EXPLAINER

യു എസ് വൈസ് പ്രസിഡന്റായ ആദ്യ വനിത; പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ചരിത്രം തിരുത്തുമോ ഇന്ത്യൻ വംശജയായ കമല ഹാരിസ്?

ഡോണൾഡ് ജെ ഹാരിസിന്‌റെയും ശ്യാമള ഗോപാലന്‌റെയും മകളായി 1964 ഒക്ടോബർ 20ന് ഓക്‌ലൻഡിലായിരുന്നു കമല ഹാരിസിന്‌റെ ജനനം

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിലേക്ക് ഏറ്റവുമധികം സാധ്യതയുള്ള നേതാവാണ് കമല ഹാരിസ്. നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ പിന്തുണയ്ക്കണമെന്ന് ബൈഡൻ സമൂഹമാധ്യമായ എക്‌സിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് ദേശീയ കൺവെൻഷനിലാകും ഔദ്യോഗിക പ്രഖ്യാപനം.

കമല ഹാരിസിനെ പിന്തുണച്ച് ബൈഡനു പിന്നാലെ നിരവധി ഡെമോക്രാറ്റിക്‌ നേതാക്കൾ രംഗത്തെത്തി. അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ ഉൾപ്പെടെയുള്ളവർ കമലയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി 2020ൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ തന്നെ നിരവധി ചരിത്രങ്ങൾ മാറ്റിയെഴുതിയ നേതാവാണ് കമല. അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായ കമല അമേരിക്കയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. മാത്രമല്ല ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയും കറുത്തവർഗത്തിൽപ്പെട്ട ആളുമാണ്.

ഡോണൾഡ്‌ ട്രംപിനെതിരെ കമല ജയിക്കുകയാണെങ്കില്‍ ഡെമോക്രാറ്റിക്‌ പാർട്ടി പുതുചരിത്രം കൂടിയാകും സൃഷ്ടിക്കുക. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ ഒരിക്കൽ മാത്രമാണ് അമേരിക്ക കറുത്തവർഗ്ഗത്തിൽനിന്നുള്ള പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒരിക്കൽ പോലും ഒരു സ്ത്രീയെ പ്രഥമ പദവിയിലേക്ക് എത്തിക്കാൻ അമേരിക്കൻ ജനത തയാറായിട്ടുമില്ല. അത്തരം വംശീയ ബോധങ്ങളെ തകർത്തെറിയാനുള്ള അവസരം കൂടി കമലയുടെ സ്ഥാനാർഥിത്വത്തിലൂടെ സാധ്യമാകുമെന്നാണ് ഡെമോക്രാറ്റ് നേതാക്കൾ കരുതുന്നത്.

ആരാണ് കമല ഹാരിസ്?

ഡോണൾഡ് ജെ ഹാരിസിന്‌റെയും ശ്യാമള ഗോപാലന്‌റെയും മകളായി 1964 ഒക്ടോബർ 20ന് ഓക്‌ലൻഡിലായിരുന്നു കമല ഹാരിസിന്‌റെ ജനനം. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. തുടർന്ന് കമലയും സഹോദരിയും കാനഡയിലേക്കു മാറി. അവിടെയായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് വാഷിങ്ടൺ ഡിസിയിലായി. ഹോവേഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് കമല ബിരുദം നേടി.

കമല ഹാരിസ്

1987ൽ നിയമപഠനത്തിനായി കാലിഫോർണിയയിലേക്കു മടങ്ങി. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയിൽനിന്ന് ബിരുദം നേടി. പിന്നീട് സ്വന്തം നാട്ടിലേക്കു താമസം മാറുകയും അവിടെ പ്രോസിക്യൂട്ടറായി കരിയർ കെട്ടിപ്പടുക്കുകയുമായിരുന്നു.

1990-ൽ ഓക്‌ലൻഡിലെ അലമേഡ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിൽ ചേർന്ന കമല, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വാദിക്കുകയും അതിൽ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ പടിപടിയായുള്ള വളർച്ചയായിരുന്നു കമലയ്ക്ക്.

കമല അമ്മ ശ്യാമള ഗോപാലനൊപ്പം

2003ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായി കമല തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2010-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിലും കമല ഹാരിസ് വിജയിച്ചു.

2014-ലായിരുന്നു കമലയുടെ വിവാഹം. ദക്ഷിണ കാലിഫോർണിയയിലെ അഭിഭാഷകനായ ഡഗ് എംഹോഫായിരുന്നു ജീവിത പങ്കാളി. 2016-ൽ ആദ്യമായി അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലേക്ക് കമല തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരിയും ആദ്യ ഇന്ത്യൻ വംശജയുമായിരുന്നു കമല. കുടിയേറ്റ നയങ്ങളുടെ വിഷയത്തിൽ ഉൾപ്പെടെ അന്നത്തെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ കടുത്ത വിമർശകയായിരുന്നു അവർ.

കമല ഹാരിസ് ജോ ബൈഡനൊപ്പം

2018-ൽ, ട്രംപ് നാമനിർദേശം ചെയത സുപ്രീംകോടതി നോമിനി ബ്രെറ്റ് കവനോവിനെതിരെ തൊടുത്തുവിട്ട ചോദ്യശരങ്ങൾ കമലയെ ശ്രദ്ധേയയാക്കി. 'പുരോഗമന സ്വഭാവമുള്ള പ്രോസിക്യൂട്ടർ' എന്നായിരുന്നു കമല സ്വയം വിശേഷിപ്പിച്ചിരുന്നത്. 2020ൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റ് പ്രൈമറികളിൽ ബൈഡനെതിരെ കമല മത്സരിച്ചിരുന്നു. അദ്ദേഹത്തെ രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു. പിന്നീടാണ് ബൈഡൻ കമല ഹാരിസിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ദേശീയതലത്തിൽ ഗർഭഛിദ്രത്തിനുള്ള അവകാശം വേണമെന്ന് വാദിക്കുന്ന നേതാവാണ് കമല ഹാരിസ്. വിവാദമായ ഡോബ്സ് v. ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ വിധിക്കുപിന്നാലെ ഗർഭഛിദ്രത്തെ അമേരിക്കയുടെ പ്രധാന രാഷ്ട്രീയ ചർച്ചയാക്കി മാറ്റിയത് കമല ഹാരിസായിരുന്നു.

വിവാദങ്ങളിൽ കമല

പല പരിഷ്കാരങ്ങൾക്കും കമല ഹാരിസ് മേൽനോട്ടം വഹിച്ചെങ്കിലും പലവിധ സമീപനങ്ങളാണ് ഒരേ വിഷയത്തിൽ അവരുടേതെന്നു വിമർശകർ ഉന്നയിക്കാറുണ്ട്. രാഷ്ട്രീയജീവിതത്തിൽ കൈകൊണ്ട പല തീരുമാനങ്ങളും കമലയ്ക്കു തിരിച്ചടിയായിട്ടുമുണ്ട്. അതിലൊന്നാണ് സാൻഫ്രാൻസിസ്‌കോ അറ്റോർണിയെന്ന നിലയിൽ കമല പാസാക്കിയ, കുട്ടികൾ സ്കൂൾപഠനം ഉപേക്ഷിക്കുന്നതിനു രക്ഷിതാക്കൾക്കു പിഴ നൽകുന്ന നയമാണ്. ഇത് വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു.

കാലിഫോർണിയ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിച്ചിട്ടും പലരുടെയും മോചനം തടയാനും കമല ശ്രമിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയായി കമല വാഴ്ത്തപ്പെടാറുണ്ടായിരുന്നുവെങ്കിലും കമല പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ലെന്ന വിമർശനവും ഉണ്ടായിട്ടുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്