EXPLAINER

ജനാധിപത്യത്തിന്റെ കാവലാളില്‍നിന്ന് ഭയം പരിചയാക്കിയ സര്‍വാധികാരി, ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണ പിഴയ്ക്കുമോ?

പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും തുടങ്ങി സർക്കാരിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തുകയാണ് ഷെയ്ഖ് ഹസീന സർക്കാർ

ലക്ഷ്മി പത്മ

ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു സ്വതന്ത്ര രാജ്യത്തിന്റെ നയിച്ച വനിത, ബംഗ്ലാദേശിനെ ഏഷ്യാപസഫിക് മേഖലയിലെ നിർണായക വാണിജ്യ ശക്തിയാക്കിയാക്കിമാറ്റിയ ഭരണാധികാരി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വിശേഷണങ്ങൾ നിരവധിയാണ്.

വരുന്ന ജനുവരിയിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഷെയ്ക്ക് ഹസീന. പ്രതിപക്ഷത്തെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഷേക്ക് ഹസീന നടത്തുന്ന ശ്രമങ്ങളാണ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുന്നത്. ഒരുകാലത്ത് ജനാധിപത്യത്തിൻ്റെ കാവൽ മാലാഖയായി വാഴ്ത്തപ്പെട്ടവൾ. ഏഴ് ലക്ഷം റോഹിംഗ്യർക്ക് അഭയം നൽകിയ കരുണാ സ്വരൂപിണി. സർവോപരി ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ പ്രിയ പുത്രി. അവിടെ നിന്ന് ഭയം പരിചയാക്കിയ ഏകാധിപതിയായി ഷെയ്ക്ക് ഹസീന മാറിയത് എന്ന് മുതലാണ്?

1996 മുതൽ 2001 വരെയായിരുന്നു ഷെയ്ഖ് ഹസീനയുടെ ആദ്യ ഭരണകാലയളവ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളെയും അസ്ഥിരതകളെയും പഴങ്കഥയാക്കി 2009 മുതൽ പിന്നെ ബംഗ്ലാദേശ് കണ്ടത് ഹസീന യുഗമാണ്. 170 മില്യൺ ജനങ്ങളുടെ പ്രധാനമന്ത്രിയായി 19 കൊല്ലം തികയ്ക്കുന്ന ഹസീനയ്ക്ക് ഒന്നും ഒട്ടും എളുപ്പമല്ലായിരുന്നു. നവ ഇസ്ലാമിക് ഗ്രൂപ്പുകൾ ഉയർത്തുന്ന വെല്ലുവിളികൾ ഒരുവശത്ത്, ചോര ചിന്തിയ പട്ടാള അട്ടിമറികളുടെ ചരിത്രം മറുവശത്ത്.

19 വധശ്രമങ്ങൾ ഇതിനോടകം ഷെയ്ഖ് ഹസീനയ്ക്ക് അതിജീവിച്ചു കഴിഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും രാജ്യത്തിന്റെ ആദ്യ പ്രസിഡന്റും രണ്ടാമത്തെ പ്രധാനമന്ത്രിയും അവാമി ലീഗിന്റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ മകളാണ് ഷെയ്ഖ് ഹസീന. 1975 ഓഗസ്റ്റ് 15 ന് ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും അടക്കം പട്ടാള അട്ടിമറിയില്‍ ധാക്കയിലെ വസതിയിൽ കൊല്ലപ്പെടുമ്പോൾ ഹസീനയും ഭർത്താവും കുട്ടികളും അവരുടെ ഒരു സഹോദരിയും പടിഞ്ഞാറൻ ജർമ്മനിയിലായിരുന്നു. അവരെ ബംഗ്ലാദേശിൽ പ്രവേശിക്കുന്നതിൽനിന്ന് സിയാവുർ റഹ്മാൻ്റെ പട്ടാള ഭരണകൂടം വിലക്കി. തുടർന്ന് ഹസീനയെയും കുടുംബാംഗങ്ങളെയും ഇന്ദിരാഗാന്ധി നേരിട്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചതും അഭയമേകിയതും ചരിത്രമായിരുന്നു.

ഷെയ്ഖ് ഹസീന കുടുംബത്തോടൊപ്പം

1981ൽ അവാമി ലീഗിൻ്റെ പ്രസിഡന്റായതോടെയാണ് ഹസീനയ്ക്ക് ബംഗ്ലാദേശിലേക്ക് മടങ്ങാനായത്. പിന്നീടങ്ങോട്ട് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമായി ഹസീന മാറുകയായിരുന്നു. ബംഗ്ലാദേശിനെ സാമ്പത്തിക സുസ്ഥിരതയിലേക്കും അതിലൂടെ ഭരണസുസ്ഥിരതയിലേക്കും എത്തിക്കുകയായിരുന്നു ഷെയ്ക്ക് ഹസീന.

ആഹാരത്തിന് വകയില്ലാതെ കഴിഞ്ഞ കാലത്ത് നിന്നും 460 ബില്യൺ ഡോളർ ജിഡിപിയുള്ള ഭക്ഷ്യകയറ്റുമതി രാജ്യമാക്കി ബംഗ്ലാദേശിനെ മാറ്റാൻ ഹസീനയക്കായി. രാജ്യത്തിൻ്റെ സാങ്കേതിക മേഖലയിലും വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലുമെല്ലാ ഈ ഈ മുന്നേറ്റം പ്രകടമാണ്. തെക്കൻ ഏഷ്യയിൽ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ന് ബംഗ്ലാദേശ്. തൊഴിലാളികളുടെ കുറഞ്ഞ വേതനമാണ് ബംഗ്ലാദേശിന്റെ വസ്ത്രവിപണിയുടെ നട്ടെല്ലെന്ന ആക്ഷേപം വിമർശകർ ഉയർത്താറുണ്ട്. വേതന വർധന ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരങ്ങളും ടെക്സ്റ്റെലുകളുടെ അടച്ചുപൂട്ടലുകളുമെല്ലാം വാർത്തകളിൽ നിറയുമ്പോഴും ഈ ചെറുരാജ്യം കൈവരിച്ച സാമ്പത്തിക അഭിവൃദ്ധി ആർക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.

ഇന്ത്യയുമായും ചൈനയുമായും ഒരേപോലെ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്നുവെന്നതാണ് ഹസീനയുടെ നയതന്ത്ര വിജയം. രാഷ്ട്ര രൂപീകരണ കാലം മുതലുള്ള കൂറും കടപ്പാടും ബംഗ്ലാദേശിന് ഇന്ത്യയോടുണ്ടെങ്കിലും അതിന് അപവാദമായി നിലകൊണ്ട രാജ്യത്തെ ഇന്ത്യാവിരുദ്ധ ശക്തികളെ ഹസീന അടിച്ചമർത്തുകയും ചെയ്തു.

മാർഗ്രറ്റ് താച്ചറെക്കാളും ഇന്ദിരാഗാന്ധിയെക്കേളും കൂടുതൽ തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശിന്റെ ഉരുക്കുവനിതയ്ക്ക് ജനുവരിയിലെ ജനവിധി ഏറെ നിർണായകമാണ്. 19 വർഷത്തെ ഹസീനായുഗം അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷപാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ഹസീന രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യമുയർത്തി രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ബിഎൻപി ആഹ്വാനം ചെയ്യുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ നിരവധിപേരുടെ മരണത്തിലും അറസ്റ്റിലേക്കും കാര്യങ്ങൾ നയിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ വലിയതോതിൽ ക്രമക്കേടുകൾ നടന്നെന്നും അവാമി ലീഗിനുവേണ്ടി ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള ആരോപണങ്ങൾ ആണ് പാർട്ടി ഉന്നയിക്കുന്നത്.

ബംഗ്ലാദേശിന്റെ ആദ്യവനിതാ പ്രധാനമന്ത്രിയും ഹസീനയുടെ പ്രധാന എതിരാളിയുമായ ബിഎൻപി നേതാവും സിയാവുർ റഹ്മാൻ്റെ ഭാര്യയുമായ ഖാലിദാസിയ മോശം ആരോഗ്യാവസ്ഥകൾക്കിടയിലും അഴിമതി ആരോപണങ്ങളുടെ പേരിൽ വീട്ടുതടങ്കലിലാണ്. ബിഎൻപി സെക്രട്ടറി ജനൽ മിർസ ഫഖ്റുൾ ഇസ്ലാം അലംഗീറിനെതിരെ കൊലപാതകം അടക്കം 93 കേസുകളാണുള്ളത്. ഇങ്ങനെ പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും തുടങ്ങി സർക്കാരിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തുകയാണ് ഷേക്ക് ഹസീന സർക്കാർ. നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് യൂനൂസിനെതിരായ നിയമനടപടികൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉയർന്നു.

അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ സമ്മർദ്ദം ഷേക് ഹസീനയ്ക്ക് മേലുണ്ട്. ബംഗ്ലാദേശിന്റെ ജനാധിപത്യപ്രക്രിയയെ അട്ടിമറിയ്ക്കുന്നവർക്ക് വിസ നിഷേധിക്കുമെന്ന മുന്നറിയിപ്പാണ് ബംഗ്ലാദേശ് വസ്ത്രവിപണിയുടെ പ്രധാന ഉപഭോക്താവ് കൂടിയായ അമേരിക്ക നൽകുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി അമേരിക്കയിൽ നിന്ന് നിരന്തര അവഗണ നേരിടുന്നുണ്ട് ഷെയ്ക്ക് ഹസീന സർക്കാർ. ജനാധിപത്യ ഉച്ചകോടികളിൽ നിന്നും ബംഗ്ലാദേശിനെ ജോ ബൈഡൻ ബോധപൂർവം ഒഴിവാക്കുന്നുണ്ട്. അമേരിക്കയിൽ ലോക ബാങ്ക് ഉച്ചകോടിക്കെത്തിയ ഷെയ്ഖ് ഹസീനയെ പരിഗണിക്കാതിരുന്നതും ഈ അവഗണനയുടെ മറ്റൊരു മുഖം. അമേരിക്കയുടെ ചിറ്റമ്മനയങ്ങളോട് പാർലമെന്റിൽ ഷെയ്ഖ് ഹസീന പ്രതികരിച്ചത് ഇങ്ങനെയാണ്.''ലോകത്ത് ഏതൊരു ഭരണകൂടത്തെയും തൂത്തെറിയാൻ അമേരിക്കയ്ക്ക് ആകും പ്രത്യേകിച്ചും അതൊരു മുസ്ലീം ഭരണകൂടമാണെങ്കിൽ''.

പട്ടാള ഭരണകൂടത്തിന്റെ അവകാശലംഘനങ്ങൾക്കെതിരെ നിരന്തരം പോരാടി അധികാര സ്ഥാനത്തെത്തിയ, പ്രാണഭയത്താൽ ഓടിയെത്തിയ ഏഴ് ലക്ഷത്തോളം റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഇടം നൽകി ലോകശ്രദ്ധ നേടിയ ഷെയ്ഖ് ഹസീന പക്ഷേ ഇന്ന് ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും പഴികേൾക്കുന്നുവെന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസം. കാത്തിരിക്കാം ജനുവരിയിലെ ജനവിധിക്കായി, ഹസീന വീഴുമോ വാഴുമോ എന്നറിയാൻ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ