FOURTH ESTATE

തലക്കെട്ടിലെ അർത്ഥശങ്ക, തലക്കുള്ളിലെ അശ്ലീലവും

അർത്ഥശങ്ക ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാകരുത് വാർത്തകൾ

പി സുധാകരൻ

ഒരു തലക്കെട്ടുകൊണ്ടു നിങ്ങൾക്ക് ഒരുപക്ഷേ ലോകത്തെ നിങ്ങളിലേക്ക് ആകർഷിക്കാൻ കഴിയും, ഒരുപാടു ജീവിതങ്ങളെ തകർക്കാനും. അത് ഒരു പരസ്യവാചകം പോലെയാണ് യാഥാർഥ്യത്തിലേക്കും തെറ്റിദ്ധാരണയിലേക്കും നിങ്ങളെ നയിക്കാം. കോഴിക്കോട്, തന്റെ കൂട്ടുകാരിയായ ഒരു ഡോക്ടറുടെ വീട്ടിൽ വച്ച് ഒരു വനിതാ യുവ ഡോക്ടർ മരിച്ച വാർത്ത അതിലെ തലക്കെട്ട് സൃഷ്‌ടിച്ച തെറ്റിദ്ധാരണകൾ കൊണ്ട് മരണമടഞ്ഞ ആ ഡോക്ടറെയും കുടുംബത്തെയും വേട്ടയാടിയത് ഒരുപാട് തലങ്ങളിൽ ആണ്. ജൻഡർ ന്യൂട്രാലിറ്റി എല്ലായ്‌പോഴും ജൻഡർ സെൻസിറ്റിവിറ്റി ആവില്ല എന്ന് തെളിയിച്ച ആ തലക്കെട്ടിനേക്കാൾ അപകടകരമാണ് മലയാളി ആ വാർത്ത വായിച്ച രീതിയും അതിനോട് തീർത്തും അശ്ലീലം നിറഞ്ഞ രീതിയിലുള്ള പ്രതികരണങ്ങളും.

ഈ വാർത്തയെ കണ്ടത് ആൺ നോട്ടത്തിലൂടെയാണ് എന്നത് സമൂഹത്തിന്റെ മുൻവിധിക്ക് കൂടുതൽ അടിവരയിടുന്നതാണ്

ക്ലിക്ക്ബൈറ്റുകൾ എന്നറിയപ്പെടുന്ന ഇത്തരം തലക്കെട്ടുകൾ, ആ പേരുപോലെ തന്നെ ഒരു ഇരയെ ആകർഷിക്കാൻ ചൂണ്ടയിൽ കൊളുത്തിയ മറ്റൊരു ഇര തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ, കൂടുതൽ ക്ലിക്കുകൾ കിട്ടാൻവേണ്ടി ചെയ്യുന്ന ഇത്തരം നാടകങ്ങൾ പക്ഷേ വാർത്തയുടെ അടിസ്ഥാന ദൗത്യത്തിൽ നിന്നും പിന്തിരിഞ്ഞ് നടക്കുന്നവയാണ് എന്നതാണ് ഏറ്റവും വലിയ അപകടം. അവ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ദൗത്യം നിർവഹിക്കുന്നില്ല. അടുത്ത കാലത്തായി ചില മാധ്യമങ്ങൾ ഇക്കാര്യം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് താനും. ഇത്തരം വാർത്താവതരണം, അച്ചടിയിലായാലും ഇലക്ട്രോണിക് മാധ്യമങ്ങളിൽ ആയാലും, ചിലപ്പോഴൊക്കെ യഥാർഥ ചർച്ചകളിൽ നിന്നും നമ്മളെ വഴിത്തിരിക്കും എന്ന് മാത്രമല്ല അരാഷ്ട്രീയ, കപട രാഷ്ട്രീയ അജണ്ടകൾക്ക് കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുകയും ചെയ്യും.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്വാതന്ത്ര്യമെന്ന് പറയപ്പെടുന്ന പല വാക്കുകളും പുരുഷനിലേക്ക് മാത്രം നമ്മുടെ ചിന്തയെ തിരിച്ചുവിടും എന്നതാണ് സത്യം

ഇപ്പറഞ്ഞ ഡോക്ടറുടെ മരണ വാർത്തയുടെ തലക്കെട്ടും ഉള്ളടക്കവും തെറ്റിദ്ധാരണാ ജനകമാവാൻ ഒരു കാരണം അത് ഭാഷയിൽ പോലും പുരുഷ കേന്ദ്രീകൃതമായ മലയാളിയുടെ ചിന്താ വൈകല്യത്തെ മനസിലാക്കിയില്ല എന്നതാണ്. ആദ്യം വന്ന വാർത്തകൾ അവരുടെ മരണ കാരണത്തെ കുറിച്ച് ഒരു സൂചനയും തന്നില്ല എന്നതും ദുർവ്യാഖ്യാനത്തിന് വഴിവച്ചു. പിന്നീട്, ആ കുട്ടിയുടെ വീട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ്, ചില വാർത്തകൾ അവരുടെ അപസ്മാരബാധയെ കുറിച്ച് പറയുന്നത്. ഒരു മാധ്യമത്തിൽ മാത്രമല്ല, ഒരുവിധം എല്ലായിടത്തും ഒരേ തരത്തിലാണ് വാർത്ത വന്നത്. 'മാ-പ്ര' പ്രയോഗത്തിന്റെ വക്താക്കളും ഈ വാർത്തയെ കണ്ടത് ആൺ നോട്ടത്തിലൂടെയാണ് എന്നത് സമൂഹത്തിന്റെ മുൻവിധിക്ക് കൂടുതൽ അടിവരയിടുന്നതാണ്.

അർത്ഥശങ്ക ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാകരുത് വാർത്തകൾ

സാങ്കേതികമായി പറഞ്ഞാൽ 'പാലാഴിയിലെ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് എഴുതിയിടത്ത് ഒരു ദുരുദ്ദേശ്യവും ഇല്ലെന്ന് വാദിക്കാനാവും, കാരണം സുഹൃത്ത് പുരുഷൻ ആണ് എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? അപ്പോൾ പിന്നെ എന്തിനാണ് ഈ വാർത്തകളിൽ പലതും സുഹൃത്ത് എന്ന വാക്ക് മാറ്റി കൂട്ടുകാരി എന്നാക്കിയത് ? പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്വാതന്ത്ര്യമെന്ന് പറയപ്പെടുന്ന പല വാക്കുകളും പുരുഷനിലേക്ക് മാത്രം നമ്മുടെ ചിന്തയെ തിരിച്ചുവിടും എന്നതാണ് സത്യം. ഇവിടെയും അതുതന്നെ സംഭവിച്ചു.

ഗാന്ധിജി വെടിയേറ്റ് വീണപ്പോൾ വെടിവച്ചയാൾ മുസ്ലീം അല്ല എന്ന് ആകാശവാണിയിലൂടെ രാജ്യത്തെ ഈ ദുഃഖവാർത്ത അറിയിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞ്ഞിരുന്നു എന്ന് കേട്ടിട്ടുണ്ട്. നെഹ്‌റു അന്ന് അത് പറഞ്ഞത് അതിനീചമായ ഈ കൊലപാതകം കൂടുതൽ വർഗീയ കലാപത്തിലേക്ക് രാജ്യത്തെ നയിക്കരുത് എന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നു.

വാർത്തകളുടെ ദൗത്യവും അതുതന്നെയാണ്; അർത്ഥശങ്ക ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കരുത്.

അതേസമയം, പതിവുപോലെ ഈ വാർത്തയെ തെറി വിളിച്ചവരുടെ നിലപാടുകളും വിമർശിക്കപ്പെടേണ്ടതാണ്. കാരണം ഇവരും നേരത്തെ പറഞ്ഞ പുരുഷകേന്ദ്രീകൃത ചിന്തയിൽ നങ്കൂരമിട്ട് നിൽക്കുന്നവരാണ്. അഥവാ ആ വനിതാ ഡോക്ടർ മരിച്ചത് ഒരു പുരുഷ സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നുവെങ്കിൽ അവരിൽ പലരും ഉറയൂരി വീശുന്നതും മറ്റൊരു വാളായിരുന്നേനെ. ഇനി ഈ വാർത്തയുടെ മറുവശം നോക്കൂ. അതിൽ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെങ്കിലും അവർ ആ രാത്രി താമസിച്ചത് ഒരു പുരുഷ സുഹൃത്തിന്റെ വീട്ടിൽ ആണെന്നും അങ്ങനെയെങ്കിൽ അതിൽ ചില 'ചുറ്റിക്കളികൾ' ഉണ്ടെന്നും 'സ്വയമേവ കണ്ടെത്തി' അതനുസരിച്ച് കഥകൾ ചമച്ച ചിലരുടെ frustration അവർണനീയമാണ്. ചില വാർത്തകൾക്ക് താഴെ അവരുടെ കമന്റുകൾ അശ്ലീലം ആണെന്ന് മാത്രമല്ല, സ്വന്തം ശരീരത്തിലെ ഒരേയൊരു അവയവത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന അവരുടെ വൈകല്യം വെളിവാക്കുന്നതും ആണ്. ഇത്തരക്കാർ ഏത് പെണ്ണിനേയും തഞ്ചത്തിൽ കിട്ടിയാൽ 'കാര്യം' സാധിക്കാം എന്ന് കരുതുന്ന കപട സദാചാരവാദികൾ ആണ് എന്നുകൂടി പറയേണ്ടി വരും; സ്വന്തം വീട്ടിലെ പെൺകുട്ടികൾ പോലും ഇവരുടെ വീട്ടിൽ സുരക്ഷിതരാവും എന്ന് കരുതാനാവില്ല.

എല്ലാ വൈകല്യങ്ങൾക്ക് മേലേയും അവർ സദാചാരത്തിന്റെ മേൽമുണ്ട് പുതക്കും, പെങ്ങളേ എന്ന് വിളിക്കും. ഇവരുടെ സമീപനത്തെ കുറിച്ചുള്ള പ്രയോഗമാണ് "മൊറാലിറ്റി ഈസ് ദി ലാക്ക് ഓഫ് ഓപ്പർച്യുണിറ്റി" എന്നത്. അതേസമയം നേർക്കുനേർ ഒരു പെണ്ണ് വന്നാൽ വാല് ചുരുട്ടുന്നവരാണ് ഇവരിൽ പലരും. എല്ലാ സൗഹൃദങ്ങളെയും കിടപ്പറയിൽ എത്തിച്ച് കഥ ചമയ്ക്കുന്ന ഇവർക്ക് മനുഷ്യബന്ധങ്ങളെ മനസിലാക്കാൻ കഴിയില്ല. ഒരു പെൺകുട്ടി താമസിച്ചത് തന്റെ പുരുഷ സുഹൃത്തിന്റെ വീട്ടിൽ ആണ് എന്നുതന്നെ വെയ്ക്കുക, അതിന് ഒരു അർത്ഥം മാത്രമേ ഉള്ളു എന്നുണ്ടോ? അങ്ങനെ മാത്രം കാണുകയും, അതിലും മോശമായി അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തികൾ വെറും അശ്ലീലം മാത്രമല്ല, സമൂഹത്തിന് വലിയ ബാധ്യതയും ആണ്. സമൂഹം സെൻസർ ചെയ്യേണ്ടത് അവരെയാണ്. ക്രൈം വാർത്തകൾ ഇത്തരക്കാർക്കുള്ള ലൈംഗിക ഉദ്ദീപന ഔഷധമാവുന്നു എന്നതാണ് ഇത്തരം വാർത്തകൾക്ക് കീഴെ അശ്ലീലം എഴുതിയവരുടെ മാനസികാവസ്ഥയിൽ നിന്നും നമുക്ക് മനസിലാവുന്നത്. അവർ ചികിത്സ അർഹിക്കുന്നു, സമൂഹത്തിൽ നിന്നുതന്നെ.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം