ആയിരം വാക്കുകളെക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ മുകളില്‍ കൊടുത്ത പടത്തെക്കാള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ബോധ്യപ്പെടുത്തുന്ന മറ്റൊരു ചിത്രമുണ്ടോ? പ്രധാനമന്ത്രിക്ക് മുന്നില്‍ വണങ്ങി നില്‍ക്കുന്ന വ്യക്തി കഴിഞ്ഞ ദിവസം വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനം പല പരമാര്‍ശങ്ങള്‍ക്കൊണ്ടും, തീരുമാനങ്ങള്‍ക്കൊണ്ടും വിവാദമായിരുന്നു. അതിന് ശേഷമാണ്, രാജിവച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ മോദി അദ്ദേഹത്തെ കാണുകയും കൈനീട്ടുകയും ചെയ്തു. ഈ ചിത്രത്തിലേക്ക് നയിച്ചത് അതിന് ശേഷമുള്ള സംഭവങ്ങളാണ്. എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. തീര്‍ച്ചയായും ഈ ചിത്രം ആയിരം വാക്കുകളെക്കാള്‍ ശക്തിയുള്ളതാണ്. ഈ സംഭവം നടന്ന അന്ന് രാത്രി തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗോയല്‍ രാജിവെച്ചത്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്ന തരത്തില്‍ ഒന്നിലേറെ കാര്യങ്ങള്‍ ഇങ്ങനെ ഒരേസമയം പുറത്തുവരുന്നത് അപൂര്‍വമാണ്.
ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന കേരളത്തിലടക്കമുള്ള മാധ്യമങ്ങള്‍, ഈ ചിത്രത്തോട് സ്വീകരിച്ച നിസംഗതയാര്‍ന്ന സമീപനവും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റെ രാജിയുമായി അതിനുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് പറയാത്തതുമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ബംഗാളിലെ ഒരു പത്രത്തിലൊഴികെ മറ്റൊരു പത്രത്തിന്റെ ആദ്യ പേജില്‍ ഞാന്‍ ഈ ചിത്രം കണ്ടത് ഫ്രീ പ്രസ് ജേണലിലാണ്. വസ്തുത അതേപോലെ ഫ്രീ പ്രസ് ജേണല്‍ പറയുന്നു. എല്ലാം തിരക്കിട്ട് ചെയ്യുന്ന ന്യൂസ് ഡെസ്‌കിന് ഒരു നിമിഷം കൊണ്ട് തലക്കെട്ട് ഉപയോഗിച്ച് ഒന്നാം പേജിനെ എങ്ങനെ മാറ്റാമെന്ന് തെളിയിക്കുന്നു. മുകളിലെ പരസ്യത്തെ തലക്കെട്ട് അസംബന്ധമാക്കി മാറ്റുകയും ചെയ്യുന്നു. ന്യൂസ് റൂമുകള്‍ക്ക് ചരമക്കുറിപ്പ് എഴുതാറായിട്ടില്ലെന്ന് കൂടി ഇത് തെളിയിക്കുന്നുണ്ട്.
കേരളത്തില്‍ ഞാന്‍ വാങ്ങുന്ന ഏഴ് പത്രങ്ങളിലും ഈ ചിത്രം ഞാന്‍ കണ്ടില്ല. മറ്റ് പത്രങ്ങളിലുണ്ടാകാം. എന്നാല്‍ ഈ ഏഴു പത്രങ്ങളും കേരളത്തിലെ എല്ലാവര്‍ക്കും അറിയുന്ന പത്രങ്ങളാണ്. ഈ ചിത്രം ഫോട്ടോഗ്രാഫറുടെ മിടുക്കിന്റെ ഫലമായി ഉണ്ടായതല്ല. ആ ചിത്രത്തിലെ അശ്ലീലമാണ് എടുത്തുനില്‍ക്കുന്നത്. ഇങ്ങനെ ഒരു ചിത്രത്തോട് പ്രതികരിക്കാത്ത, ഇങ്ങനെ ഒരു ചിത്രം ഒന്നാം പേജില്‍ വേണമെന്ന് വാശിപിടിക്കാത്ത, ഇങ്ങനെ ഒരു ചിത്രം ലഭിക്കാത്ത ന്യൂസ് റൂമിനെ, യഥാര്‍ത്ഥത്തില്‍ ന്യൂസ് റൂം എന്ന് വിളിക്കാന്‍ കഴിയുമോ? ഇന്നലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റെ രാജിയായിരുന്നു.( കേരളത്തില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയുടെ മരണം, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റെ രാജിയെക്കാള്‍ പ്രധാനമെന്ന അഭിപ്രായമുണ്ടായേക്കാം. വായനക്കാരന്റെ താല്‍പര്യമെന്ന നിയതമായ നിര്‍വചനമില്ലാത്ത മാനദണ്ഡം സിബിഐ അന്വേഷണ പ്രഖ്യാപനമാണ് പ്രധാനമെന്ന വാദത്തെ സഹായിച്ചേക്കാം. എങ്കിലും രാജി തന്നെയായിരുന്നു ഏറ്റവും പ്രധാനം. എന്റെ അഭിപ്രായം തെറ്റായിരിക്കാം. സിബിഐ അന്വേഷണമായിരിക്കാം കൂടുതല്‍ പ്രാധാന്യം. അതുസംബന്ധിച്ച് ചര്‍ച്ചകളും ചിലപ്പോള്‍ നടന്നിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ തീര്‍ത്തും അപ്രധാനമെന്ന മട്ടില്‍ പലപത്രങ്ങളും അതിനെ സമീപിച്ചത് കാരണം അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവില്ലെന്ന് ഞാന്‍ ഊഹിക്കുന്നു.) ജഡ്ജിയുടെ ചിത്രത്തോടൊപ്പം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റ രാജി വാര്‍ത്ത ചേര്‍ത്ത് നല്‍കിയിരുന്നുവെങ്കില്‍ വാക്കുകള്‍ക്ക് സാധ്യമാകാത്ത രീതിയില്‍, അത് ശക്തമായി വിനിമയം ചെയ്യപ്പെട്ടേനെ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന്റെ രാജി വാര്‍ത്ത നല്‍കിയ രീതിയിലൂടെ തെളിയുന്നത് മാധ്യമങ്ങള്‍ക്ക് അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ലെന്നതായിരുന്നു.
സര്‍ക്കാരിന്റെ ദുരൂഹമായ രീതികള്‍ തന്നെയാണ് ഇതിന് കാരണം. എന്നാല്‍ വാര്‍ത്ത പുറത്തുവന്നത് 9.30 നായിരുന്നു. വാര്‍ത്തയില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സമയമുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിന് ചില പ്രത്യേക രീതികളുണ്ട്. ശൂന്യതകള്‍ നിറയ്ക്കാന്‍ പതിറ്റാണ്ടുകളായി രാകിമിനുക്കിയെടുത്ത മാര്‍ഗങ്ങള്‍. ഗ്രാഫിക്‌സ്, ഫോട്ടോകള്‍, ചാര്‍ട്ടുകള്‍, രേഖാചിത്രങ്ങള്‍, കാര്‍ട്ടുണുകള്‍, തലക്കെട്ടുകള്‍ എന്നിവയാണ് ഇതിനായി അവലംബിക്കുന്ന മാര്‍ഗങ്ങള്‍. വാര്‍ത്തയില്‍ പറയുന്ന കാര്യം ആവര്‍ത്തിക്കുകയെന്നതല്ല ഗ്രാഫിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ റിപ്പോര്‍ട്ടുകള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് ഗ്രാഫിക്‌സിലൂടെ ആവിഷ്‌ക്കരിക്കുക. കായിക വിനോദ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോഴല്ലാതെ ഏതെങ്കിലും ന്യൂസ് റൂമുകള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് എനിയ്ക്ക് ഉറപ്പില്ല. കേരളത്തിലെ പത്രങ്ങളിലെ ഒന്നാം പേജില്‍ വന്ന ചിത്രങ്ങള്‍ ജീര്‍ണതയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. മിസ് വേള്‍ഡ്, ഒരു സ്വകാര്യ ഗാനപരിപാടി, ശിവരാത്രി പൂജ... ഇരട്ടത്താപ്പ് വരും ദിനങ്ങളില്‍ കൂടുതല്‍ വെളിപ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയുമായി ബന്ധപ്പെട്ട്, രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ വലിയ എഴുത്തുകള്‍ പ്രതീക്ഷിക്കാം. എത്ര എഴുതിയാലും, മറ്റൊന്നിലും പ്രതീക്ഷയില്ലാത്ത ജനങ്ങള്‍ ഇപ്പോഴും ആശ്രയിക്കുന്ന നീതിന്യായ സംവിധാനത്തിനേറ്റ ആഘാതം വെളിപ്പെടുത്തുന്ന ഈ ചിത്രത്തിനുള്ള പ്രഹരശേഷി വാക്കുകള്‍ക്കുണ്ടാവുമോ?
കേരളത്തിലെ പ്രധാന വാര്‍ത്ത പത്മജയെന്ന സ്ത്രീയെക്കുറിച്ചുള്ളതാണ്. ഒരു ജഡ്ജി രാജിവെച്ചതിനെക്കുറിച്ചും ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചും ഗൗരവത്തിലുള്ള ഒരു ചര്‍ച്ച ഞാനെവിടെയും കണ്ടില്ല. ചില പത്രങ്ങള്‍ സ്വയം ദേശീയമായിയാണ് വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ദേശീയ പ്രതിച്ഛായ ഉണ്ടാക്കാന്‍ വേണ്ടി മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ അലക്ഷ്യമായി ചേര്‍ക്കുന്ന പ്രാദേശിക പത്രങ്ങള്‍ മാത്രമാണ്. ഭൂമിശാസ്ത്രപരമായി മാത്രമാണ് അവര്‍ ദേശീയമാകുന്നത്. ഒരു ദേശീയ വിഷയവും അതിന്റെ പ്രധാന്യത്തിനനുസരിച്ച് ഗൗരവത്തോടെയോ വൈദഗ്ദ്യത്തോടെയോ കൈകാര്യം ചെയ്യപ്പെടുന്നില്ല. അല്ലെങ്കില്‍ ചാനലുകളില്‍ കാണിച്ച ചിത്രം എങ്ങനെയാണ് അവര്‍ക്ക് വിട്ടുപോകുന്നത്. -ഇത് വിട്ടുപോയതാണെന്നും ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും ഞാന്‍ കരുതുന്നു- അതോ ദേശീയ പത്രങ്ങള്‍ എന്നു സ്വയം വിളിക്കുന്നവര്‍ പ്രാദേശിക ചാനലുകളും നാഷണല്‍ ജോഗ്രഫിക് ചാനലും മാത്രമാണോ ഇക്കാലത്ത് കാണുന്നത്. ?
ദ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ