്. റെയില്‍വേയില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി പരസ്യമോ മറ്റ് വിജ്ഞാപനമോ നല്‍കിയിട്ടില്ലെന്നും നിയമനം നടത്താന്‍ പ്രത്യേക തിടുക്കം കാണിച്ചെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
ഉദ്യോഗാർഥികൾ സമർപ്പിച്ച അപേക്ഷകളിൽ ഭൂരിഭാഗവും പ്രത്യേക സോണൽ റെയിൽവേയെ അഭിസംബോധന ചെയ്യുന്നതിന് പകരം, ജിഎം റെയിൽവേ, കേന്ദ്ര സർക്കാർ അല്ലെങ്കിൽ റെയിൽ മന്ത്രിയെ അഭിസംബോധന ചെയ്തതാണെന്ന് സിബിഐ
ഭോല യാദവിന്റെ അറസ്റ്റ്
കഴിഞ്ഞ വർഷം ജൂലൈയിലാണ് ലാലു പ്രസാദ് യാദവിന്റെ മുന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസർ (ഒഎസ്ഡി) ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തത്. 2005 മുതല്‍ 2009 വരെയുള്ള കാലയളവിൽ ലാലു പ്രസാദ് യാദവിന്റെ ഒഎസ്ഡിയായിരുന്നു ഭോല യാദവ്. ഉദ്യോഗാർഥികൾ ജോലിക്കായി സമർപ്പിച്ച അപേക്ഷകളിൽ ഭൂരിഭാഗവും പ്രത്യേക സോണൽ റെയിൽവേയെ അഭിസംബോധന ചെയ്യുന്നതിന് പകരം, ജിഎം റെയിൽവേ, കേന്ദ്ര സർക്കാർ അല്ലെങ്കിൽ റെയിൽ മന്ത്രിയെ അഭിസംബോധന ചെയ്തതാണെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, ഭോല യാദവ് എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡില്‍, ഇത്തരത്തിലുള്ള 1,450 ലധികം അപേക്ഷകളുടെ പട്ടിക കണ്ടെത്തിയതായും സിബിഐ അറിയിച്ചു.
ഗ്രൂപ്പ് -ഡിയിൽ പകരക്കാരായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താൻ ഭോല യാദവ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയായിരുന്നു. ഭൂമി ഇടപാടുകൾ അന്തിമമാക്കുന്നതിലും നടപ്പാക്കുന്നതിലും യാദവ് പ്രധാന പങ്കുവഹിച്ചതായും ആരോപണമുണ്ട്.
നിലവിലുള്ള ഭൂമിയുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാലു പ്രസാദ് ഏകദേശം 1,05,292 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു
ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ സിബിഐ കുറ്റപത്രം
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രിക്കും മകൾ മിസ ഭാരതിക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് റയിൽവേ ഉദ്യോഗസ്ഥരും ഏഴ് ഉദ്യോഗാർഥികളും ഉള്‍പ്പെടെ 16 പേർക്കെതിരെയായിരുന്നു കുറ്റപത്രം. നിലവിലുള്ള ഭൂമിയുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാലു പ്രസാദ് ഏകദേശം 1,05,292 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെൻട്രൽ റെയിൽവേയുടെ അന്നത്തെ ജനറൽ മാനേജർ സൗമ്യ രാഘവൻ, ചീഫ് പേഴ്സണൽ ഓഫീസർ കമൽ ദീപ് എന്നിവരുമായി പ്രതികൾ ഗൂഢാലോചന നടത്തിയതായും, അവരുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ ഭൂമി കൈമാറിയിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. ഉദ്യോഗാർഥികൾ തെറ്റായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുകയും തെറ്റായി സാക്ഷ്യപ്പെടുത്തിയ രേഖകൾ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന), 467 (വിലപ്പെട്ട സുരക്ഷ, വിൽപ്പത്രം മുതലായവയുടെ വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖ യഥാർഥമാണെന്ന് കാണിക്കല്‍) എന്നീ വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളുമാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി
ലാലു പ്രസാദിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്നതിന്, പ്രത്യേക കോടതിയിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വിചാരണയ്ക്കുള്ള അനുമതി ആവശ്യമായിരുന്നു. ജനുവരിയിൽ, ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ സിബിഐക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. പ്രത്യേക കോടതിക്ക് മുൻപാകെയാണ് സിബിഐ അനുമതി സമർപ്പിച്ചത്. തുടർന്ന് ലാലു പ്രസാദിനും ഭാര്യ റാബ്രി ദേവിക്കും കോടതി സമൻസ് അയച്ചു. പ്രതികൾ മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജാമ്യത്തിലിറങ്ങിയ ഭോല യാദവ് ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലാലു പ്രസാദ് യാദവിനെയും റാബ്രി ദേവിയെയും മാർച്ച് 7ന് സിബിഐ ചോദ്യം ചെയ്തു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിയുടെ ന്യൂഡൽഹിയിലെ വസതിയിൽ അഞ്ച് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. പട്നയിലെ വസതിയിൽ വച്ച് റാബ്രി ദേവിയെ സിബിഐ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
തേജസ്വി യാദവിന്റെ വീട്ടിൽ ഇഡി റെയ്ഡ്
ലാലു പ്രസാദിനെയും ഭാര്യയെയും ചോദ്യം ചെയ്തതിന് പിന്നാലെ, ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടത്തി. രാജ്യ തലസ്ഥാനത്തെ ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള തേജസ്വിയുടെ വസതിയിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ബിഹാർ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും ബന്ധമുള്ള സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. മുൻ ആർജെഡി എംഎൽഎയും ലാലുവിന്റെ അടുത്ത അനുയായിയുമായ സയ്യിദ് അബു ഡോജനയുടെ പട്‌നയിലെ വീട്ടിലും ഇ ഡി പരിശോധന നടത്തി. കേസിൽ മാർച്ച് 15ന് പ്രതികള്‍ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.