പ്രതീകാത്മക ചിത്രം 
EXPLAINER

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേയ്ക്കോ? പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്ത്? ഇന്ത്യയെ എങ്ങനെ ബാധിക്കും

ഐഎംഎഫ് വേൾഡ് എക്കോണമിക്ക് റിപ്പോർട്ടാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന ആശങ്ക വർധിപ്പിച്ചത്

വെബ് ഡെസ്ക്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന ചര്‍ച്ച ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണോ എന്നത് സംബന്ധിച്ചാണ്. കോവിഡിന് ശേഷം സാമ്പത്തിക രംഗം ഉണര്‍വിലേക്ക് എന്ന തോന്നലിനിടെയാണ് ഇത്തരമൊരു ആശങ്ക പങ്കുവെയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഐഎംഎഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പുറത്തുവന്നത്. ലോകത്തെ മൂന്നിലൊന്ന് സമ്പദ് വ്യവസ്ഥകളിലും വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുകയാണ്.

എന്താണ് ലോക സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്

എല്ലാ വര്‍ഷവും രണ്ട് തവണയാണ് അന്താരാഷ്ട്ര നാണയ നിധി അതായത് ഐഎംഎഫ് വേള്‍ഡ് എക്കോണമിക്ക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടായി പുറത്തിറക്കുന്നത്. ലോക സാമ്പത്തിക മേഖലയെ വിവിധ രാജ്യങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും ആണ് പൊതുവില്‍ റിപ്പോര്‍ട്ടിലുണ്ടാകാറുളളത്. ഈ റിപ്പോര്‍ട്ടിലാണ് ലോകത്തെ മൂന്നിലൊന്ന് സമ്പദ് വ്യവസ്ഥകളിലെയും വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വ്യക്തമാക്കുന്നത്.

എന്താണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടിനുള്ള കാരണങ്ങള്‍

സവിശേഷമായ ഒരു സാമ്പത്തിക പ്രതിഭാസത്തിലൂടെ ലോകം കടന്നുപോകുന്നുവെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പറയാന്‍ ശ്രമിക്കുന്നത്. സാധരണഗതിയില്‍ വളര്‍ച്ചാ നിരക്ക് താഴുമ്പോള്‍ വിലനിലവാരവും താഴും. എന്നാല്‍ ഇപ്പോഴത്തെ പ്രതിഭാസം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണം പ്രധാനപ്പെട്ട എല്ലാ സമ്പദ് വ്യവസ്ഥകളും ഇന്‍ഫ്‌ളേഷന്‍ അല്ലെങ്കില്‍ നാണയപ്പെരുപ്പം അനുഭവിക്കുന്നു അതോടൊപ്പം വളര്‍ച്ചയും കുറയുന്നുവെന്നതാണ്. ഇതിനെ സാമ്പത്തിക ശാസ്ത്രകാരന്മാര്‍ സ്റ്റാഗ്ഫ്‌ളേഷന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന വാക്ക് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും അതിന്റെ ലക്ഷണങ്ങളാണ് സമ്പദ് വ്യവസ്ഥകളെ ബാധിച്ചിരിക്കുന്നതെന്ന് പറയാതെ പറയുന്നു. 2008ന് ശേഷം ലോകം വീണ്ടും ഒരു മാന്ദ്യത്തിലേക്ക് എന്ന ആശങ്ക ഉണ്ടാകുന്നതിന് ഇതാണ് കാരണം

എങ്ങനെയാണ് ഇത് സങ്കീര്‍ണമാകുന്നത്

വില നിലവാരം ഉയരുമ്പോള്‍ ആളുകളുടെ വാങ്ങല്‍ ശേഷി കുറയും. അതായത് കൂടിയ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഡിമാന്‍ഡ് കുറയുകയും അതിന്റെ ഫലമായി ഉത്പാദനം കുറയുകയും ചെയ്യും. ഇത് വളര്‍ച്ച നിരക്ക് വീണ്ടും കുറയ്ക്കുകയും ചെയ്യും. ഈ ഒരു വിഷമവൃത്തത്തില്‍ എത്തിപ്പെട്ടാല്‍ പിന്നെ സവിശേഷമായ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ മാത്രമെ പുറത്ത് കടക്കാന്‍ കഴിയൂ. പൊതുവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക നടപടികള്‍, അതായത് ഫിസ്‌ക്കല്‍ പോളിസിയും കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന നയ സമീപനങ്ങള്‍, അതായത് മോണിറ്ററി പോളിസിയുമാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള ആയുധങ്ങള്‍. ഇവ പരസ്പര പൂരകമല്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. അതാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സംഭവിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ന കേന്ദ്ര ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒരു വശത്ത് നടപടികളെടുത്തപ്പോള്‍ സര്‍ക്കാര്‍ ഉദാരമായ ധനനയം സ്വീകരിച്ച് സമ്പദ് വ്യവസ്ഥയില്‍ പണമൊഴുക്ക് കൂട്ടുകയായിരുന്നു. നികുതികള്‍ കുറച്ചും, പൊതുചിലവ് വര്‍ധിപ്പിച്ചുമായിരുന്നു അത്. ഇത് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

വില നിലവാരം ഉയരുമ്പോള്‍ ആളുകളുടെ വാങ്ങല്‍ ശേഷി കുറയും. അങ്ങനെ സംഭവിച്ചാല്‍ ഡിമാന്‍ഡ് കുറയുകയും അതിന്റെ ഫലമായി ഉത്പാദനം കുറയുകയും ചെയ്യും. ഇത് വളര്‍ച്ച നിരക്ക് വീണ്ടും കുറയ്ക്കും

പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ബാധിക്കും

2023 -24 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരിക്കുമെന്ന് പറഞ്ഞ ഐഎംഎഫ് ഈ വര്‍ഷത്തെ വളര്‍ച്ച പ്രവചനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. 7.4 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ചത്. വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമായി പല ഘടകങ്ങളും കാരണമായി പറയുന്നുണ്ട്. വ്യവസായ വളര്‍ച്ചയിലും കയറ്റുമതിയിലുമുണ്ടാകുന്ന കുറവാണ് ഇതില്‍ പ്രധാനം. രൂപയുടെ തകര്‍ച്ച കയറ്റുമതിയെ ബാധിക്കുന്നു. ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളില്ലെങ്കിലും രാജ്യത്തെ പണപ്പെരുപ്പം ഉയരുന്നത് ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ദര്‍ ഉണ്ട്. ഇന്ത്യന്‍ വളര്‍ച്ച എന്നത് വലിയ സാമ്പത്തിക അസമത്വം സൃഷ്ടിച്ചുകൊണ്ടാണ് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ വളര്‍ച്ച നിരക്ക് സമൂഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥയല്ല പ്രതിഫലിപ്പിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം കുറഞ്ഞ രാജ്യം ആയതുകൊണ്ട് തന്നെ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക സമൂഹത്തിന്റെ മധ്യവര്‍ഗത്തെയും അതിന് താഴെയുള്ളവരെയുമാണ്. പണപ്പെരുപ്പം മൂലം അവര്‍ക്ക് ചിലവഴിക്കാന്‍ കഴിയുന്ന പണത്തിന്റെ അളവ് കുറയുകയും അത് ഡിമാന്‍ഡിനെ ബാധിക്കുകയും ചെയ്യും. ആ അവസ്ഥ നിലനിന്നാല്‍ ഉത്പാദനത്തില്‍ കുറവു വരുത്തുന്നതിന് കാരണമാകും. ഈ അവസ്ഥയെ മറികടക്കാന്‍ സര്‍ക്കാര്‍ ഇതുവരെ സവിശേഷമായ എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമില്ല.

പണപ്പെരുപ്പത്തെ നിയന്ത്രിച്ചുവെന്ന ധനമന്ത്രിയുടെ പ്രസ്താവന കണക്കുകള്‍ ശരിവെയ്ക്കുന്നില്ലെന്നും സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബജറ്റിന്റെ തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയരുന്ന എണ്ണവിലയും വളത്തിന്റെ വിലയും ആഭ്യന്തരമായി കൂടുതല്‍ വിലയക്കയറ്റത്തിന് കാരണമാകും. എന്ന് മാത്രമല്ല ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയും രൂക്ഷമാക്കും. ഈ അവസ്ഥയെ മറികടക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. യാഥാസ്ഥിതിക സാമ്പത്തിക വീക്ഷണം പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറാകാനും സാധ്യതയില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ