EXPLAINER

ഗാസ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ആയതെങ്ങനെ?

ഗാസ മുനമ്പിന് 41 കിലോമീറ്റര്‍ നീളവും 12 കിലോമീറ്റര്‍ വീതിയുമുണ്ട്. ഏകദേശം 365 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 20 ലക്ഷത്തിലധികം നിവാസികള്‍ താമസിക്കുന്നു.

സനു ഹദീബ

ഗാസക്കെതിരെ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രയേല്‍. വലിയ മാനുഷിക ദുരന്തങ്ങള്‍ക്കാകും ഇസ്രയേലിന്റെ ഈ പുതിയ നീക്കം വഴിവെക്കുക. അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഈ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. വലിയൊരു ദുരന്തത്തിന് മുന്നില്‍ നില്‍ക്കുന്ന ഗാസ, ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് ഗാസ ഒരു തുറന്ന ജയില്‍ ആകുന്നത്?

പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍, വടക്കും കിഴക്കും ഇസ്രയേല്‍, തെക്ക് ഈജിപ്ത് , ഇങ്ങനെ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ് ഗാസ. 20 ലക്ഷം പലസ്തീനികളാണ് ഇവിടെ കഴിയുന്നത്. 1967 മുതല്‍ സൈനിക അധിനിവേശത്തിന് കീഴിലാണ് പ്രദേശം. 2005 ന് ശേഷം ഇസ്രായേല്‍ സേന ഇവിടെ നിന്ന് പിന്മാറിയെന്ന് പറയുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും, മറ്റ് അന്താരാഷ്ട്ര സംഘടനകളും ഗാസയെ ഇപ്പോഴും അധിനിവേശ പ്രദേശമായാണ് കണക്കാക്കുന്നത്.

1967 ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഗാസ പിടിച്ചെടുക്കുന്നത്. അന്ന് മുതല്‍ ഇസ്രയേല്‍ പ്രദേശത്ത് സൈനിക അധിനിവേശം ആരംഭിച്ചിട്ടുണ്ട്. 2005-ല്‍ സൈന്യത്തെ പിന്‍വലിച്ചെങ്കിലും ഗാസക്ക് മേല്‍ ഇസ്രയേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരുന്നു. 2007ല്‍ ഗാസയില്‍ ഹമാസ് അധികാരം ഏറ്റെടുത്തതോടെ ഉപരോധം ശക്തമാക്കി.

1994-ല്‍ ഇസ്രയേല്‍ ഗാസയുമായുള്ള അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ നീളമുള്ള വേലി നിര്‍മ്മിച്ചിരുന്നു. അത് പിന്നീട് പല തവണയായി പുതുക്കിപ്പണിയുകയും അത്യാധുനിക അതിര്‍ത്തി സുരക്ഷാ സംവിധാനം കൊണ്ടുവരികയും ചെയ്തു. തുരങ്കങ്ങളിലൂടെയുള്ള ചലനം തടയാന്‍ ഭൂഗര്‍ഭ മതിലുകളും ഉണ്ട്. പടിഞ്ഞാറ് ഗാസയിലേക്കുള്ള കടല്‍ പാത നിയന്ത്രിക്കുന്നത് ഇസ്രായേലാണ്.

നിലവില്‍, ഗാസയ്ക്കും പുറം ലോകത്തിനുമിടയില്‍ മൂന്ന് ഫങ്ഷണല്‍ ബോര്‍ഡര്‍ ക്രോസിംഗുകളുണ്ട് - കരേം അബു സലേം ക്രോസിംഗ്, എറെസ് ക്രോസിംഗ് എന്നിവ ഇസ്രയേല്‍ നിയന്ത്രിക്കുന്നു. റഫ ക്രോസിംഗ് ഈജിപ്തിന്റെ നിയന്ത്രണത്തിലാണ്. ഇതുപ്രകാരം ആളുകള്‍ക്ക് ഗാസയില്‍ നിന്ന് പുറത്തേക്ക് പോകാനോ അകത്തേക്ക് വരാനോ സാധിച്ചിരുന്നില്ല. ചരക്കുകളും മറ്റ് സേവനങ്ങളും നിയന്ത്രിച്ചു. ഉപരോധം തങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെനന്നായിരുന്നു ഇസ്രയേലിന്റെ ന്യായീകരണം. മൂന്ന് വശവും മതിലുകളും ക്രോസിങ്ങുകളും, നാലാം വശം മെഡിറ്ററേനിയനുമായി ഗാസ അങ്ങനെ ഒറ്റപ്പെട്ട് കിടന്നു.

ഗാസ മുനമ്പിന് 41 കിലോമീറ്റര്‍ നീളവും 12 കിലോമീറ്റര്‍ വീതിയുമുണ്ട്. ഏകദേശം 365 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 20 ലക്ഷത്തിലധികം നിവാസികള്‍ താമസിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (OCHA) കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം, ഉപരോധങ്ങള്‍ ഗാസയുടെ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ദുർബലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി തൊഴിലില്ലായ്മ, ഭക്ഷ്യ അരക്ഷിതാവസ്ഥ, സേവനങ്ങളെ ആശ്രയിക്കല്‍ എന്നിവയും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

വൈദ്യുതി ക്ഷാമം മൂലം 11 മണിക്കൂറാണ് ഇവിടെ പവര്‍ കട്ട്. ആകെ ജനസംഖ്യയുടെ 61% പേര്‍ക്ക് ഭക്ഷ്യ സഹായം ആവശ്യമാണ്. 31% കുടുംബങ്ങള്‍ക്ക് സാമ്പത്തിക സ്രോതസുകള്‍ ഇല്ല. തൊഴിലില്ലായ്മ നിരക്ക് 46% ല്‍ കൂടുതലാണ്. ഇതാണ് ഗാസയിലെ ദാരിദ്ര്യ നിരക്കിന്റെ നേര്‍ക്കാഴ്ചകള്‍. ചികിത്സ ആവശ്യങ്ങള്‍ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും വളരെ നീണ്ട പ്രക്രിയകള്‍ക്കും സ്ഥിരീകരണങ്ങള്‍ക്കും ശേഷം മാത്രമേ ഗാസയിലുള്ളവര്‍ക്ക് വെസ്റ്റ് ബാങ്ക് അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കുകയുള്ളു.

ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗാസയെ തുറന്ന ജയില്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടേക്കാണ് ഇസ്രയേല്‍ വീണ്ടും കരയുദ്ധവുമായി വരുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ദുരന്തത്തില്‍നിന്ന് മഹാദുരന്തത്തിലേക്കല്ലാതെ മറ്റൊരു യാത്രയില്ലെന്ന നിസ്സാഹയതിലാണ് ഗാസയിലെ ജനങ്ങൾ നിൽക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ