EXPLAINER

രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുമോ?

രാഹുൽ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതി വിധിയും അദ്ദേഹം എംപി സ്ഥാനത്ത് തുടരുന്നതിൽ ഉള്ള പരാതിയും നിയമപരമായി സ്‌പീക്കറുടെ മുൻപിൽ എത്തിയാൽ നടപടിയെടുക്കാമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്

വെബ് ഡെസ്ക്

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുമോയെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമം വന്നത് എങ്ങനെ? എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു പരാമർശം. ഗുജറാത്തിലെ മുന്‍ മന്ത്രിയും സൂറത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് സൂറത്ത് സിജെഎം കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഹുലിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചത്. കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ എംപി സ്ഥാനത്ത് തുടരുന്നതിലും തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകുമോ എന്നാണ് നിലവിൽ ഉയർന്ന് വരുന്ന ചോദ്യങ്ങൾ.

കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ച തീയതി മുതൽ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ അയോഗ്യത പ്രാബല്യത്തിൽ വരികയുള്ളൂ. ആ കാലയളവിൽ, കുറ്റാരോപിതന് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം

ഈ വിധി രാഹുൽ ഗാന്ധിയെ എംപി എന്ന നിലയിൽ അയോഗ്യനാക്കുമോ?

രാഹുൽ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതി വിധിയും അദ്ദേഹം എംപി സ്ഥാനത്ത് തുടരുന്നതിലുള്ള പരാതിയും നിയമപരമായി സ്‌പീക്കറുടെ മുൻപിൽ എത്തിയാൽ നടപടിയെടുക്കാമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. എന്നാൽ, നിലവിലെ കേസിൽ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുമോ? എന്താണ് ഇതിന് പിന്നിലെ നിയമ വ്യവസ്ഥകള്‍?

1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, എംപിമാർ എംഎൽഎമാർ, എംഎൽസിമാർ എന്നിവർക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ, അവർ അയോഗ്യരാവും. ശിക്ഷിക്കപ്പെട്ട കാലയളവിനു പുറമെ മറ്റൊരു ആറ് വർഷത്തേക്ക് കൂടി അയോഗ്യതയുണ്ടാവും. ഈ കാലയളവിൽ അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.

ഏതെങ്കിലും ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു എംപിയെ അയോഗ്യനാക്കുന്നത് രണ്ട് സന്ദർഭങ്ങളിലാണ്. വിധിപ്രകാരം കുറ്റക്കാരനുമേലുള്ള കുറ്റം, 1951 ലെ ജനപ്രാധിനിത്യ നിയമത്തിലെ (ആർപിഎ) 8 (1) വകുപ്പ് പ്രകാരം പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എംപി അയോഗ്യനാവാം. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, കൈക്കൂലി വാങ്ങുക, തിരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം ചെലുത്തുക തുടങ്ങിയ ചില കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാല്‍, അപകീർത്തി പരാമർശം ഈ പട്ടികയിൽ ഉൾപ്പെടുന്നതല്ല.

രണ്ട്, കുറ്റാരോപിതനായ ജനപ്രതിനിധി മറ്റേതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ രണ്ട് വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ശിക്ഷിക്കപ്പെടുകയോ ചെയ്താൽ അയോഗ്യനാവാം.

ശിക്ഷാവിധിക്കെതിരായി അപ്പീൽ നല്‍കിയാല്‍ എന്ത് സംഭവിക്കും?

കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ച തീയതി മുതൽ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ അയോഗ്യത പ്രാബല്യത്തിൽ വരികയുള്ളൂ. ആ കാലയളവിൽ, കുറ്റാരോപിതന് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ശിക്ഷയ്ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയാൽ അയോഗ്യനാക്കുന്നത് താത്ക്കാലികമായി മാറ്റിവയ്ക്കാൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, 2013 ലെ 'ലില്ലി തോമസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ സുപ്രധാന വിധിയിൽ, ആർപിഎയുടെ 8 (4) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. ആയതിനാൽ, ശിക്ഷിക്കപ്പെട്ട എംപി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുക മാത്രമല്ല, പ്രത്യേക സ്റ്റേ ഉത്തരവും നേടണം. സ്റ്റേ സിആർപിസി 389-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷ താത്ക്കാലികമായി നിർത്തിവയ്ക്കുക മാത്രമല്ല, മറിച്ച് ശിക്ഷ നടപ്പാക്കുന്നത് പൂർണമായും സ്റ്റേ ചെയ്യുക എന്നതാണ് ശ്രദ്ധേയം. സിആർപിസി 389-ാം വകുപ്പ് പ്രകാരം, അപ്പീൽ തീർപ്പുകൽപ്പിക്കാത്ത സമയത്ത് ഒരു കുറ്റവാളിയുടെ ശിക്ഷ താത്ക്കാലികമായി നിർത്തിവയ്ക്കാൻ കോടതിക്ക് കഴിയും. ഇത് പരാതിക്കാരനെ ജാമ്യത്തിൽ വിടുന്നതിന് തുല്യമാണ്.

2019 ലെ വിദ്വേഷ പ്രസംഗ കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ 2022 ഒക്ടോബറിൽ റാംപൂർ സീറ്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. അടുത്തിടെ അസം ഖാന്റെ മകനും എംഎൽഎയുമായിരുന്ന അബ്ദുല്ല ഖാനും ഇതേ വിധി നേരിട്ടിരുന്നു. 2013ല്‍ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അഞ്ച് വർഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടപ്പെടുകയും വോട്ടുചെയ്യുന്നതില്‍ നിന്ന് 11 വർഷം വിലക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഉദാഹരണങ്ങളുടെ കൂടി വെളിച്ചത്തിലാണ് ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍, എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തരത്തിലുള്ള ചർച്ചകള്‍ ചൂടുപിടിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ