EXPLAINER

14 വർഷം പഴക്കമുള്ള പ്രസംഗത്തിന് യുഎപിഎ; നീക്കം അരുന്ധതി റോയ്‌യെ പൂട്ടാൻ തന്നെ!

വെബ് ഡെസ്ക്

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്‌ക്കെതിരെ യുഎപിഎ ചുമത്തുന്നതിനു കഴിഞ്ഞ ദിവസമാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന അനുമതി നൽകിയത്. രാജ്യത്തെ എണ്ണംപറഞ്ഞ എഴുത്തുകാരിൽ ഒരാളായ അരുന്ധതി റോയ്, 2010ൽ കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശം ഭീകരവാദവിരുദ്ധ നിയമപ്രകാരമുള്ള തെറ്റാണെന്നാണ് അധികാരികളുടെ കണ്ടെത്തൽ. കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ ഇൻ്റർനാഷണൽ ലോ പ്രൊഫസറായ ഷെയ്ഖ് ഷൗഖത്ത് ഹുസൈനെയും ഇതേ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ വി കെ സക്സേനയുടെ അനുമതിയുണ്ട്.

ഷൗഖത്ത് ഹുസൈന്‍

എന്താണ് കേസ്?

2010 ഒക്‌ടോബർ 28-ന് സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതേവർഷം നവംബർ 27ന് തിലക് മാർഗ് പോലീസ് സ്റ്റേഷനിലാണ് സംഭവുമായി ബന്ധപ്പെട്ട് ആദ്യ കേസെടുക്കുന്നത്. ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നായിരുന്നു നടപടി. 2010 ഒക്ടോബർ 21ന് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് സംഘടിപ്പിച്ച "ആസാദി - ദ ഒൺലി വേ" എന്ന പരിപാടിയിൽ നടത്തിയ പ്രസംഗങ്ങളായിരുന്നു കേസിനാധാരം. അന്നവിടെ പ്രസംഗിച്ച അരുന്ധതി റോയ്, ഷൗഖത്ത് ഹുസൈൻ, പരിപാടിക്ക് നേതൃത്വം നൽകിയ എസ് എ ആർ ഗീലാനി, സയ്ദ് അലി ഷാ ഗീലാനി എന്നിവർക്കെതിരെയെല്ലാം കേസെടുത്തിരുന്നു. പിന്നീട് ഇതിൽ രണ്ടുപേർ മരിച്ചതിനാലാണ് അവരെ കേസിൽനിന്ന് ഒഴിവാക്കിയത്.

17 വയസ്സുകാരനായ തുഫൈൽ അഹമ്മദ് മട്ടൂ പോലീസിന്റെ കണ്ണീർവാതക ആക്രമണത്തിൽ മരിച്ചതിനെത്തുടർന്ന് കശ്മീർ അശാന്തി പുകയുന്നതിനിടയിലായിരുന്നു സമ്മേളനം നടന്നത്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം അന്നു നടന്ന പ്രതിഷേധങ്ങൾക്കിടെ 120 പേരാണ് മരിച്ചത്. അന്ന് അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസംഗങ്ങൾ "പൊതു സമാധാനവും സുരക്ഷയും അപകടത്തിലാക്കി" എന്നായിരുന്നു പരാതി. കൂടാതെ കശ്മീരിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തുന്നതിനെ അവർ പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.

2010ൽ ഫയൽ ചെയ്ത എഫ്ഐആറിൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഐപിസി വകുപ്പ് 124 എയും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ 2022ൽ ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടായിരുന്നതിനാൽ അതുപ്രകാരവും വിചാരണ ആരംഭിക്കാൻ സാധിക്കുമായിരുന്നില്ല.

എന്തുകൊണ്ട് യു എ പി എ ഇപ്പോള്‍ ചുമത്തി?

2010 നവംബർ 27-നാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഇതേ കേസിൽ അരുന്ധതി റോയിയെയും ഷൗഖത്ത് ഹുസൈനെയും ഐപിസിയിലെ 153 എ, 153 ബി, 505 എന്നീ വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിരുന്നു. മൂന്നു വർഷം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇവ. എന്നാൽ സിആർപിസി 468 വകുപ്പ് പ്രകാരം, അനാവശ്യ കാലതാമസത്തിനു ശേഷമോ അല്ലെങ്കിൽ നിശ്ചിത കാലയളവ് അവസാനിച്ചശേഷമോ ആണ് കേസിൽ കുറ്റകൃത്യങ്ങൾ ചുമത്തുന്നതെങ്കിൽ അവ പരിഗണിക്കാൻ കോടതികൾക്ക് കഴിയില്ല.

വി കെ സക്സേന

അതായത്, അരുന്ധതി റോയിക്കും ഷൗഖത്ത് ഹുസൈനുമെതിരെ കുറ്റം ചുമത്തിയാലും അതുമായി മുന്നോട്ടുപോകാൻ ഭരണകൂടത്തിനു കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ചുരുക്കം. 2010ൽ ഫയൽ ചെയ്ത എഫ്ഐആറിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐപിസി വകുപ്പ് 124 എയും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ 2022ൽ ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടായിരുന്നതിനാൽ അതുപ്രകാരവും വിചാരണ ആരംഭിക്കാൻ സാധിക്കുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിലവിൽ യു എ പി എ ചുമത്താൻ ലെഫ്റ്റനന്റ് ഗവർണർ അംഗീകാരം നൽകുന്നത്. ഇതോടെ കേസ് കോടതികൾക്ക് ഏറ്റെടുക്കേണ്ടി വരും.

2023 ഒക്ടോബർ മൂന്ന് ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവർത്തകരുടെയും ഗവേഷകരുടെയും വീടുകളിലും ഓഫീസുകളിലും വൻ റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് എന്ന വാർത്താ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ലേഖകരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും അതിൻ്റെ സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തെ പത്രസ്വാതന്ത്രത്തിനെതിരെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെ ന്യൂഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രതിഷേധ യോഗത്തിൽ അരുന്ധതി റോയ് പ്രധാന സാന്നിധ്യമായിരുന്നു. ഇതിനു പിന്നാലെയാണ് 13 വർഷം മുൻപുള്ള കേസ് അരുന്ധതി റോയ്‌ക്കെതിരെ ഉയർന്നുവരുന്നതെന്നതും ശ്രദ്ധേയമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?