വനിതാ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാവുന്ന പ്രഥമ വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകുകയാണ്. രാത്രി 7:30-ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ അങ്കം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, യു പി വാരിയേഴ്സ് എന്നിവരാണ് ലീഗിൽ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകൾ. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിന് പുറമെ ബ്രാബോൺ സ്റ്റേഡിയത്തിലും മത്സരങ്ങൾ അരങ്ങേറും. മൊത്തം 23 മത്സരങ്ങളാണ് ലീഗ് റൗണ്ടിലുള്ളത്. പുരുഷ ഐ പി എല്ലിനെ അപേക്ഷിച്ച് ഡബ്ല്യു പി എല്ലിൽ പ്ലേ ഓഫിലേക്ക് മൂന്ന് ടീമുകൾക്ക് മാത്രമാണ് അവസരം ലഭിക്കുക. പുരുഷ ഐ പി എല്ലിലാണെങ്കിൽ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്ക് അവസരം ലഭിക്കും.
ആദ്യ രണ്ട് സ്ഥാനക്കാർ ആദ്യ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിൽ കടക്കും. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിലാണ് കൊമ്പുകോർക്കുന്നത്. അതിൽ ജയിക്കുന്നവർ രണ്ടാം പ്ലേ ഓഫിലേക്ക് മുന്നേറും. അവിടെ ആദ്യ പ്ലേ ഓഫിൽ തോറ്റവരും എലിമിനേറ്റർ ജയിച്ചവരും തമ്മിൽ ഏറ്റുമുട്ടും. വിജയികൾ കലാശപ്പോരിന് അർഹത നേടും. അതേസമയം വനിതാ പ്രീമിയർ ലീഗിൽ ഒരു എലിമിനേറ്ററും ഫൈനലുമാണ് ഉള്ളത്. ടേബിൾ ടോപ്പറാകുന്ന ടീം നേരിട്ട് ഫൈനൽ കളിക്കുമ്പോൾ രണ്ടാം ഫൈനലിസ്റ്റിനെ കണ്ടെത്താൻ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ കളിക്കും. ജയിക്കുന്നവർ ഫൈനലിൽ കടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണമാണ് ഈ പ്രത്യേക ഫോർമാറ്റിന് കാരണം.
ആകെ അഞ്ച് ടീമുകൾ മാത്രമായതിനാൽ പ്ലേ ഓഫിലേക്ക് മൂന്ന് ടീമുകൾ മാത്രമേ എത്തുകയുള്ളു. ബാക്കിയുള്ളവർ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം യാത്ര അവസാനിപ്പിക്കും. ഇന്ത്യൻ ദേശീയ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് പ്രഥമ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കടിഞ്ഞാൺ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ കരുത്തുറ്റ താരവും ലേലത്തിൽ ഏറ്റവും വിലയേറിയ താരവുമായ സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സിന്റെ അമരത്ത്. ഈ രണ്ട് ടീമുകളൊഴികെ ബാക്കിയുള്ളവയിൽ ക്യാപറ്റൻ സ്ഥാനത്ത് ഓസ്ട്രേലിയൻ ആധിപത്യമാണ്. ഓസ്ട്രേലിയൻ ബാറ്ററും വിക്കറ്റ് കീപ്പറുമായ ബേഥ് മൂണി ആണ് ഗുജറാത്ത് ജയ്ന്റ്സിനെ നയിക്കുന്നത്. ഓസീസ് ബാറ്ററും വിക്കറ്റ് കീപ്പറുമായ അലീസ ഹീലിയാണ് യു പി വാരിയേഴ്സിന്റെ ക്യാപ്റ്റൻ. ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ് ആണ് ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുക. മാർച്ച് 26 ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഫൈനൽ.