കൈക്കൂലിക്കേസുകളില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ജനപ്രാതിനിധ്യനിയമമനുസരിച്ചുള്ള പരിരക്ഷകളൊന്നും ലഭിക്കില്ലെന്നും നിയമനിർമാണസഭകളിലെ വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും പറയുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഇത്തരം കേസുകളില്‍ ജനപ്രതിനിധികളെ വിചാരണ ചെയ്യേണ്ടതില്ലെന്ന 1998-ലെ പി വി നരസിംഹ റാവു കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി തിരുത്തിയാണ് ഏഴംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. നരസിംഹ റാവു വേഴ്‌സസ് സ്റ്റേറ്റ് എന്ന കേസിലെ വിധി എന്തുകൊണ്ടായിരിക്കാം കോടതി തിരുത്തിയത്?
കേസിന്റെ നാള്‍വഴികള്‍
2012ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൈക്കൂലി വാങ്ങി ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തെന്ന കേസില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എ സീതാ സോറനെതിരെ കുറ്റം ചുമത്തിയിരുന്നു. 2014ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി അവര്‍ക്കെതിരെ സിബിഐ ചുമത്തിയ കേസ് റദ്ദാക്കിയതുമില്ല. തുടര്‍ന്ന് അതേവര്‍ഷം തന്നെ അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.
മാര്‍ച്ച് 2019ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസുമാരായ അബ്ദുല്‍ നസീറും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് ഈ അപ്പീല്‍ പരിഗണിക്കുകയും പി വി നരസിംഹ റാവു കേസിലെ വിധി ഇത്തരം കേസുകളിൽ പരിഗണിക്കാവുന്നതാണെന്നും നിരീക്ഷിച്ചു.
എന്നാല്‍ നരസിംഹ റാവു കേസിൽ നേരിയ ഭൂരിപക്ഷത്തിലാണ് (3:2) ഈ വിധിയിലേക്ക് അഞ്ചംഗ ബെഞ്ചെത്തിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ വിശാല ബെഞ്ചിലേക്ക് വിടുകയും ചെയ്തു. 2023 സെപ്റ്റംബറില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കേസില്‍ പുനഃപരിശോധിക്കേണ്ട മൂന്ന് പ്രധാന വിഷയങ്ങള്‍ വേര്‍തിരിച്ച് ഏഴംഗ ബെഞ്ചിന് കൈമാറുകായിരുന്നു.
അനുച്ഛേദം 194 (2), 105 (2)എന്നിവയുടെ ഉദ്ദേശ്യം എംഎല്‍എമാരെ പ്രതികാര ഭയമില്ലാതെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണെന്നു പറയുമ്പോൾ തന്നെ ക്രിമിനല്‍ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ നിന്നും ആളുകളെ ഈ വിധി സംരക്ഷിക്കുകയില്ലെന്നും ഇന്ന് ഏഴംഗ ബെഞ്ച് പറഞ്ഞു. കൈക്കൂലിക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ജനപ്രതിനിധികളെ സംരക്ഷിക്കുന്ന വിധിയാണിതെന്ന് 1998ലെ വിധിയോട് വിയോജിച്ചുകൊണ്ട് ജസ്റ്റിസ് എസ്‌സി അഗര്‍വാള്‍ പറഞ്ഞു.
എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കോടതി നടപടികളില്‍ നിന്ന് നിയമസഭാംഗങ്ങള്‍ക്ക് സംരക്ഷണമുണ്ടെന്ന് സീത സോറനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. എംഎല്‍എമാരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മികതയ്ക്കനുസരിച്ച് പുറത്താക്കാനുള്ള അധികാരം പാര്‍ലമെന്റിലെയും നിയമസഭയിലെയും സ്പീക്കര്‍ക്കാണെന്നും അദ്ദേഹം വാദിക്കുന്നു.
എന്നാൽ പി വി നരസിംഹ കേസിൽ പരാമർശിക്കപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അഗർവാൾ നടത്തിയ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. 194(2), 105(2) എന്നീ അനുച്ഛേദങ്ങൾ ഇത്തരത്തിൽ വ്യാഖാനിക്കുന്നതിൽ പ്രശ്നമുണ്ടെന്നും, നിയമനിർമാണ സഭകളിൽ അംഗങ്ങൾക്ക് ഭയമില്ലാതെ പ്രസംഗിക്കാനും വോട്ട് ചെയ്യാനും സാധിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഈ അനുച്ഛേദങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നും, അതിനർഥം ബാഹ്യമായ എന്തുതരം ഇടപെടലുകളുണ്ടായാലും, തട്ടിപ്പുകൾ നടന്നാലും അതൊന്നും ഈ സാമാജികർക്ക് ബാധകമല്ല എന്ന തരത്തിലല്ല വ്യാഖാനിക്കേണ്ടതെന്നുമാണ് ജസ്റ്റിസ് അഗർവാൾ നിരീക്ഷിക്കുന്നത്. നിയമനിർമാണസഭകളിലെ സാമാജികർ ഒരു തരത്തിലുള്ള ബാഹ്യഇടപെടലുകളാലും സ്വാധീനിക്കപ്പെടാതെ, നിർഭയം പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലാകണം എന്നതാണ് അദ്ദേഹത്തിന്റെ വാദം.
നിയമനിർമാണസഭകളിൽ നടത്തുന്ന ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുമ്പോൾ പുറത്ത് നിന്നുള്ള കാര്യങ്ങൾ ബാധിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഈ ഭരണഘടനാ അനുച്ഛേദങ്ങൾ സഹായകമാകും. എന്നാൽ സഭയിൽ ഒരു കാര്യം ചെയ്യാൻ പണം സ്വീകരിക്കുന്നതിന് ഈ അനുച്ഛേദങ്ങൾ സംരക്ഷണം നൽകുന്നില്ല. ജസ്റ്റിസ് അഗർവാൾ നിരീക്ഷിക്കുന്നു.
എന്നാൽ സീത സോറനുവേണ്ടി ഹാജരായ രാജു രാമചന്ദ്രൻ ഈ വ്യാഖ്യാനം ശരിയല്ല എന്ന വാദവുമായി രംഗത്തെത്തി. വളരെ വ്യക്തമായെഴുതിയ ഒരു വാചകത്തെ ഈ തരത്തിൽ വ്യാഖ്യാനിക്കുന്നത് നമ്മൾ ഭാഷയോട് കാണിക്കുന്ന ദ്രോഹമാണ് എന്നായിരുന്നു രാജു രാമചന്ദ്രന്റെ വാദം. അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയും പിവി നരസിംഹ റാവു കേസിലെ വിധിക്കെതിരെ രംഗത്തെത്തി. സീത സോറന്റെ കേസ് ഈ വിധിയുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്നതല്ല എന്നായിരുന്നു വെങ്കട്ടരമണിയുടെ പക്ഷം. സഭയിൽ ഒരു ബില്ലിന്മേൽ വോട്ട് രേഖപ്പെടുത്തുന്നതുപോലെയല്ല രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. സീത സോറന്റെ കേസ് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടു തന്നെ പിവി നരസിംഹ കേസുമായി അതിന് യാതൊരു ബന്ധവുമില്ല എന്നും അറ്റോർണി ജനറൽ പറയുന്നു.
തിരുത്തപ്പെട്ട പിവി നരസിംഹയ്ക്ക് അനുകൂലമായ നിരീക്ഷണങ്ങൾ
പി വി നരസിംഹ കേസിൽ ഭൂരിപക്ഷ വിധി ഭരണഘടനാ അനുച്ഛേദങ്ങൾക്ക് വളരെ വിശാലമായ വ്യാഖ്യാനം നൽകാനാണ് ശ്രമിച്ചത്. അത് പൂർണമായും അംഗീകരിക്കാൻ സാധിക്കില്ല എന്നും വോട്ട് രേഖപ്പെടുത്തിയതിന് പണം നൽകിയിട്ടുണ്ട് എന്ന് തെളിയുകയാണെങ്കിൽ ക്രിമിനൽ നടപടികളിൽ നിന്ന് സാമാജികർക്ക് ഇളവ് നൽകരുത് എന്നാണ് കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു വാഗ്ദാനത്തിന്റെ പുറത്ത് പണം നൽകി എന്ന് തെളിയിക്കപ്പെട്ടാൽ അവിടെ തട്ടിപ്പു നടന്നു എന്ന് വ്യക്തമാണ്. ആ വാഗ്ദാനം നടപ്പിലായാലും ഇല്ലെങ്കിലും അങ്ങനെ ഒരു ജനപ്രതിനിധി ചെയ്താൽ അയാൾ കുറ്റവാളിയാണ് കോടതി നിരീക്ഷിക്കുന്നു.
ജനപ്രതിനിധി എന്ന നിലയിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളും നിയമപരമല്ലാത്ത കാര്യങ്ങളുമെന്താണെന്ന് കോടതി വ്യക്തമാക്കണമെന്നും അതിൽ ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി പണം സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശി ക്കപ്പെടണമെന്നും മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണനും വാദിച്ചു.
പി വി നരസിംഹ കേസിലെ ഭൂരിപക്ഷ വിധിക്ക് 1988ൽ നിലവിൽ വന്ന അഴിമതി നിരോധന നിയമത്തെ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നും ഇത്തരത്തിൽ പണം സ്വീകരിക്കുന്നവരെ സംരക്ഷിക്കുകയാണ് ഈ വിധി ചെയ്യുന്നത് എന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത വാദിച്ചു. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ അഴിമതി കാണിച്ചാൽ എങ്ങനെ ശിക്ഷിക്കപ്പെടണമെന്നു പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടെന്നും അത് പരിഗണിക്കാതെയാണ് പിവി നരസിംഹ കേസിലെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കൂട്ടിച്ചേർത്തു.