ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമൂലിന്റെ പാലുൽപ്പന്നങ്ങളുടെ ഉടമസ്ഥരമായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) കർണാടക വിപണിയിൽ നോട്ടമിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണുയർന്നിരിക്കുകയാണ്. ബെംഗളൂരുവിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുമെന്ന് അമൂൽ ഏപ്രിൽ അഞ്ചിന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കന്നട ജനതയുടെയും ക്ഷീരകർഷകരുടെയും ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അമൂലിന് ഗോ ബാക്ക് പറഞ്ഞ് ഹാഷ്‌ടാഗുകൾ
അമൂലിന്റെ വരവ്, സർക്കാർ ഉടമസ്ഥയിലുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) 'നന്ദിനി' എന്ന ബ്രാൻഡിന് വൻ തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള സംസാരം. അമൂലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ‘അമൂൽ ബഹിഷ്‌കരിക്കൂ, നന്ദിനിയെ രക്ഷിക്കൂ’ എന്ന ഹാഷ്‌ടാഗിൽ ട്വിറ്ററിൽ പ്രചാരണം കൊഴുത്തു. രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ പാൽ സംഭരണ സ്ഥാപനമാണ് കെഎംഎഫ്.
നന്ദിനിയെ പിന്തുണച്ച് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ
അമൂലിനെതിരെയുളള പ്രതിഷേധത്തിൽ ഹോട്ടലുടമകളും പങ്കുചേർന്നിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളിൽ നന്ദിനി ബ്രാൻഡ് മാത്രമേ ഉപയോഗിക്കൂയെന്നാണ് അവരുടെ നിലപാട്. പ്രാദേശിക കർഷകരെ സഹായിക്കാൻ നന്ദിനി ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ബെംഗളൂരുവിലെ എല്ലാ ഹോട്ടലുകളും ഏകകണ്ഠമായി തീരുമാനിച്ചതായി ബ്രഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് പി സി റാവു പറഞ്ഞു.
അമൂലിന്റെ വരവിന് പിന്നില രാഷ്ട്രീയം
ബെംഗളൂരു വിപണിയിൽ അമൂലിന്റെ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും തമ്മിൽ പോര് തുടങ്ങിയിരിക്കുകയാണ്. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അമൂലിന്റെ വരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ സ്വന്തം ബ്രാൻഡായ നന്ദിനിയെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അമൂൽ വിഷയത്തിൽ കർണാടക സർക്കാരിന്റെ നിലപാട്
അമൂൽ വിഷയത്തിൽ സർക്കാരിന് വ്യക്തതയുണ്ടെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. അമൂലിന്റെ കർണാടക പ്രവേശനത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണ്. നന്ദിനി ഒരു ദേശീയ ബ്രാൻഡാണ്. ഇത് കർണാടകയിൽ ഒതുങ്ങുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും നന്ദിനിയെ ഞങ്ങൾ ഒരു ബ്രാൻഡായി ജനപ്രിയമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പാലുൽപ്പാദനം വർധിച്ചുവെന്നു മാത്രമല്ല, പാൽ ഉൽപാദകർക്ക് പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ആരോപണങ്ങളെ വിമർശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകറും രംഗത്തെത്തിയിരുന്നു. നന്ദിനി ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന്റെ അഭിമാനമാണ്. ഏത് മത്സരത്തെയും നേരിടാൻ പ്രാപ്തമാണ് നന്ദിനി ബ്രാൻഡ്. കോൺഗ്രസ് എല്ലാത്തിലും രാഷ്ട്രീയം കാണുകയും കർഷകർക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയുമാണ് ചെയ്യുന്നത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് കർഷകർക്ക് ആദ്യമായി ലിറ്ററിന് രണ്ടു രൂപ സബ്‌സിഡി നൽകിയത്. അതിപ്പോൾ അഞ്ച് രൂപയായി വർധിപ്പിച്ചു. പ്രാദേശിക കർഷകരെയും ബ്രാൻഡിനെയും പിന്തുണച്ചത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലയന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം
ഡിസംബറിൽ മാണ്ഡ്യയിൽ നടന്ന പൊതുയോഗത്തിൽ നന്ദിനിയും അമൂലും തമ്മിൽ ലയിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ കർണാടകയിൽ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെഎംഎഫും അമൂലും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കെതിരെ, അമൂൽ ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് എല്ലാ കന്നഡക്കാരും പ്രതിജ്ഞയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഏപ്രിൽ എട്ടിന് അഭ്യർഥിച്ചു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ബൊമ്മൈയും സംസ്ഥാന സഹകരണ മന്ത്രി എസ് ടി സോമശേഖറും തള്ളിക്കളഞ്ഞു.
ലയനം പരാജയപ്പെട്ടപ്പോൾ പിൻവാതിൽ പ്രവേശനം
അമൂലിന്റെ കർണാടക പ്രവേശനത്തെ നഖശിഖാന്തം എതിർത്ത് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജെഡിഎസും രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാർ അമൂലിന് പിൻവാതിലൂടെ പ്രവേശനം നൽകനാണ് ശ്രമിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ഉപജീവനമാർഗമായ കെഎംഎഫിനെ പൂട്ടിക്കാനും കർഷകരെ വഞ്ചിക്കാനും പോകുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 2015ൽ അമുൽ സംസ്ഥാനത്ത് പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അന്ന് കോൺഗ്രസ് അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്ന് ചുവപ്പ് പരവതാനി വിരിച്ചാണ് അമൂലിനെ ബിജെപി വരവേറ്റതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നന്ദിനി അമൂലിനേക്കാൾ മികച്ച ബ്രാൻഡാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും പറഞ്ഞു. കന്നട ജനതയക്ക് അമൂലിനേക്കാൾ മികച്ച ബ്രാൻഡായ നന്ദിനിയുണ്ടെന്നും അമൂലിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നന്ദിനിയെ വിൽക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറിയും കർണാടക പാർട്ടി ഇൻചാർജുമായ രൺദീപ് സുർജേവാലയും നേരത്തെ വിഷയം ഉന്നയിച്ചിരുന്നു.
വിഷയത്തിൽ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി. ബിജെപി ആദ്യം നന്ദിനിയെ അമൂലുമായി ലയിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നെ അവർ തൈര് പാക്കറ്റിൽ 'ദഹി' എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യാൻ നോക്കി. ഇത് രണ്ടും പരാജയപ്പെട്ടപ്പോൾ, അമൂലിന് പിൻവാതിലൂടെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു രാഷ്ട്രം, ഒരു അമുൽ, ഒരു പാൽ, ഒരു ഗുജറാത്ത് എന്നത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.