കര്‍ണാടകയുടെയും മഹാരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള നിരന്തരം വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള ആറ് ട്രക്കുകളാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ആക്രമിക്കപ്പെട്ടത്. കര്‍ണാടക രക്ഷണ വേദികെ എ സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതേതുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്്‌പോര്‍ട് കോര്‍പറേഷന്റെ ബസ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. സൂപ്രീം കോടതി ഇത് സംബന്ധിച്ച കേസ് അടുത്ത ഏപ്രില്‍ മെയ് മാസങ്ങളില്‍ പരിഗണിക്കുമെന്നാണ് സൂചന.
കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി സംഘര്‍ഷഭരിതമാകുന്നത് എന്തുകൊണ്ട്
1960ൽ മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് ബെലഗാവി അതിർത്തി തർക്കം. കർണാടകയിൽ ബെലഗാവിയിൽ സ്ഥിതി ചെയ്യുന്ന മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്ക് വേണ്ടിയാണ് പതിറ്റാണ്ടുകളായി ഇവർക്കിടയിൽ തർക്കം നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ശൈത്യകാലത്തും ബെലഗാവിക്ക് വേണ്ടിയുള്ള തർക്കം ഇരുവർക്കുമിടയിൽ പുകയുകയും അത് പിന്നീട് രൂക്ഷമാവുകയും ചെയ്യും.
നിലവിൽ ബെലഗാവി കർണാടകയിലെ ഒരു ജില്ലയാണ്. എന്നാൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്നത്തെ ഗുജറാത്ത് , മഹാരാഷ്ട്ര എന്നിവക്കൊപ്പം ബോംബെ പ്രെസിഡെൻസിയുടെ ഭാഗമായിരുന്നു ബെലഗാവി. 1881 ലെ സെൻസസ് പ്രകാരം ബെലഗാവി ജില്ലയിൽ ആകെ ജനസംഖ്യയുടെ 26 .04 ശതമാനം പേർ മറാഠി സംസാരിക്കുന്നവരാണ്. 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ , മുൻ ബോംബൈ പ്രെസിഡെൻസിയിലെ ബെലഗാവി ജില്ല ബോംബൈ സ്റ്റേറ്റിന്റെ ഭാഗമായി.
1956 ൽ സംസ്ഥാന പുനസംഘടന നിയമത്തെ തുടർന്ന് ബെലഗാവി ജില്ലയെ പുതുതായി രൂപീകരിച്ച കർണാടകയിലേക്ക് ഉൾപ്പെടുത്തി. മറാത്തി സംസാരിക്കുന്ന ഭൂരിഭാഗം പ്രദേശങ്ങളുള്ള മറ്റ് സമീപ പ്രദേശങ്ങൾ പുതുതായി രുപീകരിച്ച മഹാരാഷ്ട്രയുടെ ഭാഗമാകുകയും ചെയ്തു.
മേഖലയുടെ ചരിത്രപരമായ മാറ്റങ്ങളും മറ്റും പരിഗണിച്ചുകൊണ്ട് 1953-ൽ നിയമിക്കപ്പെട്ട ജസ്റ്റിസ് ഫസൽ അലി കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നിയമം പാസാക്കിയത്. കർണാടകയുടെ വടക്കുപടിഞ്ഞാറൻ ജില്ലയായ ബെലഗാവി സംസ്ഥാനത്തിന്റെ ഭാഗമാകണമെന്നതാണ് മഹാരാഷ്ട്രയുടെ ആവശ്യം.
അതിർത്തി തർക്കം രൂക്ഷമായതോടെ മഹാരാഷ്ട്രയുടെ നിർബന്ധപ്രകാരം , 1966 ൽ കേന്ദ്ര സർക്കാർ തർക്കത്തെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മെഹർചന്ദ് മഹാജന്റെ കീഴിൽ കമ്മീഷൻ രൂപീകരിക്കുന്നു. കർണാടകയിൽ നിപ്പാനി നന്ദ്ഗഡ്, ഖാനാപൂർ എന്നിവ ഉൾപ്പെടെയുള്ള 264 പട്ടണങ്ങളും ഗ്രാമങ്ങളും മഹാരാഷ്ട്രയുമായും മഹാരാഷ്ട്രയിലെ 247 ഗ്രാമങ്ങളും പട്ടണങ്ങളും (ദക്ഷിണ സോലാപൂർ, അക്കൽകോട്ട് എന്നിവയുൾപ്പെടെ) കർണാടകയുമായി ലയിപ്പിക്കാനുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ. എന്നാൽ റിപ്പോർട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. ഇതിനിടെ മറാഠി സംസാരിക്കുന്ന കർണാടകത്തിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കാനും കന്നഡ സംസാരിക്കുന്ന മഹാരാഷ്ട്രയിലെ പ്രദേശങ്ങൾ കർണാടകയുടെ ഭാഗമാക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായി.
തർക്കങ്ങൾ നടന്നുകൊണ്ടിരിക്കെ 2004 ൽ മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിക്കുന്നു. ബെലഗാവി, കാർവാർ, വിജയപുര, കലബുറഗി, ബിദാർ എന്നിങ്ങനെയുള്ള അഞ്ച് ജില്ലകളിലെ 865 ഗ്രാമങ്ങളും പട്ടണങ്ങളും സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന ആവശ്യമായിരുന്നു അവർ മുന്നോട്ടുവെച്ചത്. അതേസമയം സംസ്ഥാനങ്ങളുടെ അതിർത്തികൾ തീരുമാനിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പാര്ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നുമാണ് കർണാടകയുടെ നിലപാട്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം മഹാരാഷ്ട്രയും പറഞ്ഞു.
ഓരോ ശൈത്യകാല സമ്മേളന സമയത്തും ഇവിടെ അതിർത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാവും
2007 ആവുമ്പോഴേക്കും മേഖലയിൽ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ബെലഗാവിയിൽ കർണാടക നിയമസഭാ മന്ദിരം പണിതിരുന്നു. 2012 ലാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത്. നിയമസഭയുടെ ശൈത്യകാലാസമ്മേളനം എല്ലാ വർഷവും ഇവിടെ വെച്ചാണ് നടക്കുക. അതുകൊണ്ട് തന്നെ ഓരോ ശൈത്യകാല സമ്മേളന സമയത്തും ഇവിടെ അതിർത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാവും. സമാന രീതിയിലാണ് ഇപ്പോഴുള്ള പ്രശ്നവും ആളിക്കത്തുന്നത്.