തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്‌  
EXPLAINER

വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുന്ന വാഗ്ദാനങ്ങള്‍ പാടില്ല; മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്വകാര്യവസ്തുവിലോ കെട്ടിടത്തിലോ കൊടി, ബാനര്‍ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള അനുമതി വേണം

വെബ് ഡെസ്ക്

സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇതുപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ട്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കും.

പൊതുവായ പെരുമാറ്റം

രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുന്‍കാല പ്രവര്‍ത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. വോട്ട് നേടുന്നതിനായി ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയിലുള്ളതൊന്നും ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിക്കാനോ പാടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്ക് പുറത്ത് പിക്കറ്റിങ്, പ്രകടനം എന്നിവ നടത്തിയാല്‍ നടപടി സ്വീകരിക്കും.

യോഗങ്ങള്‍

പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് പ്രദേശത്തെ പോലീസിന്റെ അനുമതി വാങ്ങണം.

ജാഥകള്‍

എതിരാളികളുടെ കോലങ്ങള്‍ നിര്‍മിക്കാനോ കത്തിക്കാനോ പാടില്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടികള്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം നടത്താന്‍.

പോളിങ് ദിവസം

പോളിങ് ബൂത്തിനകത്ത് പാര്‍ട്ടി ഏജന്റുമാര്‍ തിരിച്ചറിയല്‍ ബാഡ്ജുകള്‍ ധരിക്കണം. ബാഡ്ജുകളില്‍ പാര്‍ട്ടികളുടെ പേര്, ചിഹ്നം, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാധുവായ പാസ്സോ, അധികാരപത്രമോ ഇല്ലാതെ ആരെയും പോളിങ് ബൂത്തില്‍ പ്രവേശിപ്പിക്കില്ല.

നിരീക്ഷകര്‍

പെരുമാറ്റച്ചട്ടലംഘനം സ്ഥാനാര്‍ഥിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിരീക്ഷകനെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ (ഡി ഇ ഒ), റിട്ടേണിങ് ഓഫിസര്‍ (ആര്‍ ഒ) എന്നിവരെയോ അറിയിക്കാം.

അധികാരത്തിലുള്ള പാര്‍ട്ടി

മന്ത്രിമാര്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ ചെലവില്‍ പരസ്യം പാടില്ല. സാമ്പത്തിക സഹായം, പദ്ധതികള്‍ സംബന്ധിച്ച് വാഗ്ദാനം, പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ എന്നിവ അനുവദനീയമല്ല. പൊതു ഇടങ്ങളിലും റെസ്റ്റ് ഹൗസുകളിലും എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായി പ്രവേശനം അനുവദിക്കണം.

പ്രകടനപത്രിക

1. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അഴിമതിയല്ല

2. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുന്നതും തിരഞ്ഞെടുപ്പിന്റെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നതുമായ വാഗ്ദാനങ്ങള്‍ ഒഴിവാക്കണം

3. ഭരണഘടനാ തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായതൊന്നും പ്രകടനപത്രികയില്‍ ഉണ്ടാകരുത്

3. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യുക്തിക്കു നിരക്കുന്നതും നടപ്പാക്കാന്‍ കഴിയുന്നതുമാവണം

4. വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സ്രോതസുകള്‍ സൂചിപ്പിക്കുന്നതാകണം

5. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പുതിയ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ പ്രഖ്യാപിക്കരുത്

6. നിശ്ശബ്ദ പ്രചാരണ കാലയളവില്‍ ഒരുകാരണവശാലും പ്രകടന പത്രിക പ്രസിദ്ധീകരിക്കരുത്.

7. വിവേചനാധികാരമുള്ള ഫണ്ടില്‍നിന്ന് സഹായങ്ങള്‍ പാടില്ല

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദമില്ലാതെ തുടരാവുന്ന പ്രവൃത്തികള്‍

1. മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ആരംഭിച്ച പ്രവൃത്തികള്‍

2. തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവില്‍ തിരഞ്ഞെടുത്ത പദ്ധതികള്‍.

3. പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുക നല്‍കല്‍

4. അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികള്‍ ഏറ്റെടുക്കാം

5. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം

6. പൊതുഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങളോ ഹോള്‍ഡിങ്ങുകളോ പാടില്ല

ശ്രദ്ധിക്കേണ്ടവ

വിവിധ വിഭാഗക്കാര്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കുന്ന പ്രചാരണങ്ങളാേ വ്യക്തിയുടെ സ്വകാര്യജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ പാടില്ല. പൊതുപരിപാടികള്‍ക്കു മുന്‍കൂര്‍ അനുമതി വേണം. അത്തരം പരിപാടികള്‍ ജില്ലാ ഭരണകൂടം വീഡിയോഗ്രാഫിയിലൂടെ സ്പഷ്ടമായി നിരീക്ഷിക്കും. ഇത്തരം പരിപാടികളുടെ ചെലവ് ഐപിസി എസ് 171 എച്ച് പ്രകാരം വകയിരുത്തണം.

കൊടിതോരണങ്ങള്‍

ഒരു സ്ഥലത്ത് ഒരു സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ പരമാവധി മൂന്ന് കൊട മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. ഒരാള്‍ക്ക് ഒന്നിലധികം പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഒരു പാര്‍ട്ടി/സ്ഥാനാര്‍ത്ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ. വാഹനങ്ങളില്‍ പരമാവധി ഒരടി X അരയടി വലിപ്പത്തിലുള്ള ഒരു കൊടി മാത്രമേ പാടുള്ളൂ. കൊടികെട്ടുന്ന പോളിന് മൂന്ന് അടിയില്‍ കൂടുതല്‍ നീളം പാടില്ല. വാഹനങ്ങളില്‍ ബാനര്‍ പാടില്ല. റോഡ് ഷോകള്‍ക്ക് ആറ് X നാല് അടി വലുപ്പത്തിലെ ബാനര്‍ കൈയ്യില്‍ പിടിക്കാം.ഒന്നോ രണ്ടോ ഉചിതമായ ചെറിയ സ്റ്റിക്കറുകള്‍ ഓരോ വാഹനത്തിലും പതിക്കാം. സ്‌പോട്ട് ലൈറ്റ്/സെര്‍ച്ച് ലൈറ്റ്/ഫ്‌ലാഷ് ലൈറ്റ് /സൈറണ്‍ എന്നിവ വാഹനങ്ങളില്‍ അനുവദനീയമല്ല.

സ്വകാര്യവ്യക്തിയുടെ സ്ഥലം/വാഹനങ്ങള്‍

1. സ്വകാര്യവസ്തുവിലോ കെട്ടിടത്തിലോ കൊടി, ബാനര്‍ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള അനുമതി വേണം

2. സംസ്ഥാനത്ത് പ്രാദേശികമായുള്ള നിബന്ധനകള്‍ ബാധകം

3. സ്വകാര്യ വാഹനങ്ങളില്‍ കൊടി, സ്റ്റിക്കര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ അത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

4. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചതൊഴികെയുള്ള ഒരു കൊമേഴ്‌സ്യല്‍ വാഹനവും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

5. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ അനധികൃത പ്രചാരണ സാമഗ്രികള്‍ സര്‍ക്കാര്‍ വസ്തുവകകളില്‍നിന്ന് 24 മണിക്കൂറിനകവും പൊതുഇടങ്ങളില്‍നിന്ന് 48 മണിക്കൂറിനകവും സ്വകാര്യവസ്തുവില്‍നിന്ന് 72 മണിക്കൂറിനകവും നീക്കണം.

സ്ഥാനാര്‍ഥികളുടെ/രാഷ്ട്രീയ പാര്‍ട്ടികളുടെ താത്കാലിക ഓഫീസ്

രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍ക്കാലിക ഓഫീസ് കയ്യേറ്റ ഭൂമി, ആരാധനാലയങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധി എന്നിവിടങ്ങളില്‍ അനുവദനീയമല്ല. പാര്‍ട്ടി ചിഹ്നം/ഫോട്ടോ അടങ്ങിയിട്ടുള്ള ഒരു കൊടി/ബാനര്‍ മാത്രമേ പാടുള്ളൂ. ബാനറിന്റെ വലിപ്പം 4 X 8 അടിയില്‍ അധികരിക്കരുത്. ചെലവ് നിരീക്ഷകന്‍ താത്കാലിക ഓഫീസ് നിരീക്ഷിക്കുകയും അതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.

മറ്റ് നിബന്ധനകള്‍

പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്. പ്രതിരോധസേന/സേനാംഗങ്ങള്‍ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുത്. ബാലവേല പാടില്ല. പ്രചാരണത്തിനു പ്ലാസ്റ്റിക്/പോളിത്തീന്‍ ഉപയോഗിക്കരുത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ