മലയാളം പഠിക്കാനും, പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മലയാളത്തിലൊരു വെബ്സൈറ്റ്. അറിവ് അവകാശമാണെന്നും അറിവിന്റെ വിതരണം സ്വതന്ത്രമാകണമെന്നുമുള്ള കാഴ്ച്ചപ്പാടോടെയാണ് താളിളക്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈനുദ്ധീന്‍ മെമ്മോറിയല്‍ പൂളമംഗലം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ പ്രവീണ്‍ വര്‍മ എം കെയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് താളിളക്കം.
ബാലുശേരി സ്വദേശിയാണ് പ്രവീണ്‍. ഓണ്‍ലൈന്‍ ആയി വായിക്കാന്‍ കഴിയുന്ന നല്ലൊരു ക്ലാസിക്ക് ഗ്രന്ഥശേഖരത്തിന് പുറമെ സാഹിത്യപ്രേമികളെ കാത്തിരിക്കുന്ന നിരവധി ഉള്ളടക്കങ്ങളാണ് താളിളക്കത്തിന്റെ സവിശേഷത.
നിഘണ്ടു, ഗവേഷണ പ്രബന്ധങ്ങള്‍, പുസ്തക നിരൂപണം, എഴുത്തുകാരുടെ സൈറ്റുകള്‍, സംഘകാലം മുതലുള്ള സാഹിത്യ സമയ രേഖ, തുടങ്ങി മലയാളവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്നതാണ് താളിളക്കം ലക്ഷ്യം വെക്കുന്നത്.