EXPLAINER

ബജ്റംഗ് ദൾ വിവാദം കർണാടക ജനവിധിയെ മാറ്റിമറിക്കുമോ?

കർണാടക തിരഞ്ഞെടുപ്പിനെ നേരിടാൻ ബജ്റംഗ് ദളിനെ ആയുധമാക്കി ബിജെപി. പ്രകടന പത്രിക കോൺഗ്രസിന് ഊരാക്കുടുക്കാകുമോ? ബജ്റംഗ് ദൾ വിവാദത്തിന് പിന്നിലെന്ത്‌

തൗബ മാഹീൻ

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ബജ്റംഗ് ദള്‍ ആണ്. സംഘടനയെ പോപുലര്‍ ഫ്രണ്ടിനോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ്, ബജ്റംഗ് ദളിനെ നിരോധിക്കുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചു.കൂറുമാറ്റവും തര്‍ക്കവുമെല്ലാം പ്രതിരോധത്തിലാക്കിയ ബിജെപിക്ക് വീണുകിട്ടിയ സുവര്‍ണാവസരമായി ഇതോടെ ബജ്റംഗ് ദൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ബജ്റംഗ് ബലി വിളിയുമായി പ്രചാരണം കൊഴുപ്പിക്കുകയാണ്. ഇത്തവണ അങ്ങേയറ്റം സൂക്ഷ്മതയോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസിന് ഒടുവില്‍ ബജ്റംഗ് ദള്ളില്‍ കൈപൊള്ളുമോ? സദാചാര പോലീസിങ്ങിനും തീവ്ര വര്‍ഗീയ നിലപാടുകള്‍ക്കും പേരു കേട്ട ബജ്റംഗ് ദളിന് കര്‍ണാടക ജനവിധിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടോ?

നിലവില്‍ രാജ്യത്തുടനീളം 52,000 ശാഖകളും അതിന്റെ കീഴില്‍ 40 ലക്ഷത്തിലധികം അംഗങ്ങളും ബജ്‌റംഗ് ദളിനുണ്ടെന്നാണ് കണക്ക്

അയോധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായുള്ള നീക്കത്തിന്‌റെ ഭാഗമായി വിഎച്ച്പി സംഘടിപ്പിച്ച ശോഭായാത്രയോട് അനുബന്ധിച്ച് 1984ലാണ് ബജ്റംഗ് ദള്‍ രൂപീകരിക്കപ്പെടുന്നത്. യാത്രയ്ക്ക് സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സുരക്ഷാ സംഘം പിന്നീട് വിഎച്ച്പിയുടെ യുവജനസംഘമെന്ന നിലയില്‍ മാറി. നിലവില്‍ രാജ്യത്തുടനീളം 52,000 ശാഖകളും അതിന്റെ കീഴില്‍ 40 ലക്ഷത്തിലധികം അംഗങ്ങളും ബജ്‌റംഗ്ദളിനുണ്ടെന്നാണ് കണക്ക്. 15,000 യൂണിറ്റുകളുള്ള മധ്യപ്രദേശിലാണ് സംഘടനയ്ക്ക് ഏറ്റവും സ്വാധീനം. തൊട്ടുപിന്നിലുണ്ട് ഗുജറാത്ത്. കര്‍ണാടകയിലും സംഘടനയ്ക്ക് അവഗണിക്കാനാകാത്ത സ്വാധീനമുണ്ട്.

ഹൈന്ദവ സംസ്‌കാരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ അനേകം വര്‍ഗീയ കലാപങ്ങളുടെയും ആക്രമണങ്ങളുടെയും നേതൃസ്ഥാനത്തുണ്ട് ബജ്റംഗ് ദൾ. പ്രകടന പത്രികയുടെ പേരില്‍ ബജ്റംഗ് ദളിന് രക്ഷാകവചവുമായി ബിജെപിയും സംഘപരിവാരങ്ങളും ശക്തമായി രംഗത്തിറങ്ങുമ്പോള്‍, ആ ചരിത്രം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട്.

രാജ്യത്തെ അനേകം വര്‍ഗീയ കലാപങ്ങളുടെയും ആക്രമണങ്ങളുടെയും നേതൃസ്ഥാനത്തുണ്ട് ബജ്റംഗ് ദൾ

മതേതര ഇന്ത്യയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയ 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിന് മുന്‍പന്തിയില്‍ നിന്നത് ബജ്‌റംഗ്ദള്‍ ആയിരുന്നു. എന്നാല്‍ ആ പേര് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാകുന്നത് 23 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിനേയും രണ്ട് മക്കളേയും ഒഡീഷയില്‍ ചുട്ടുകൊന്നപ്പോള്‍. ഗുജറാത്ത് കലാപത്തിലും പ്രതിസ്ഥാനത്ത് ഉണ്ടായി. ലൗ ജിഹാദ്, ഗോവധം, മതംമാറ്റം തുടങ്ങി വിവാദവിഷയങ്ങളിലെല്ലാം സദാചാര പോലീസിന്‌റെ കുപ്പായമണിഞ്ഞു.

ടിവിയിലും OTT പ്ലാറ്റ്ഫോമുകളിലും ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്നതിനെതിരെയും വ്യപക പ്രതിഷേധമാണ് ബജ്‌റംഗ്ദള്‍ അഴിച്ചുവിട്ടത്. സ്റ്റാന്‍ഡ് അപ് കോമേഡിയനായ മുനവര്‍ ഫാറൂഖിക്കിക്ക് നേരെ പ്രതിഷേധം ഉയര്‍ത്തിയത് രണ്ട് വര്‍ഷം മുന്‍പ്. കോമഡി പരിപാടിയിലൂടെ ഹിന്ദുമതത്തെയും അമിത്ഷായെയും അവഹേളിച്ചെന്നതാണ് മുനവര്‍ ഫാറൂഖിക്കിക്ക് നേരെ തിരിയാന്‍ കാരണം.

മതേതര ഇന്ത്യയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയ 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിന് മുന്‍പന്തിയില്‍ നിന്നത് ബജ്‌റംഗ്ദള്‍ ആയിരുന്നു

കര്‍ണാടകയിലും ബജ്‌റംഗ് ദളിന്‌റെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതല്ല. 2008ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന അക്രമം മുതല്‍ സദാചാര ഗുണ്ടായിസം വരെ ബജ്‌റംഗ് ദളിന്‌റെ ക്രെഡിറ്റിലുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളാണ് ഇതില്‍ കൂടുതല്‍. ഹിന്ദു മതവും സംസ്‌കാരവും സംരക്ഷിക്കുക എന്നതാണ് ബജ്‌റംഗ് ദളിന്‌റെ പ്രാഥമിക ദൗത്യമെന്നാണ് സംഘടനയുടെ ദേശീയ കണ്‍വീനര്‍ സോഹന്‍ സിങ് സോളങ്കിയുടെ വാദം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സംസ്‌കാരം പഠിപ്പിക്കുമെന്നും ഹനുമാന്‍ ചാലിസ ചൊല്ലാന്‍ നിര്‍ബന്ധിക്കുമെന്നും സോളങ്കി പറയുന്നു.

2008ല്‍ കര്‍ണാടകയിലും ഒഡീഷയിലും നടന്ന വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ബജ്‌റംഗ് ദളിനെതിരെ രംഗത്തെത്തിയിരുന്നു

മാംസം വില്‍ക്കുന്ന മുസ്ലീം വ്യാപാരികള്‍ കര്‍ണാടകയില്‍ ദിനംപ്രതി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് സംസാരിക്കുന്നതിനടക്കം ഭ്രഷ്ട് ഏര്‍പ്പെടുത്തുകയും അഥവാ സംസാരിച്ചാല്‍ ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരവസ്ഥ കര്‍ണാടക അടക്ക രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുണ്ട്. 2008ല്‍ കര്‍ണാടകയിലും ഒഡീഷയിലും നടന്ന വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ബജ്‌റംഗ് ദളിനെതിരെ രംഗത്തെത്തിയിരുന്നു.

സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ബജ്‌റംഗ് ദളിനെ നിരോധിക്കണമെന്നായിരുന്നു അന്ന് ന്യൂനപക്ഷകമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2002ല്‍ ഒഡിഷാ നിയമസഭയിലേ അതിക്രമിച്ച് കയറിയതിന് വിഎച്ച്പിയെയും ബജ്‌റംഗ് ദളിനെയും നിരോധിക്കണമെന്ന് അന്ന് എന്‍ഡിഎ സഖ്യകക്ഷികളായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും ജെഡിയുവും ആവശ്യപ്പെട്ടിരുന്നു. ലോക്ജനശക്തി പാര്‍ട്ടി, സിപിഎം തുടങ്ങിയ സംഘടനകളും മുന്‍ പ്രധാനമന്ത്രി വി പി സിങ് അടക്കമുള്ളവരും ഇതേ ആവശ്യം പലഘട്ടങ്ങളിലും ഉന്നയിച്ചിട്ടുണ്ട്.

സ്വന്തം പ്രവര്‍ത്തനം കൊണ്ട് നിരോധിക്കപ്പെടാന്‍ യോഗ്യതയുണ്ടെന്ന് പലകുറി തെളിയിച്ച ബജ്‌റംഗ് ദളിനെ, കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് ബിജെപിയിപ്പോള്‍. കാലക്രമത്തില്‍ രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ബിജെപിക്ക് പ്രേരണയാകുന്നതെന്ന് നിസംശയം പറയാം. അപകടം തിരിച്ചറിഞ്ഞ്, ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചും ബജ്രംഗ് ബലി പ്രതിഷ്ഠയ്ക്ക് മുന്നില്‍ നമസ്‌കരിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരിഹാരക്രിയകള്‍ ഫലം കാണുമോ എന്ന് കാത്തിരുന്നു കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ