EXPLAINER

'ഷോംപെൻ ജനതയെ വംശഹത്യക്കിരയാക്കരുത്'; ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഇന്ത്യ പ്രതീക്ഷിക്കുന്ന വികസനമെന്ത്?

ഷോംപെൻ എന്ന മംഗ്ലോയിഡ് വംശജരായ ഗോത്രസമൂഹങ്ങളുടെ ആവാസ കേന്ദ്രമാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്

വെബ് ഡെസ്ക്

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഇന്ത്യ നടത്താൻ പോകുന്ന വികസന പദ്ധതികളെ വലിയ ആശങ്കയോടെയാണ് ലോകത്താകമാനമുള്ള ഗവേഷകർ കാണുന്നത്. അതിന്റെ അടയാളമാണ് കഴിഞ്ഞ ദിവസം 13 രാജ്യങ്ങളിൽ നിന്നുള്ള 39 ഗവേഷകർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്ത്. ദ്വീപിലെ വികസന പദ്ധതികൾ നിർത്തിവെച്ച് ഒരു ജനസമൂഹത്തെ ഇല്ലാതാക്കുന്നത് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം. പദ്ധതി പരിമിതമായ രൂപത്തിലെങ്കിലും മുന്നോട്ടുപോയാൽ ഒരു സമൂഹത്തെയാകെ വംശഹത്യ നടത്തുന്നപോലെയാകും അതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ഇന്ത്യയുടെ 900 കോടി ഡോളർ പദ്ധതി? പദ്ധതി നടന്നാൽ വംശഹത്യക്കിരയാകാൻ പോകുന്ന ഷോംപെൻ ജനസമൂഹം ആരാണ്?

ഗ്രേറ്റ് നിക്കോബാർ ദ്വീപ്

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതുമായ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. മനുഷ്യവാസം വളരെ കുറവുള്ള (8067പേർ) ഇവിടെ മഴക്കാടുകളും കണ്ടൽക്കാടുകളും നിറഞ്ഞ ജൈവസമ്പന്ന മേഖലയാണ്. 900 ചതുരശ്ര കിലോമീറ്റർ (350 ചതുരശ്ര മൈൽ) വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപ് ചെന്നൈയിൽനിന്ന് ഏകദേശം 800 മൈൽ (ഏതാണ്ട് 1300 കിലോ മീറ്റർ) കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.

സാംക്രമിക ബാഹ്യ രോഗങ്ങൾക്ക് പ്രതിരോധശേഷിക്കുറവാണ് ഈ സമൂഹത്തിന്. പുറം ലോകവുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഇവരെ കൂട്ടമരണത്തിലേക്ക് നയിച്ചേക്കാം

ഷോംപെന്‍ എന്ന മംഗ്ലോയിഡ് വംശജരായ ഗോത്രസമൂഹങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം. ആയിരക്കണക്കിന് വർഷങ്ങളായി ദ്വീപിൽ താമസിക്കുന്ന സമൂഹമാണ് ഷോംപെനുകൾ. നിലനിൽപ്പിനായി പൂർണമായും മഴക്കാടുകളെ ആശ്രയിക്കുന്നു. പുറംലോകവുമായി വലിയ ബന്ധമില്ല. ഒറ്റപ്പെട്ട് ജീവിക്കാനാണ് താത്പര്യം. ഏറെക്കാലം ഇങ്ങനെ ജീവിച്ചതിനാൽ ഇനി പുറംലോകവുമായി ബന്ധപ്പെടുന്നത് ഇവർക്ക് അപകടമുണ്ടാക്കുമെന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്. പെട്ടെന്ന് രോഗങ്ങൾ ബാധിക്കാനും അതിലൂടെ മരണ സാധ്യതയും ഏറെയാണ്.

ഷോംപെന്‍ ജനതയ്ക്ക് പുറമെ നിക്കോബാറീസ് എന്ന സമൂഹവും ഇവിടെ താമസമുണ്ട്. എന്നാൽ താരതമ്യേന പുറംലോകവുമായി ബന്ധപ്പെടാവുന്നവരാണ് നിക്കോബാറീസ് സമൂഹം. ആകെ 8000 നിവാസികൾ ദ്വീപിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

2013 ൽ യുനെസ്കോയുടെ ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത പ്രദേശം കൂടിയാണ് ഗ്രേറ്റ് നിക്കോബാർ.

ദ്വീപിനായുള്ള കേന്ദ്രത്തിന്റെ വികസന പദ്ധതികൾ

ഗ്രേറ്റ് നിക്കോബാറിൽ 130.75 ചതുരശ്ര കിലോമീറ്റർ വനം വികസനത്തിനായി മാറ്റാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിതി ആയോഗ് രൂപകല്‍പന ചെയ്ത പദ്ധതിക്ക് നേതൃത്വം നൽകുന്നത് ആൻഡമാൻ നിക്കോബാർ സംയോജിത വികസന കോർപറേഷനാണ്. ഇന്ത്യൻ മഹാസമുദ്ര ദ്വീപിനെ 'ഇന്ത്യയുടെ ഹോങ്കോങ്' ആക്കാനാണ് പദ്ധതി.

14.2 ദശലക്ഷം ടിഇയു (ചരക്ക് ശേഷിയുടെ യൂണിറ്റ്) കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലാണ് മുഖ്യ പദ്ധതി. പ്രതിവർഷം 1.6 കോടി ഷിപ്പിങ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ടാകും. ഒപ്പം രാജ്യാന്തര വിമാനത്താവളവും ടൗൺഷിപ്പ്മെന്റും ഗ്യാസ്- സോളാർ പവർ പ്ലാന്റും സൈനിക താവളവും വ്യവസായ പാർക്കും പദ്ധതിയിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരം വർധിപ്പിക്കാനും ധാരണയുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത്, മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കുന്ന പദ്ധതിയെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമായാണ് സർക്കാർ കാണുന്നത്

ഇന്ത്യൻ മഹാസമുദ്രത്തിൽ ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത്, മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കുന്ന പദ്ധതിയെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമായാണ് സർക്കാർ കാണുന്നത്. ആൻഡമാൻ ദ്വീപുകൾക്കൊപ്പം ഗ്രേറ്റ് നിക്കോബാറും ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതകളിൽ ഒന്നാണ്.

ദ്വീപിൽ 850,000 മരങ്ങൾ മുറിക്കുന്നതിന് പാരിസ്ഥിതികാനുമതി നൽകിക്കഴിഞ്ഞു. വരും മാസങ്ങളിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുമെന്നും ഗലാത്തിയ ബേയിലെ തുറമുഖത്തിൻ്റെ നിർമാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ഈ പദ്ധതി ഇന്ത്യയുടെ വികസനത്തിൽ പ്രധാന നാഴികക്കല്ലായിരിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുമെന്നുമാണ് അധികൃതരുടെ അവകാശ വാദം. പദ്ധതിയുടെ ഓരോ വശവും വിവിധ മന്ത്രാലയങ്ങൾ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും സ്ഥലത്തെ വൈവിധ്യങ്ങൾക്ക് ഭീഷണിയുണ്ടാക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയിലെ ആശങ്കകൾ എന്തെല്ലാം?

ഈ പദ്ധതി ' ദ്വീപിന്റെ സവിശേഷമായ പരിസ്ഥിതിയെയും ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ ആവാസവ്യവസ്ഥയെയും ഫലത്തിൽ നശിപ്പിക്കും' എന്ന് ചൂണ്ടിക്കാട്ടി 70 മുൻ സർക്കാർ ഉദ്യോഗസ്ഥരും അംബാസഡർമാരും കഴിഞ്ഞ വർഷം രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ താല്പര്യമില്ലാത്ത ഷോംപെന്‍ സമൂഹത്തിനുണ്ടാകുന്ന നഷ്ടങ്ങളാണ് പ്രധാനപ്പെട്ടത്. വീടും താമസ സ്ഥലങ്ങളും നഷ്ടപ്പെടുന്നുവെന്നതിനപ്പുറം അവരുടെ ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാകുന്നു. വേട്ടയാടാനും പതിവ് ജീവിതരീതി പിന്തുടരാനും അവർക്ക് കഴിയില്ല.

പുറം ലോകമായി സമ്പർക്കം പുലർത്തുമ്പോളുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഇവരെ കൂട്ടമരണത്തിലേക്ക് നയിച്ചേക്കാം. മാനസികമായും ഷോംപെന്‍ ജനത തകർക്കപ്പെടും. എത്ര തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞാലും പദ്ധതിയുടെ വ്യാപ്തി മൂലം ഈ ജനതയെ ബാധിക്കുമെന്നതിൽ സംശയമില്ല.

'ആവശ്യമെങ്കിൽ' തദ്ദേശീയരെ മാറ്റിപ്പാർപ്പിക്കാമെന്ന് പറയുന്നതല്ലാതെ, ദ്വീപിൽ താമസിക്കുന്ന ഷോംപെൻ, നിക്കോബാറീസ് ജനതയ്ക്ക് എന്ത് സംഭവിക്കുമെന്ന് സർക്കാരിൻ്റെ പദ്ധതികളിൽ പരാമർശിക്കുന്നില്ല.

ജൈവവൈവിധ്യത്തിലും പരിസ്ഥിതിയിലുമുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പരിസ്ഥിതി സ്നേഹികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വനനശീകരണവും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനവും ജൈവ വൈവിധ്യത്തിൽ വലിയ ആഘാതം സൃഷ്ടിക്കും. ദ്വീപിൽ മാത്രം കാണപ്പെടുന്ന വന്യജീവികൾ ഈ പദ്ധതി കാരണം വലിയരീതിയിൽ കഷ്ടതയനുഭവിക്കും.

ദ്വീപുകളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും ജൈവവൈവിധ്യവും തദ്ദേശീയ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ശാസ്ത്രസമൂഹം ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്.

നീണ്ട വാലുള്ള മക്കാക്കു കുരങ്ങുകൾ, ചെറിയ സസ്തനികളായ ട്രീഷ്രൂകൾ, സ്കോപ്സ് മൂങ്ങകൾ തുടങ്ങി നിരവധി പ്രാദേശിക ജീവിവർഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഗ്രേറ്റ് നിക്കോബാർ. ലെതർബാക്ക് കടലാമകൾ കൂടുകൂട്ടുന്ന പ്രദേശമാണ് ഗലാത്തിയ.

പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രകാരം 12 മുതൽ 20 ഹെക്ടർ വരെ കണ്ടൽക്കാടുകൾ നഷ്‌ടപ്പെടാൻ പദ്ധതി കാരണമാകും. പുഴകളിലും അതിന്റെ കൈവഴികളിലും ഇവിടെ ധാരാളം ഓരുജല മുതലകൾ കാണപ്പെടുന്നു. ഇതിന്റെ പ്രജനന ഇടങ്ങളൊക്കെയും നശിച്ചുപോകും. ഇത്തരം മുതലകൾ ഷോംപെൻ ജനസമൂഹത്തിന്റെ ഭക്ഷണത്തിന്റ ഭാഗമാണ്.

രാഷ്ട്രപതിക്ക് കത്ത്

പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാഷ്ട്രപതിക്കയച്ച കത്തിൽ, ഒരു സമൂഹത്തിനെ വംശഹത്യ നടത്തരുതെന്നാണ് ആവശ്യപ്പെടുന്നത്. ഗ്രേറ്റ് നിക്കോബാർ മെഗാ-പ്രോജക്റ്റിനായുള്ള എല്ലാ പദ്ധതികളും അടിയന്തിരമായി റദ്ദാക്കാൻ സർക്കാരിനോടും ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെടുന്നുവെന്നും കത്തിൽ പറയുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇതിനെതിരെ പല വഴികളിലൂടെയും പരിസ്ഥിതി പ്രേമികളും ഗവേഷകരും സഞ്ചരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നുമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ