അമേരിക്കയിൽ തിരഞ്ഞെടുപ്പ് കാലമാണ്. ചൂടുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾ ഇതിനോടകം തന്നെ രാജ്യത്തിന്റെ പല മേഖലകളെ കീഴടക്കിക്കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ ഏറ്റുമുട്ടുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോടാണ്. രാജ്യത്ത് ഇരുവർക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഏറെയാണ്.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ നടന്ന പ്രസിഡൻഷ്യൽ സംവാദം വലിയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിഎൻഎൻ ആതിഥേയത്വം വഹിച്ച സംവാദം അറ്റ്ലാന്റയിലാണ് നടന്നത്. യുഎസ് തിരഞ്ഞെടുപ്പുകളുടെ വളരെ സുപ്രധാനമായ ഭാഗമാണ് പ്രസിഡൻഷ്യൽ സംവാദം.
എന്താണ് അമേരിക്കൻ തിരഞ്ഞെടുപ്പിലെ പ്രസിഡൻഷ്യൽ ഡിബേറ്റ്? തിരഞ്ഞെടുപ്പിൽ ഈ സംവാദങ്ങളുടെ പ്രാധാന്യമെന്താണ്?
അമേരിക്കയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളുടെ ഭാഗമായാണ് സ്ഥാനാർഥികൾ തമ്മിലെ തുറന്ന സംവാദങ്ങൾ നടത്തുക. പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ അണിനിരക്കുകയും വിവിധ വിഷയങ്ങളിൽ സംവാദം നടത്തുകയും ചെയ്യും. അമേരിക്കൻ ഐക്യനാടുകളിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, സ്ഥാനാർഥികൾ ഒന്നോ അതിലധികമോ സംവാദങ്ങളിൽ ഏർപ്പെടുന്നത് പതിവാണ്.
ഒരു പ്രത്യേക രാഷ്ട്രീയത്തോടോ പ്രത്യയശാസ്ത്രത്തോടോ സ്ഥാനാർത്ഥിയോടോ ആഭിമുഖ്യം കാണിക്കാത്ത ആളുകളെയാണ് ഈ സംവാദങ്ങൾ ലക്ഷ്യം വെക്കുന്നത്. ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളെടുക്കാത്ത ആളുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം
രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ സ്ഥാനാർത്ഥികൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുകയും ഇത് പലപ്പോഴും വ്യക്തിഹത്യയിലേക്കു വരെ നീളുകയും ചെയ്യും. ആ സമയത്തെ ഏറ്റവും വിവാദപരമായ വിഷയങ്ങളാണ് മിക്കവാറും ഇത്തരത്തിൽ സംവാദങ്ങളുടെ ഭാഗമാവുക.
സ്ഥാനാർഥി സംവാദങ്ങൾ ഭരണഘടനാപരമായി നിർബന്ധമുള്ളതല്ല. എന്നാൽ ഇവ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആന്തരിക ഘടകമായി കണക്കാക്കുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തോടോ പ്രത്യയശാസ്ത്രത്തോടോ സ്ഥാനാർത്ഥിയോടോ ആഭിമുഖ്യം കാണിക്കാത്ത ആളുകളെയാണ് ഈ സംവാദങ്ങൾ ലക്ഷ്യംവെക്കുന്നത്. ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളെടുക്കാത്ത ആളുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാനത്തിലേക്കാണ് സാധാരണയായി പ്രസിഡൻഷ്യൽ സംവാദങ്ങൾ നടക്കാറുള്ളത്. ഒരു വലിയ ഹാളിലാണ് സ്ഥാനാർത്ഥികൾ കണ്ടുമുട്ടുക. പോഡിയങ്ങളിലും മോഡറേറ്റർക്കൊപ്പം കോൺഫറൻസ് ടേബിളുകളിലും സ്ഥാനാർത്ഥികൾ ഇരിക്കാം. മിക്കവാറും ഏതെങ്കിലും സർവകലാശാലകളാണ് ഇത്തരം സംവാദങ്ങൾക്കു വേദിയാവുക. വേദിയിൽ കാണികളുണ്ടാവും.
എല്ലാ സംവാദങ്ങളുടെയും ഫോർമാറ്റുകൾ വ്യത്യസ്തമാണ്. ചിലപ്പോൾ ഒന്നോ അതിലധികമോ ജേണലിസ്റ്റ് മോഡറേറ്റർമാരോ മറ്റ് സന്ദർഭങ്ങളിൽ പ്രേക്ഷകരോ ചോദ്യങ്ങൾ ചോദിക്കാം. ടെലിവിഷനിലും റേഡിയോയിലും സമീപ വർഷങ്ങളിലായി വെബിലും സംവാദങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. ആദ്യത്തെ ഔദ്യോഗിക പൊതു പ്രസിഡൻഷ്യൽ ഡിബേറ്റ് നടന്നത് 1960ൽ ആണ്. അതിന് മുൻപേ അനൗദ്യോഗികമായി ഇത്തരം ചർച്ചകൾ നടന്നുവന്നിരുന്നു.
1960-ലെ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സംവാദം 6.6 കോടിയിലധികം ആളുകളാണ് കണ്ടത്. ജോൺ എഫ് കെന്നഡിയും റിച്ചാർഡ് നിക്സണും തമ്മിലാണ് ഈ സംവാദങ്ങൾ നടന്നത്. ഇത് അന്ന് യുഎസ് ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പ്രക്ഷേപണങ്ങളിലൊന്നായി മാറി. 2016 ലെ ഡൊണാൾഡ് ട്രംപും ഹിലാരി ക്ലിൻ്റണും തമ്മിലുള്ള ആദ്യത്തെ പ്രസിഡൻ്റ് ഡിബേറ്റ് 8.4 കോടിയിലധികം ആളുകൾ ആണ് കണ്ടത്. ഓൺലൈൻ സ്ട്രീമിങ്ങിന് പുറമെയാണിത്.
എങ്ങനെയാണ് സംവാദം?
മോഡറേറ്റർക്കോ കാണികൾക്കോ സ്ഥാനാർത്ഥികളോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ സാധിക്കും. ഓപ്പണിങ് സ്റ്റേറ്റ്മെന്റുകൾ ഉണ്ടാവില്ല, പകരം ക്ലോസിങ് സ്റ്റേറ്റ്മെന്റുകളാണുണ്ടാവുക. ആദ്യ ചോദ്യത്തിന് ആരാണ് ഉത്തരം നൽകേണ്ടതെന്നും ആരാണ് ആദ്യം അവരുടെ ക്ലോസിങ് സ്റ്റേറ്റ്മെന്റ് നടത്തേണ്ടതെന്നും ഒരു കോയിൻ ടോസ് വെച്ചാണ് നിർണ്ണയിക്കുക. ഓരോ സ്ഥാനാർത്ഥിക്കും ഒന്നിടവിട്ട അവസരങ്ങൾ ലഭിക്കും. ഒരു ചോദ്യം ചോദിച്ചാൽ, ചോദ്യത്തിന് ഉത്തരം നൽകാൻ സ്ഥാനാർത്ഥിക്ക് രണ്ടു മിനുറ്റ് സമയമുണ്ട്. ഇതിനുശേഷം, എതിർ സ്ഥാനാർത്ഥിക്ക് ഈ വാദങ്ങളിൽ പ്രതികരിക്കാനും ഖണ്ഡിക്കാനും ഏകദേശം ഒരു മിനുറ്റ് സമയമുണ്ട്. മോഡറേറ്ററുടെ വിവേചനാധികാരത്തിൽ, ചോദ്യത്തിൻ്റെ ചർച്ച ഓരോ സ്ഥാനാർത്ഥിക്കും 30 സെക്കൻഡ് വീതം നീട്ടാം. അടുത്തിടെയായി വിവിധ നിറമുള്ള ബസറുകൾ സംവാദങ്ങളിൽ ഉപയോഗിക്കാറുണ്ട്. വിവിധ സ്പോൺസർമാരാണ് സംവാദങ്ങൾ നടത്തുക.
എത്രത്തോളം പ്രധാനമാണ് പ്രസിഡന്റിൽ ചർച്ചകൾ?
ഇക്കാര്യത്തിൽ രണ്ടുതരം അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. 2016-ലെ ഒരു പ്യൂ റിസർച്ച് സെൻ്റർ വോട്ടെടുപ്പ് പ്രകാരം, 63 ശതമാനം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുൻപ് പ്രസിഡൻഷ്യൽ ചർച്ചകൾ വിലയിരുത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റുചില ഗവേഷങ്ങൾ പ്രകാരം സംവാദങ്ങൾ കാഴ്ചക്കാരെയോ വോട്ടർമാരെയോ സ്വാധീനിക്കുന്നില്ലെന്നു തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊതുവിൽ ഈ സംവാദങ്ങൾക്കു വലിയ വാർത്ത കവറേജ് ലഭിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലും ഈ സംവാദങ്ങൾ വലിയ തോതിൽ ആധിപത്യം പുലർത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ധാരാളമായി പങ്കുവെയ്ക്കപ്പെടുകയും ചർച്ചകൾ നടക്കുകയും ചെയ്യാറുണ്ട്. സമാനമായി വൈസ് പ്രസിഡൻഷ്യൽ സംവാദങ്ങളും നടക്കാറുണ്ട്.
ഗാസയിലെ ഇസ്രയേൽ അധിനിവേശം, റഷ്യ- യുക്രെയ്ൻ സംഘർഷം, ചൈന, വിദേശനയം, ട്രംപിന് മേലുള്ള ക്രിമിനൽ കേസുകൾ, സമ്പത് വ്യവസ്ഥ, ജാധിപത്യം, പ്രായം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇത്തവണ ചർച്ച വിഷയമായി
ബൈഡനും ട്രംപും തമ്മിൽ
സാധാരണ രീതികളെ അൽപ്പം മാറ്റിനിർത്തിക്കൊണ്ടാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ ചർച്ചകൾ നടന്നത്. ഇത്തവണ നേരത്തെയാണ് സംവാദങ്ങൾ ഒരുക്കിയിട്ടുള്ളത്. വോട്ടിങ്ങിന്റെ അവസാനത്തേക്ക് നീക്കാതെ, അതിന് മുൻപേ തന്നെ അമേരിക്കൻ വോട്ടർമാരെ ആകർഷിക്കാൻ തങ്ങൾ തയ്യാറാണെന്ന് ട്രംപും ബൈഡനും അറിയിക്കുകയായിരുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം സാധാരണയായി സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് സംവാദം നടക്കുന്നത്. എന്നാൽ ബൈഡൻ ഈ രീതിയിൽനിന്ന് മാറി ആദ്യ സംവാദം ജൂണിലേക്കു മാറ്റി. സംവാദങ്ങളുടെ എണ്ണം രണ്ടാക്കി ചുരുക്കുകയും ചെയ്തു.
ഗാസയിലെ ഇസ്രയേൽ അധിനിവേശം, റഷ്യ- യുക്രെയ്ൻ സംഘർഷം, ചൈന, വിദേശനയം, ട്രംപിനുമേലുള്ള ക്രിമിനൽ കേസുകൾ, സമ്പദ്‌വ്യവസ്ഥ, ജാധിപത്യം, പ്രായം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇത്തവണ ചർച്ച വിഷയമായി. ഇരുവരുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും സംവാദം നീണ്ടിരുന്നു. ചരിത്രത്തിലാദ്യമായി നിലവിലെ പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ പ്രസിഡൻഷ്യൽ സംവാദം നടക്കുന്നത്.