EXPLAINER

ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പിന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ മുസ്ലീം ബ്രദര്‍ഹുഡും; മതരാഷ്ട്ര സങ്കല്‍പ്പത്തിലെ യോജിപ്പുകള്‍

അഖില രവീന്ദ്രന്‍

എന്താണ് മുസ്ലീം ബ്രദര്‍ഹുഡ്? കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രതികരണത്തില്‍ ആര്‍എസ്എസിനെ ഉപമിച്ചതോടെയാണ് മുസ്ലീം ബ്രദര്‍ഹുഡ് വീണ്ടും ചർച്ചയാകുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ കെട്ടിപ്പടുത്ത സംഘടന എന്നായിരുന്നു ആര്‍എസ്എസിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

ആഗോള തലത്തില്‍ വേരുകളുള്ള മുുസ്ലീം ബ്രദര്‍ഹുഡുമായി ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ആര്‍എസ്എസിനെ ഉപമിക്കാന്‍ രാഹുല്‍ മുതിരാനുള്ള കാരണമെന്താണ്. ?

യഥാര്‍ഥത്തില്‍ എന്താണ് മുസ്ലീം ബ്രദര്‍ഹുഡ് ? ആര്‍എസ്എസ് ആശയങ്ങളും, ബ്രദര്‍ഹുഡ് ആശയങ്ങളും തമ്മില്‍ എന്താണ് ബന്ധം.

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇസ്ലാം എന്നത് മതം മാത്രമല്ലെന്നും രാഷ്ട്രീയത്തിലുള്‍പ്പെടെ സകല മേഖലകള്‍ക്കും ഉതകുന്ന ഒരു കര്‍മ പരിപാടിയാണെന്നുമുള്ള വാദമാണ് ചുരുക്കത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം അല്ലെങ്കില്‍ രാഷ്ട്രീയ ഇസ്ലാം. ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന രാഷ്ട്രവും സമൂഹവും അവര്‍ ലക്ഷ്യംവയ്ക്കുന്നു. രാഷ്ട്രീയ ഇസ്ലാം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയല്ല, മുസ്ലീം ബ്രദര്‍ഹുഡ്. പലസ്തീന്‍ വിമോചന പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ഹമാസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവ ഇസ്ലാമിലെ ആശയങ്ങളുടെ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നവരാണ്.

1928ല്‍ ഈജിപ്തിലെ ഇസ്മയിലിയയില്‍ ഹസ്സനുല്‍ ബന്നയാണ് സംഘടനയുടെ സ്ഥാപകന്‍. രൂപം കൊണ്ട് രണ്ട് പതിറ്റാണ്ടിനകം ഈജിപ്തിന് പുറത്തേക്ക് സംഘടന വളര്‍ന്നു. വിവിധ രാജ്യങ്ങളിലായി 5,00,000 അംഗങ്ങളുള്ള സംഘടനയായി വേഗത്തിലായിരുന്നു വളർച്ച.

ആധുനിക ഇസ്ലാം സമൂഹത്തിനായി ഖുറാനിലേക്കും ഹദീസിലേക്കും മടങ്ങുക എന്നതായിരുന്നു ആരംഭ ഘട്ടത്തില്‍ തന്നെ മുസ്ലീം ബ്രദര്‍ഹുഡ് മുന്നോട്ട് വച്ച മുദ്രാവാക്യം. മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ക്ക് പകരം തികച്ചും ദൈവിക നീതിയിലധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ. ഇതായിരുന്നു മുസ്ലീം ബ്രദര്‍ഹുഡ് മുന്നോട്ട് വച്ച സ്വപ്നം.

സാമൂഹിക സേവനത്തിലൂടെ ആയിരുന്നു സംഘടന ചുവടുറപ്പിച്ചത്. രൂപീകൃതമായി രണ്ട് വര്‍ഷത്തിനകം 1930 തിന്റെ തുടക്കത്തോടെ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റവും ആരംഭിച്ചു. പതിയെ സായുധ സംഘടന എന്ന നിലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബ്രദര്‍ഹുഡ് ഉണ്ടാക്കിയേക്കുന്ന ഭീഷണി തിരിച്ചറിഞ്ഞ് ഈജിപ്ത് സര്‍ക്കാര്‍ അതിനെ നിരോധിക്കാന്‍ നീക്കവും ആരംഭിച്ചു.

ഈജിപ്ത് പ്രധാനമന്ത്രി മഹ്‌മൂദ് ഫഹ്‌മി അല്‍ നുക്രാഷിയേ തന്നെ അവര്‍ വകവരുത്തി. 1948 ഡിസംബര്‍ 28നാണ് മഹ്‌മൂദ് ഫഹ്‌മി അല്‍ നുക്രാഷിയെ അക്രമി വെടിവച്ചു വീഴ്ത്തുന്നത്.

നിരോധനം

1954-ലാണ് ബദര്‍ഹുഡ് ഈജിപ്തില്‍ നിരോധിക്കപ്പെടുന്നത്. പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണം ഇതുവരെ ബ്രദര്‍ഹുഡ് അംഗീകരിച്ചിട്ടില്ല.

മുസ്ലീം ബ്രദര്‍ഹുഡിന് എതിരായ നടപടികള്‍ ഈജിപ്തില്‍ ഒതുങ്ങി നിന്നില്ല. 2021 ജൂലൈ എട്ടിന് പാര്‍ലമെന്റ് അംഗീകരിച്ച തീവ്രവാദ വിരുദ്ധ നിയമപ്രകാരം മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഓസ്ട്രിയ മാറി. 2003ല്‍ റഷ്യയിലെ സുപ്രീംകോടതി മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി വിശേഷിപ്പിക്കുകയും പിന്നീട് നിരോധിക്കുകയും ചെയ്തു. 2015 ല്‍ ബഹ്‌റൈന്‍, ഈജിപ്ത്, സിറിയ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ മുസ്ലീം മതരാഷ്ട്രങ്ങളും ബ്രദര്‍ ഹുഡിന് തീവ്രവാദ സംഘടനയെന്ന ലേബല്‍ നല്‍കിയിരുന്നു.

മുസ്ലീം ബ്രദര്‍ഹുഡും ഇന്ത്യയും

ഇന്ത്യയില്‍ സ്വാധീനം ചെലുത്തിയെന്ന ചരിത്രവും ബ്രദര്‍ഹുഡിനുണ്ട്. മുസ്ലീം ബ്രദര്‍ഹുഡും ജമാ അത്തെ ഇസ്ലാമിയും പങ്കിടുന്നത് ഒരേ ആദര്‍ശങ്ങളാണെന്നും പല രാഷ്ട്രീയ ചിന്തകരും ചൂണ്ടിക്കാട്ടുന്നു.

സമാനതകള്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല. ഇസ്ലാമിനെ രാഷ്ട്രീയവത്കരിക്കുന്നതില്‍ വിശ്വസിക്കുന്ന രണ്ട് സംഘടനകളും വിശ്വാസി സമൂഹത്തിന്റെ ഇച്ഛയ്ക്കും ഐക്യത്തിനും പ്രാധാന്യം നല്‍കുന്നവരുമാണ്. അതുപോലെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും മുസ്ലീം ബ്രദര്‍ഹുഡിന്റെ ആശയ സംഘടനാ രീതികള്‍ പിന്തുടരുന്നവരാണ്.

മനുസ്മൃതി അടക്കമുള്ളവയെ ആധാരമാക്കി വേണം രാജ്യത്തിന്റെ നിയമ വ്യവസ്ഥയെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും പറയുന്ന, അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെയാണ്, ശരിയത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കണമെന്ന് പറയുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ സാമീര്‍ അമിനെ പോലുള്ള വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രതിലോമ സ്വാഭാവത്തെ കുറിച്ച് എഴുതിയതാണ് . ആര്‍എസ്എസ്സുമായി താരതമ്യപ്പെടുത്തുക വഴി രണ്ടുപേരും തമ്മിലുള്ള പ്രത്യയശാസ്ത്ര ഐക്യത്തെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി പറയാതെ പറയുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?