രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറയായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച് സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയായിരിക്കണം ഇനി മുതല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കേണ്ടതെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ വരുന്ന ഈ മാറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവില്‍ കമ്മീഷനെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സിബിഐ ഡയറക്ടറുടെ നിയമനത്തിലുള്‍പ്പെടെ പിന്തുടരുന്നതു പോലെയുള്ള നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിലും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
സുപ്രീംകോടതി വിധി വന്നിരിക്കുന്നു, ഇനി അറിയേണ്ടത് പ്രതിപക്ഷത്തായിരുന്നപ്പോൾ ബിജെപി തന്നെ ആവശ്യപ്പെട്ട മാറ്റം അവർ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ്.