EXPLAINER

ഗാസയിലെ മനുഷ്യക്കുരുതി: ഒടുവില്‍ ലോകം വിരല്‍ചൂണ്ടി, കൂടുതല്‍ ഒറ്റപ്പെട്ട്‌ ഇസ്രയേല്‍

24 മണിക്കൂറിനിടെ മൂന്നരകോടിയിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിലൂടെ 'ഓൾ ഐസ് ഓൺ റഫ' എന്ന ക്യാംപെയിനിന്റെ ഭാഗമായത്

അശ്വിൻ രാജ്

ചുറ്റും നടക്കുന്നതിനോട് പ്രതികരിക്കാതെ കണ്ണടച്ച് നിൽക്കാൻ എത്രനേരം സാധിക്കും, ചെവികളിൽ മുഴങ്ങുന്നത് കുഞ്ഞുങ്ങളുടെ കരച്ചിലുകളും കണ്ണുതുറന്നാൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടിയിൽ ചലനമറ്റ് കിടക്കുന്ന കെട്ടിടങ്ങളുമാണ് കാണുന്നതെങ്കിലോ ഒടുവിൽ പ്രതികരിക്കും... ലോകത്തിന്റെ കണ്ണുകൾ റഫയിലാണ്. 24 മണിക്കൂറിനിടെ മൂന്നരകോടിയിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിലൂടെ 'ഓൾ ഐസ് ഓൺ റഫ' എന്ന ക്യാംപെയിനിന്റെ ഭാഗമായത്, അതിലധികം ആളുകൾ ടിക്ടോകിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതികരിച്ചു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡ് മുതൽ ഇങ്ങ് മലയാള സിനിമയിലെ ഭാവനയും ദുൽഖർ സൽമാനും ബേസിലുമടക്കമുള്ളവർ ക്യാംപെയ്‌നിന് പിന്തുണയുമായി രംഗത്ത് എത്തി. ബോളിവുഡിൽ നിന്നുള്ള താരങ്ങളും സാധാരണക്കാരും ഈ ക്യാംപെയിന്റെ ഭാഗമായി. ഇസ്രയേൽ സൈന്യം റഫയിലെ അഭയാർത്ഥി ക്യാംപിൽ നടത്തിയ ക്രൂരതയ്ക്ക് പിന്നാലെയാണ് ലോകത്തിന്റെ കണ്ണുകൾ എല്ലാം റഫയിലേക്ക് എന്ന ക്യാംപെയിൻ ആരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് റഫയിലെ അഭയാർത്ഥിക്യാംപിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. സംഘർഷ ഭൂമികയിൽ നിന്ന് പേടിച്ച് ജീവൻ രക്ഷിക്കാനായി റഫയിലെ ക്യാംപിലെത്തിയ 45 ഓളം പേരാണ് ഇസ്രയേലി ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെട്ടത്. അതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമായിരുന്നു. അതിന്റെ ഇരട്ടിയിലധികം ആളുകൾ പരിക്കേറ്റും പൊള്ളലേറ്റും റഫയിലുണ്ട്. റഫയിലെ ഈ ക്രൂരതയ്ക്ക് നേരെയാണ് ലോകത്തിന്റെ കണ്ണുകൾ നീണ്ടത്.

റഫയിലെ അഭയാർത്ഥി ക്യാംപുകൾ പശ്ചാത്തലമാക്കി നിർമിച്ച ഒരു എഐ ചിത്രമാണ് 'ഓൾ ഐസ് ഓൺ റഫ' എന്ന ഹാഷ്ടാഗിനൊപ്പം കൂടുതലായി പ്രചരിച്ചത്. ഈ ക്യാംപെയിന്റെ തുടക്കം എങ്ങനെയാണെന്ന് നോക്കാം. പലസ്തീനിന്റെ അവസ്ഥ വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ പലസ്തീൻ റീജിയണല്‍ ഡയറക്ടർ റിക്ക് പീപ്പർകോൺ ആദ്യമായി 'ഓൾ ഐസ് ഓൺ റഫ' എന്ന വാചകം ഉപയോഗിക്കുന്നത്. അഭയാർത്ഥികൾ താമസിക്കുന്ന റഫയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

റഫയിലെ അവസ്ഥ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ റിക്കിന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞു. പതിനാല് ലക്ഷത്തോളം അഭയാർഥികൾ തിങ്ങിപാർക്കുന്ന റഫയിൽ പക്ഷെ ഇസ്രയേൽ ആക്രമണം നടത്തി. പ്രദേശത്തെ ആക്രമണം നിർത്തിവെക്കാൻ യുഎൻ ഉന്നത കോടതി ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളും പൊള്ളലേറ്റ മനുഷ്യരുടെ കരച്ചിലുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ആദ്യം അഭയാർഥി ക്യാമ്പിലെ ആക്രമണം നിഷേധിച്ച ഇസ്രയേൽ പിന്നീട് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് 'എല്ലാ കണ്ണുകളും റഫയിൽ' എന്ന വാചകത്തോടുകൂടിയ എ ഐ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്, സേവ് ദ ചിൽഡ്രൻ, അമേരിക്കൻസ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ ആക്ഷൻ, പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ, ഓക്‌സ്ഫാം തുടങ്ങിയ സംഘടനകളും സെലിബ്രിറ്റികളും ഈ ക്യാപെയിൻ ഏറ്റെടുത്തു. പാരീസ്, ലണ്ടൻ, നെതർലാൻഡ്സ്, ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ ഈ മുദ്രാവാക്യമുപയോഗിച്ച് പ്രതിഷേധ ജാഥകൾ നടന്നു.

അതീവ ദയനീയമാണ് റഫയിലെ കാര്യങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങൾ ഉയരുമ്പോളും ഇസ്രായേൽ തങ്ങളുടെ ആക്രമണം തുടരുകയാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 25 ഓളം പേരാണ് റഫയിൽ കൊല്ലപ്പെട്ടത്. റഫയിലെ അൽ മവാസിയിലെ ടെന്റ് ക്യാമ്പിന് നേരേയാണ് ആക്രമണമുണ്ടായത്. അതേസമയം മേഖലയിലെ അരക്ഷിതാവസ്ഥ രൂക്ഷമായതോടെ റഫാ മേഖയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് യുഎൻ അടക്കമുള്ളവർ നേരിടുന്നത്.

14 ലക്ഷത്തോളം പേരാണ് നിലവിൽ റഫയിൽ മാത്രം അഭയം പ്രാപിച്ചിരിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ അഞ്ച് മടങ്ങാണ് റഫയിലെ ഇപ്പോഴത്തെ ജനസംഖ്യ. നോർവീജിയൻ അഭയാർഥി സമിതിയുടെ കണക്കുപ്രകാരം റഫയുടെ ഓരോ ചതുരശ്ര കിലോമീറ്ററിലും 22,000 അഭയാർഥികളാണുള്ളത്. ഗാസയിലെ ജനങ്ങളുടെ അവസാന അഭയകേന്ദ്രമാണ് ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന റഫ.

അഭയാർഥികൾ ഇനി എങ്ങോട്ടുപോകുമെന്നാണ് റഫ സന്ദർശിച്ചശേഷം തിരിച്ചെത്തിയ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടറായ ഡോ. റിക് പീപ്പർകോൺ ചോദിക്കുന്നത്. വൈകിയാണെങ്കിലും ലോകത്തിന്റെ കണ്ണുകൾ റഫയിലേക്ക് നീളുകയാണ്. അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങൾക്ക് പുല്ല് വില കൽപ്പിച്ച് ജീവിതത്തിന്റെ എല്ലാം നഷ്ടപ്പെട്ട് ജീവൻ രക്ഷിക്കാൻ അഭയാർത്ഥികളായ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തുന്ന, പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനറ്റ ശവശരീരം കണ്ടിട്ടും മനസലിയാതെ ആക്രമണം തുടരുന്ന ഇസ്രായേലിന് ലോകത്തിന്റെ ഈ പ്രതിഷേധമൂലം എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍