EXPLAINER

എന്താണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം? സത്യവും മിഥ്യയും

വഖഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എംഎ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്

റഹീസ് റഷീദ്

ഗുജറാത്തുകാരനായ അബ്ദുല്‍ സത്താര്‍ സേട്ട് കൊച്ചിയില്‍ എത്തുന്ന 1902ലാണ്, മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം തുടങ്ങുന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് 406 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിനായി സേട്ടിന് പാട്ടത്തിന് കൊടുത്തു. 1948 ആയപ്പോഴേക്കും സത്താര്‍ സേട്ടിന്റെ പിന്‍ഗാമിയായ സിദ്ധീഖ് സേട്ടിന്റെ പേരില്‍ ആ ഭൂമി മഹാരാജാവ് തീറാധാരം ചെയ്തു നല്‍കി. കേരളപ്പിറവക്ക് മുന്‍പാണ് ഇതൊക്കെ സംഭവിക്കുന്നത്.

മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 1948 ഓഗസ്റ്റ് മാസം 12-ാം തീയതി തുടങ്ങിയ കോഴിക്കോട്ടെ ഫറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി സിദ്ദീഖ് സേട്ട് വഖഫ് ചെയ്തു. ഒരു ലക്ഷ്യം വെച്ചുള്ള ദാനം എന്നാണ് വഖഫ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇവിടുത്തെ ലക്ഷ്യം ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ പുരോഗതിയായിരുന്നു. 1950 നവംബര്‍ 1ന് , എടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോളേജിന് ഈ ഭൂമി ആവിശ്യമല്ലാതെ വരുന്ന ഘട്ടത്തില്‍ സിദ്ധീഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കോ ഭൂമി തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം. വെല്ലുവിളികള്‍ നിറഞ്ഞ കോളേജിന്റെ മുന്നോട്ടുള്ള പോക്ക് മറികടക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഫറൂഖ് കോളേജ് മാനേജ്‌മെന്റ് എറണാകുളം ജില്ലയിലുള്ള മുനമ്പത്തെ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എംവി പോളും അഡ്വ. മൈക്കിളും ആയിരുന്നു ഭൂമി നോക്കി നടത്തിയിരുന്നത്. അവര്‍ക്ക് ഫറൂഖ് കോളേജ് പവര്‍ ഓഫ് അറ്റോണി നല്‍കിയെന്നും അതുവെച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്നും പറയപ്പെടുന്നു.

വഖഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എംഎ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടു എന്നതായിരുന്നു കണ്ടെത്തല്‍. അതില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. 407 ഏക്കറില്‍ 188 ഏക്കര്‍ വില്‍പ്പന നടത്തിയതായാണ് നിസാര്‍ കമ്മീഷന്റെ കണ്ടെത്തല്‍, 22 ഏക്കര്‍ കടലെടുത്തു. 196 ഏക്കര്‍ ബാക്കി കിടപ്പുണ്ടെന്നും പറയുന്നു. ഈ റിപ്പോര്‍ട്ട് 2010ല്‍ അംഗീകരിച്ച സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

ഞങ്ങള്‍ക്ക് വഖഫായി കിട്ടിയ ഭൂമി കാണാനില്ലെന്ന പരാതി ഫറൂഖ് കോളേജ് നല്‍കിയതിന്റെ അടിസ്ഥാനത്തിലൊന്നുമല്ല നിസാര്‍ കമ്മീഷന്റെ കണ്ടെത്തലെന്ന് ഓര്‍ക്കണം. ഇപ്പോഴും ആ ഭൂമി തിരിച്ച് പിടിക്കണമെന്ന നിലപാട് ഫറൂഖ് കോളേജിന് ഇല്ലതാനും. വഖഫ് ബോര്‍ഡിനും അങ്ങനെ ഒരു ആവശ്യമില്ല. വഖഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മയാണ് ഭൂമി തിരിച്ച്പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എറണാകുളത്തുള്ള കുറച്ചാളുകളാണ് കൂട്ടായ്മക്ക് പിന്നില്‍. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഹൈക്കോടതി 2016ല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മനുഷ്യവകാശ പ്രശ്‌നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കോടതി സ്റ്റേ നല്‍കി. ഇതോടെ ഭൂമിയുടെ ക്രയവിക്രയം മാത്രമല്ല പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ പോലുംപറ്റാത്ത സ്ഥിതിയിലായി അവിടെയുള്ള മനുഷ്യര്‍.

എസ്ഡിപിഐയും പിഡിപിയും ഒഴിച്ചുള്ള മുസ്ലീം രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതോടെ പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്ന് കരുതാം. അപ്പോഴുള്ള മറ്റൊരു പ്രധാനപ്രശ്‌നം ഫറൂഖ് കോളേജിന് ഭൂമി ആവിശ്യമില്ലാതെ വന്നാല്‍ തിരിച്ചെടുക്കാമെന്ന ക്ലോസ് സിദ്ദീഖ് സേട്ട് വെച്ചിരുന്നതിനാല്‍ സേട്ടിന്റെ അനന്തരവാകാശികളില് ആരെങ്കിലും ഒരാള്‍ അവകാശവാദം ഉന്നയിച്ച് വരുകയോ കോടതിയെ സമീപിക്കുകയോ ചെയ്താല്‍ എല്ലാം തകിടം മറിയുമോ എന്നതാണ്.

600 ന് അടുത്ത് വരുന്ന കുടുംബങ്ങള്‍ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന് ആശങ്കപ്പെട്ട് കഴിയുന്ന പ്രശ്‌നമാണിത്. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ എല്ലാവരും അഡ്രസ് ചെയ്യുന്നത് നല്ലകാര്യം. ഇതിനിടയില്‍ മുസ്ലീം സമുദായവും ക്രൈസ്തവരായ ലത്തീന്‍ കത്തോലിക്കരും തമ്മിലുള്ള വിഷയമായി ഇതിനെ വഴി തിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രത്യേകിച്ച് ബിജെപി ക്രൈസ്തവരിലേക്ക് കയറിപ്പോകാനുള്ള വഴിയായി ഇതിനെ കാണുന്നു. അത് തിരിച്ചറിഞ്ഞ്, ഒരാളെ പോലും കുടിയിറക്കാതെയുള്ള പ്രശ്‌ന പരിഹാരം ഉണ്ടാവട്ടെ.

കൃഷ്ണയ്യരുടെ വിധി സുപ്രീംകോടതി തിരുത്തി; പൊതുനന്മ മുൻനിർത്തി എല്ലാ സ്വകാര്യ ഭൂമിയും സർക്കാരിന് ഏറ്റെടുക്കാനാകില്ല

മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

ജീവൻ വേണമെങ്കിൽ അഞ്ചുകോടി നൽകണം, സൽമാൻ ഖാന് വീണ്ടും വധഭീഷണി

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍