പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ഥി സിദ്ധാർത്ഥന്റെ മരണത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത് തിരുവനന്തപുരം നെടുമങ്ങാടുള്ള അവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ല എന്ന് അന്നുതന്നെ രക്ഷിതാക്കളായ ജയപ്രകാശും ഷീബയും ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു. ആരോപണം അവരുടെ മാത്രം വേദനയില്‍ നിന്നുണ്ടായതാകുമോ എന്നുപോലും ആ സമയം സംശയിച്ചുപോയിരുന്നു. പക്ഷേ ആ രക്ഷിതാക്കള്‍ വ്യക്തതയോടെ പറഞ്ഞു, ആരാണ് തങ്ങളുടെ മകനെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന്. അവരുടെ കണ്ണുകളിൽ നിസഹായതയും രോഷവും ഒരുപോലെ ഉണ്ടായിരുന്നു.
റാഗിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധാരണവത്കരിക്കപ്പെട്ട അവസ്ഥയാണ് പൂക്കോട് കോളേജിൽ നിലനിൽക്കുന്നതെന്ന് പൂർവ വിദ്യാർഥികൾ പറയുന്നു
ഫെബ്രുവരി 18നാണ് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം 24-ാം തീയതിയാണ് സംഭവത്തെക്കുറിച്ച് രക്ഷിതാക്കളുടെ പ്രതികരണമറിയാന്‍ നെടുമങ്ങാടുള്ള വീട്ടിലെത്തുന്നത്. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും പ്രതികരണങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാസ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം കേരളം അറിയുന്നത്. വാർത്ത മുഖ്യധാര മാധ്യമങ്ങളിൽ ചിലതും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്തു.
ക്യാമ്പസില്‍ നടന്നത് എന്താണെന്നറിയാന്‍ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥികളോട് സമീപിച്ചപ്പോള്‍ കുട്ടികളിൽ പലരും പ്രതികരിക്കാൻ പോലും ഭയക്കുന്നതായാണ് കണ്ടത്. ഭയം ആയിരുന്നു ആ ക്യാമ്പസിനെ ഭരിച്ചിരുന്നത്.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമെന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് ഒരു വിദ്യാർത്ഥി സംഘടന വിദ്യാർത്ഥികളെ മാത്രമല്ല, അധ്യാപകരെയും ഭയപ്പെടുത്തി കീഴ്‌പെടുത്തിവച്ചിരിക്കുകയാണെന്ന് ബോധ്യമായി. പല തവണ സംസാരിച്ചപ്പോഴാണ് ചില വിദ്യാർഥികളും മുൻ വിദ്യാർഥികളും, എസ്എഫ്‌ഐയുടെ ഉരുക്കുകോട്ടയിലെ കഥകൾ പലതും പറയാന്‍ തയാറായത്.
ഒരു കോളേജ് ക്യാമ്പസിനുള്ളിൽ സഹപാഠികൾ നോക്കി നിൽക്കെ ഒരാളെ വിവസ്ത്രനാക്കി, മുട്ടിലിഴയിച്ച്, ബെൽറ്റും കേബിൾ വയറുകളും കൊണ്ടടിക്കുക. എന്നിട്ട് ആ ക്രൂരവിനോദം നടത്തിയവർ കോളേജിലൂടെ ഹീറോയെ പോലെ നിർബാധം വിലസാൻ കഴിയുന്ന തരത്തിൽ ആ ക്യാമ്പസിനെ മാറ്റിയെടുത്തത് എതെങ്കിലും തെമ്മാടി കൂട്ടത്തിന്റെ മാത്രം ഇടപെടൽ കൊണ്ടല്ലെന്നും, എല്ലാം അടക്കി ഭരിച്ച ഒരു സംഘടനയുടെ അധീശത്വമാണ് കാരണമെന്നും വിദ്യാർത്ഥികളോട് സംസാരിച്ചപ്പോൾ മനസിലായി.
ശരീരത്തിൽ കണ്ടെത്തിയ പരുക്കുകൾക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തിന്റെ പഴക്കമാണുള്ളത്. ഫെബ്രുവരി 16 മുതൽ നിരന്തര പീഡനത്തിന് ഇരയായെന്ന് കൂടി തെളിയിക്കുന്നുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'നെടുമങ്ങാട് സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തു' എന്നായിരുന്നു ആദ്യം വാർത്തകൾ. പിന്നീട് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചെങ്കിലും അതൊരു ടിക്കർലൈൻ മാത്രമായി ഒതുങ്ങി. പിന്നീട് ചെറുതായെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് ഫെബ്രുവരി 23ന്, അതായത് മരണം നടന്ന് അഞ്ചുദിവസങ്ങൾക്ക് ശേഷം റാഗിങ്ങ് നടന്നെന്ന് കണ്ടെത്തി 12 പേരെ സസ്പെൻഡ് ചെയ്തതോടെയാണ്. അപ്പോഴും വലിയ ശ്രദ്ധ നൽകാനോ വീട്ടുകാരുടെ പക്ഷം പൂർണമായി കേൾക്കാനോ ഒരു മാധ്യമവും തയാറായിരുന്നില്ല.
ഈ വാർത്തയുമായി ബന്ധപ്പെട്ട് വിശദമായൊരു റിപ്പോർട്ട് തയാറാക്കാൻ വേണ്ടി, നെടുമങ്ങാട്ടെ വീട്ടിലെത്തി കുടുംബവുമായി സംസാരിച്ചപ്പോഴാണ് ശരിക്കും സംഭവത്തിന്റെ തീവ്രത മനസിലാകുന്നത്. 'ഫെബ്രുവരി 15ന് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥനെ പാതിവഴിയിൽ വച്ച് രഹൻ (അറസ്റ്റിലായവരില്‍ ഒരാള്‍) എന്ന വിദ്യാർഥി തിരികെ കോളേജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു'. തുടർന്ന് രണ്ടുദിവസം അതിക്രൂരമായി റാഗ് ചെയ്യുകയായിരുന്നു എന്നു കുടുംബം അന്ന് ദ ഫോർത്തിനോട് പറഞ്ഞു.
ഇത്ര വലിയ സംഭവങ്ങൾ ഉണ്ടായിട്ടും ഇനിയും ഒരു വിദ്യാർഥി പോലും കാര്യങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവന്നിട്ടില്ല എന്നതുതന്നെ എത്രത്തോളം വലിയ ഭീകരാന്തരീക്ഷത്തിലാണ് വിദ്യാർഥികൾ ജീവിക്കുന്നത് എന്ന കാര്യമാണ് പുറത്തുകൊണ്ടുവരുന്നത്. സിദ്ധാർഥനെ പോലെ തന്നെ സത്യം അറിഞ്ഞിട്ടും പുറത്തുപറയാന്‍ സാധിക്കാതെ പോകുന്ന വിദ്യാർഥികളും ഇരകളായി മാറുകയാണ്
പോസ്റ്റ്മാർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ കുടുംബത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. റിപ്പോർട്ടിലെ പരാമര്‍ശങ്ങളനുസരിച്ച് സിദ്ധാർത്ഥന്റെ പുറംഭാഗത്തായി കേബിൾ അല്ലെങ്കിൽ ബെൽറ്റിന്റെ സൈഡ് കൊണ്ടടിച്ച പാടുകളും നിരവധി മുറിവുകളുമുണ്ട്. ശരീരത്തിൽ കണ്ടെത്തിയ പരുക്കുകൾക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തിന്റെ പഴക്കമാണുള്ളത്. ഫെബ്രുവരി 16 മുതൽ നിരന്തര പീഡനത്തിന് ഇരയായെന്ന് കൂടി തെളിയിക്കുന്നുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെയാണ് പോലീസ് അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കുന്നത്. പക്ഷേ മരണം നടന്ന് പത്ത് ദിവസങ്ങൾക്ക് ശേഷമാണെന്നൊരു പ്രശ്നം കൂടി ഇവിടെയുണ്ട്.
റാഗിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധാരണവത്കരിക്കപ്പെട്ട അവസ്ഥയാണ് പൂക്കോട് കോളേജിൽ നിലനിൽക്കുന്നതെന്ന് പൂർവവിദ്യാർഥികൾ പറയുന്നു. 'പൂക്കോട് വെറ്റിറനറി കോളേജിൽ എസ് എഫ് ഐക്ക് തോന്നിയതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം കോളേജ് അധികൃതർ അനുവദിച്ച് നൽകിയിരിക്കുകയാണ്. റാഗിങ്ങിനെ പറ്റി പരാതിപ്പെട്ടാൽ, അതൊക്കെ ഒരു രസമല്ലേയെന്നും ചേട്ടന്മാരും ചേച്ചിമാരും പരിചയപ്പെടാനല്ലേ അതൊക്കെ ചെയ്യുന്നത് എന്നുമുള്ള മറുപടികളാണ് അധ്യാപകർ നൽകുക' - പൂർവവിദ്യാർഥി ദ ഫോർത്തിനോട് പറഞ്ഞു. 'അവിടെ പഠിക്കുന്ന സമയത്ത് ഏകദേശം മൂന്നുവർഷം മുൻപ് റാഗിങ്ങിനെതിരെ ഒരു അധ്യാപികയോട് പരാതിപ്പെട്ടപ്പോൾ നടപടി എടുക്കാൻ കൂട്ടാക്കിയില്ല. കൂടാതെ പ്രതിസ്ഥാനത്ത് ഉള്ളവരോട് തന്നെ ഇക്കാര്യം പോയി പറയുകയും ചെയ്തു'. എസ് എഫ് ഐക്കാരുടെ പീഡനം സഹിച്ചാണ് അവർക്കെതിരെ സംസാരിക്കുന്ന ഓരോ വിദ്യാർഥിയും കോളേജിൽ കഴിയുന്നതെന്നും പൂർവവിദ്യാർഥി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം കോളേജിലെ പൂർവവിദ്യാർഥി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു, 'പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ Institutional കൊലപാതകം ഒരു കൂട്ടം വിദ്യാർഥികളുടെ തലയിൽ കെട്ടിവെച്ച് അവിടുത്തെ എസ് എഫ് ഐ യൂണിറ്റും കോളേജ് അധികാരികളും കൈ കഴുകാൻ ഉള്ള ശ്രമത്തിൽ ആണ്. പുറത്ത് ഉള്ളവരെ നിങ്ങൾക്ക് പലതും പറഞ്ഞു പറ്റിക്കാം. പക്ഷെ ആ കോളേജിലെ ഒരു പൂർവ വിദ്യാർത്ഥിനി (അത് പറയാൻ നാണക്കേട് ഉണ്ട് ) എന്ന നിലയിൽ, ആ കോളേജിൽ നിന്ന് പല വയലൻസുകളും എടുത്ത ഒരാൾ എന്ന നിലയിൽ ഇതൊരു Institutional murder തന്നെ ആണ് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. എത്ര എഴുതിയാലും പറഞ്ഞാലും തൃപ്തി വരുന്നില്ല. അത്രയ്ക്കും അനീതി അവിടെ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. എഴുതിയാലും പറഞ്ഞാലും തീരാത്ത അത്ര. അവസാനം ഒരു കുട്ടിയുടെ ജീവൻ പോകൂന്നിടത് വരെ ഇതൊക്കെ എത്തിയത് സഹിക്കാവുന്നതിലും അപ്പുറം ആണ്. അവന് നീതി ലഭിക്കണം.'. പൂക്കോട് ക്യാമ്പസിൽ അധികൃതരുടെ പിന്തുണയോടെയാണ് റാഗിങ്ങ് ഉൾപ്പെടെയുള്ള പീഡനങ്ങള്‍ അവിടെ നടക്കുന്നതെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികൾ രംഗത്തുവരുന്നുണ്ട്.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും പുറത്തുപറഞ്ഞാൽ തലവെട്ടുമെന്ന് പ്രതികളിൽ ഒരാളായ സിൻജോ ജോൺസൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മകന്റെ മൃതദേഹം കാണാൻ നെടുമങ്ങാട് എത്തിയ വിദ്യാർത്ഥികളിൽ ഒരാൾ ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് പറയുന്നു. കൂടാതെ കോളേജ് ഡീനിന്റെ ഭാഗത്തുനിന്നും വിദ്യാർഥികൾക്ക് ഭീഷണി ഉള്ളതായി അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു .
ഇത്ര വലിയ സംഭവങ്ങൾ ഉണ്ടായിട്ടും ഇനിയും ഒരു വിദ്യാർഥി പോലും കാര്യങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവന്നിട്ടില്ല എന്നതുതന്നെ എത്രത്തോളം വലിയ ഭീകരാന്തരീക്ഷത്തിലാണ് വിദ്യാർഥികൾ ജീവിക്കുന്നത് എന്ന കാര്യമാണ് പുറത്തുകൊണ്ടുവരുന്നത്. സിദ്ധാർഥനെ പോലെ തന്നെ സത്യം അറിഞ്ഞിട്ടും പുറത്തുപറയാന്‍ സാധിക്കാതെ പോകുന്ന വിദ്യാർഥികളും ഇരകളായി മാറുകയാണ്. സീനിയർ പെൺകുട്ടിയോട് മോശമായി പെരുമാറി എന്നതാണ് സിദ്ധാർത്ഥനെ ആക്രമിക്കാനും പരസ്യവിചാരണ നടത്താനും അക്രമിക്കൂട്ടം കണ്ടെത്തിയ കാരണം. മോറൽ പോലീസിങ് നടത്തി വിദ്യാർത്ഥികളെ വിരട്ടി നിർത്താൻ എത്രയോ വർഷമായി ഇത്തരം സംഘടനകൾ ഉപയോഗിക്കുന്നതാണ്.
ഒരു ക്യാമ്പസിൽ ഒരു സംഘടന എന്ന നിലയിൽ എസ്എഫ്‌ഐ പ്രവർ്ത്തിച്ച പല കോളെജുകളിലും എങ്ങനെയാണ് എതിർ സ്വരങ്ങൾ ഇല്ലാതാക്കപ്പെട്ടതെന്നതിന്റെ എത്രയോ കഥകൾ സമീപകാലത്ത് പുറത്തുവന്നിരുന്നു. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് സിദ്ധാർത്ഥൻ. ആ വിദ്യാർത്ഥിയെ ഇല്ലാതാക്കിയത് കേവലമൊരു ആള്‍ക്കൂട്ടമല്ല, മറിച്ച് ഒരു വിദ്യാര്‍ഥി സംഘടന തങ്ങളുടെ ആളും അര്‍ത്ഥവും അധികാരവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തിയിരിക്കുന്ന അരാഷ്ട്രീയ വിദ്യാര്‍ഥിക്കൂട്ടമാണ്.