EXPLAINER

ടൈറ്റന് സംഭവിച്ചത് കറ്റാസ്ട്രോഫിക് ഇംപ്ലോഷന്‍ ആകാം, സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ നല്‍കുന്ന സൂചന

അഞ്ച് ദിവസമായി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തി വന്ന തിരച്ചില്‍ അവസാനിപ്പിച്ചു

വെബ് ഡെസ്ക്

അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി യാത്ര തിരിച്ച് അപകടത്തില്‍പ്പെട്ട ടൈറ്റൻ എന്ന സമുദ്ര പേടകത്തിലുണ്ടായത് കറ്റാസ്ട്രോഫിക് ഇംപ്ലോഷന്‍ ആണെന്ന് നിഗമനം. ആഴക്കടലിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ മാരകമായ ഒരു സ്‌ഫോടനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പേടകത്തിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായി കഴിഞ്ഞ അഞ്ച് ദിവസമായി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തി വന്ന അതിവ്യാപകമായ തിരച്ചിൽ അവസാനിപ്പിച്ചതിന് പിന്നാലെയാണ് അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

എന്താണ് കറ്റാസ്ട്രോഫിക് ഇംപ്ലോഷന്‍?

ഒരു വസ്തു പൊട്ടിത്തെറിക്കുന്ന സ്‌ഫോടനത്തിന്റെ സ്വഭാവത്തിന് പകരം അതിന്റെ അകത്തേയ്ക്ക് തന്നെ ഉണ്ടാകുന്ന പൊട്ടിത്തെറിയാണ് ഇംപ്ലോഷന്‍ (ചുരുങ്ങിപ്പോകുന്ന അവസ്ഥ) . ഇത് മില്ലിസെക്കന്റുകൾക്ക് ഉള്ളിലാണ് നടക്കുന്നത്. സമുദ്രോപരിതലത്തിൽ നിന്ന് 13000 അടി താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. സമുദ്രോപരിതലത്തിൽ 100 കിലോപാസ്കൽ ആണ് അന്തരീക്ഷ മർദ്ദമെങ്കിൽ, താഴ്ചയിലേക്ക് പോകും തോറും ഇത് വർധിക്കും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഉള്ളിടത്ത് ഇത് 41000 കിലോപാസ്കൽ ആണ്. ഈ അന്തരീക്ഷ മർദ്ദം ഒരു വസ്തുവിൽ ഉണ്ടാക്കുന്ന പ്രഹരം, ഉള്ളിലേക്കുള്ള പൊട്ടിത്തെറിയ്ക്ക് കാരണമാകുകയും അതിലുള്ളവർ ക്ഷണ നേരംകൊണ്ട് മരിക്കുകയും ചെയ്യും.

അപകടത്തില്‍ മരിച്ച ഷഹ്‌സാദ ദാവൂദ്, സുലൈമാന്‍ ദാവൂദ്, പോള്‍ ഹെന്റി നാര്‍സലെ, സ്റ്റോക്ക്ടൺ റഷാ, ഹാമിഷ് ഹാര്‍ഡിങ്
അന്തരീക്ഷമർദ്ദം നിയന്ത്രിക്കുന്ന പ്രഷർ ഹള്ളിന്റെ പ്രവർത്തനം നിലച്ചതാകാം ടൈറ്റൻ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എഞ്ചിനീയറിംഗ് പ്രൊഫസർ റോഡറിക് സ്മിത്ത് പറയുന്നു.

ടൈറ്റനിന് എന്താണ് സംഭവിച്ചത്?

കനേഡിയന്‍ തീരദേശ പ്രവിശ്യയായ സെന്റ് ജോണ്‍സ് ന്യൂ ഫൗണ്ട്ലാൻഡ് 700 കിലോമീറ്റർ അകലെയായിരുന്നു ബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ പേടകം ഉണ്ടായിരുന്നത് എന്നാണ് കാനഡയുടെ ജോയിന്റ് റെസ്ക്യൂ കോ-ഓർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട്. ഈ സമയം ടൈറ്റൻ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോയി ഒരു മണിക്കൂർ 45 മിനിറ്റ് പിന്നിട്ടിരുന്നു. എന്നാൽ, എപ്പോഴാണ്, എവിടെവച്ചാണ് സ്ഫോടനം ഉണ്ടായതെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.

അന്തരീക്ഷമർദ്ദം നിയന്ത്രിക്കുന്ന പ്രഷർ ഹള്ളിന്റെ പ്രവർത്തനം നിലച്ചതാകാം ടൈറ്റൻ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എഞ്ചിനീയറിംഗ് പ്രൊഫസർ റോഡറിക് സ്മിത്തിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കണമെങ്കിൽ, അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം.

പരിശോധന തുടരും

പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനും എന്തെങ്കിലും ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി സമുദ്രപേടകത്തിന്റെ പരമാവധി അവശിഷ്ടങ്ങൾ അധികൃതർ ശേഖരിക്കുമെന്ന് ബ്രിട്ടനിലെ റോയൽ നേവിയിലെ മുൻ അന്തർവാഹിനി ക്യാപ്റ്റൻ റയാൻ റാംസെ പറയുന്നു. സമുദ്രപേടകങ്ങൾക്ക് ബ്ലാക്ക് ബോക്സുകൾ ഇല്ല. അതിനാൽ കപ്പലിന്റെ അവസാന ചലനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കില്ല. എങ്കിലും മറ്റ് നടപടിക്രമങ്ങൾ ഒരു വിമാനാപകടത്തിന്റേതിന് സമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തിയ പരമാവധി അവശിഷ്ടങ്ങൾ ഉപരിതലത്തിലേക്ക് എത്തിച്ച് കഴിഞ്ഞാൽ പേടകം നിർമ്മിച്ച കാർബൺ ഫൈബർ ഘടനയിൽ വന്നിട്ടുള്ള വിള്ളലിനെ സസൂക്ഷ്മം നിരീക്ഷിക്കും. അവസാന നിമിഷങ്ങളിൽ പേടകത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഈ പാളികളിൽ നിന്നുള്ള കണ്ടെത്തലുകൾ സുപ്രധാനമാണ്. കാർബൺ ഫൈബർ ഫിലമെന്റുകളുടെ ദിശ പരിശോധിക്കാൻ ഓരോ കഷ്ണവും സൂക്ഷ്മദർശിനിയിൽ സൂക്ഷ്മമായി പരിശോധിക്കും. വിള്ളൽ എവിടെ നിന്നാരംഭിച്ചു എന്നാണ് ഈ പ്രക്രിയയിലൂടെ കണ്ടെത്താൻ ശ്രമിക്കുക. പേടകത്തിന്റെ ഘടനയിൽ വന്ന വീഴ്ചയാണോ പൊട്ടിത്തെറിക്ക് പിന്നിലെന്ന് ഇതുവഴി കണ്ടെത്തുക.

സമുദ്രപേടകം ടൈറ്റന് എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു?

ടൈറ്റന്‍ സമുദ്രത്തിന്റെ അഗാധതയില്‍ അവസാനിക്കുമ്പോള്‍ പ്രധാനമായും രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ ആയിരിക്കും ഇനി വിദഗ്ദര്‍ക്ക് മുന്നിലുള്ളത്. സമുദ്രപേടകം ടൈറ്റന് എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു? കണ്ടെടുത്ത അവശിഷ്ടങ്ങൾ പേടകത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങളുടേതാണ്. ഒന്ന് ടൈറ്റന്റെ വാൽ കോണും മറ്റൊന്ന് ലാൻഡിംഗ് ഫ്രയിമും.

ഘടനയിലുണ്ടായ വീഴ്ചയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരും. മുൻപ് ആരോപണങ്ങൾ ഉയർന്നത് പോലെ ശരിയായ പരിശോധന ഉണ്ടായിട്ടില്ലേ എന്ന് അന്വേഷിക്കും. ഇത്തരം നിർമ്മാണങ്ങളിൽ അതിസൂക്ഷ്മ പരിശോധന ആവശ്യമാണ്.

അപകടത്തിന്റെ ഇരകള്‍

പാകിസ്താനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, ഓഷ്യൻഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ക്ടൺ റഷാ, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കിക്കഴിഞ്ഞു. പിന്നാലെ, മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പാകിസ്താനും അറിയിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഓഷന്‍ഗേറ്റും രംഗത്തെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ