EXPLAINER

അയല്‍പക്കവുമായി ഒട്ടും സ്വരചേര്‍ച്ചയില്ല; എന്താണ് ശരിക്കും ചൈനയുടെ പ്രശ്നം?

ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല.

സനു ഹദീബ

വിവിധ അയൽരാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. അതിർത്തി തർക്കങ്ങൾ അവസാനിക്കാതെ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിർത്തിയിൽ ചൈന പ്രകോപനങ്ങൾ സൃഷ്ടിച്ചത്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ ഹോങ്കോങുമായും സംഘർഷത്തിൽ ഏർപ്പെടുകയാണ് ചൈന. എന്താണ് ചൈനയുടെ യഥാർത്ഥ പ്രശ്നം ?

ചൈന - തായ്‌വാൻ സംഘർഷങ്ങൾ :

തെക്ക്-കിഴക്കൻ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയാണ് തായ്‌വാൻ ദ്വീപ് രാഷ്ട്രം സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ തായ്‌വാൻ ചൈനീസ് സാമ്രാജ്യത്തിൻ്റെ പൂർണ നിയന്ത്രണത്തിൽ ആയിരുന്നു. പിന്നീട് 1895-ൽ ഇത് ഒരു ജാപ്പനീസ് കോളനിയായി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനുശേഷം ചൈന ദ്വീപ് വീണ്ടെടുത്തു. ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും 1949-ൽ കമ്മ്യൂണിസ്റ്റുകൾ ചൈനയുടെ ഭരണം പിടിക്കുകയും ചെയ്തു.

പരാജയപ്പെട്ട കുമിൻതാങ്ങിന്റെ നാഷണലിസ്റ് പാർട്ടി ദ്വീപിലേക്ക് പലായനം ചെയ്യുകയും തായ്‌വാൻ എന്ന സ്വതന്ത്ര രാജ്യം രൂപീകരിച്ച് ഭരണം ആരംഭിക്കുകയും ചെയ്തു

ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന വാദിക്കുന്നു. എന്നാൽ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള തായ്‌വാൻ തങ്ങളെ ചൈനയിൽ നിന്ന് വേർപ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്‌വാൻ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങൾ മാത്രമാണ്. തായ്‌വാനുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് നേരെ സമ്മർദം ചെലുത്തലാണ് ചൈനയുടെ രീതി.

തായ്‌വാൻ ഏതുവിധേനയും തിരിച്ചെടുക്കുമെന്ന് ചൈനയും അധിനിവേശത്തിനെതിരെ പോരാടുമെന്ന തായ്‌വാനും ഉറപ്പിച്ച് പറയുന്നു. വളരെ വര്ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കിഴക്കൻ ഏഷ്യയിൽ സജീവമായി നിലനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ചൈനയെ ചൊടിപ്പിച്ചത് തായ്വാൻ തിരഞ്ഞെടുപ്പാണ്.

തായ്‌വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയതാണ് ചൈനക്ക് തിരിച്ചടിയായത്. തായ്‌വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. പിന്നാലെ തന്നെ തായ് വാന് മുന്നറിയുപ്പമായി ചൈന സൈനിക നീക്കങ്ങൾ ആരംഭിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ചൈന - ഹോങ്കോങ് സംഘർഷങ്ങൾ :

പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ചൈനീസ് നിയന്ത്രണത്തിലായിരുന്ന ഹോങ്കോങ് 1842ലെ ഒന്നാം കറുപ്പ് യുദ്ധത്തിന് ശേഷമാണ് ബ്രിട്ടീഷ് കോളനിയായി മാറിയത്. ഹോങ്കോങ് തിരിച്ചുവേണമെന്ന ചൈനീസ് ആവശ്യത്തിന്മേല്‍ പലതവണ ബ്രട്ടനും ചൈനയും നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ 1898ല്‍ ഒരു കരാര്‍ നിലവിൽ വന്നു. കരാർ പ്രകാരം 99 വര്‍ഷത്തേക്ക് ചൈന, ഹോങ്കോങ് ബ്രിട്ടന് പാട്ടത്തിന് നല്‍കി. ഇടക്ക് ഹോങ്കോങ് ജപ്പാൻ കോളനിയായെങ്കിലും വീണ്ടും ബ്രിട്ടന്റെ നിയന്ത്രണത്തിൽ തിരിച്ചെത്തി. പാട്ടക്കാലാവധിക്ക് ശേഷം 1997ലാണ് ഹോങ്കോങ് വീണ്ടും ചൈനയുടെ അധികാരപരിധിയിലെത്തുന്നത്.

സ്വതന്ത്രരാജ്യ പദവി നല്‍കാതെ വീണ്ടും ചൈനയ്ക്ക് കീഴില്‍ കഴിയേണ്ടി വരുന്നത് ഹോങ്കോങ്ങിലെ വലിയൊരു വിഭാഗങ്ങളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ജനാധാപത്യത്തിന്റെ ശബ്ദമുയര്‍ത്തി പലപ്പോഴായി ഹോങ്കോങില്‍ പ്രതിഷേധങ്ങളുയര്‍ന്നു. ചൈനയുടെ വിശ്വസ്തനായ ജോണ്‍ ലീ ആണ് ഹോംഗ് കോങ്ങ് ചീഫ് എക്‌സിക്യൂട്ടീവ്. അദ്ദേഹം ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തികൊണ്ടിരുന്നു.

50 വര്‍ഷത്തേക്ക് ഹോങ്കോങിലെ ജനാധിപത്യ രീതികളില്‍ മാറ്റം വരുത്തില്ല എന്നതായിരുന്നു അധികാരക്കൈമാറ്റ കാലത്ത് ചൈന നൽകിയ ഉറപ്പ്. എന്നാൽ ചൈന ഹോങ്കോങ് ദേശ സുരക്ഷാ നിയമം പാസാക്കി. ദേശസുരക്ഷയ്ക്ക് 'ഭീഷണിയായ' ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് കൈമാറുന്ന പ്രക്രിയ വേഗത്തിലാക്കുന്നതായിരുന്നു നിയമം. ഈ ബില്ലിനെതിരെ 2019ൽ ഹോങ്കോങ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിരുന്നു.രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിഘടനവാദവും ഭീകരവാദവും തടയാനാണ് നിയമമെന്നായിരുന്നു ചൈനീസ് അവകാശവാദം.

ഹോങ്കോങ്ങിനെ ചൈന സ്വതന്ത്രമാക്കും എന്ന പ്രതീക്ഷിച്ചവർക്കുള്ള തിരിച്ചടിയായിരുന്നു ഈ നിയമം. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ പോലും ഹോങ്കോങില്‍ ദേശവിരുദ്ധ പ്രവര്‍ത്തിയാണ്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ 14 പേര്‍ കുറ്റക്കാരെന്ന് ഹോങ്കോങ് കോടതി കണ്ടെത്തിയത് ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി