പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച സഭാനേതൃത്വവും, പൗരോഹിത്യത്തെ പിന്തുണച്ച രാഷ്ട്രീയ നേതൃത്വവും പൊതുമനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ട കേസാണ് സിസ്റ്റര്‍ അഭയയുടേത്. 1992ലെ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി, പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ 28 വര്‍ഷമാണ് വേണ്ടിവന്നത്. അത്രമേല്‍ അട്ടിമറികള്‍ നിറഞ്ഞതായിരുന്നു കേസ് അന്വേഷണം. രേഖകള്‍ തിരുത്തപ്പെട്ടു, തെളിവുകള്‍ നശിപ്പിക്കപ്പെട്ടു; അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സഭയുടെ സ്വാധീനം വെളിവായി. മകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയണമെന്ന, അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ തോമസിന്റെ നിശ്ചയദാര്‍ഢ്യത്തിന് പൊതുസമൂഹം പിന്തുണ നല്‍കി. ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേസ് സിബിഐയില്‍ എത്തിയെങ്കിലും, തെളിവുകള്‍ നശിപ്പിക്കപ്പെട്ട കേസില്‍ എന്തു ചെയ്യണമെന്നറിയാതെ അന്വേഷണ സംഘം കുഴങ്ങി. കേസ് അട്ടിമറിക്കാനുള്ള സമ്മര്‍ദങ്ങളെയും അതിജീവിച്ച അന്വേഷണ സംഘം, അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. പക്ഷേ, തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം അവസാനിപ്പിക്കുന്നതിനായി സംഘം മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതി വിധി. വിചാരണ വൈകിക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. ഒടുവില്‍ സുപ്രീംകോടതി നിര്‍ദ്ദശ പ്രകാരം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചു. രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ കൂറു മാറിയിട്ടും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. സഭ വിരിച്ച സ്വാധീനങ്ങള്‍ക്കുമേല്‍ നീതിയുടെ വെളിച്ചം പുലര്‍ന്നപ്പോള്‍, പ്രതികള്‍ അഴിക്കുള്ളിലായി. എന്നാല്‍, വിചാരണക്കോടതി വിധി മരവിപ്പിച്ച് പ്രതികള്‍ ജാമ്യം നേടിയെടുത്തിരിക്കുന്നു. ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവച്ചിരിക്കുകയാണ്
1992 മാര്‍ച്ച് 26ന് രാത്രിയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭയ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അഭയയുടെ മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളി. എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. ജനകീയ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍, 1993 മാര്‍ച്ച് 23ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം, 1993 ഡിസംബര്‍ 30ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് രാജിവെച്ചു. 1994 മാര്‍ച്ച് 17ന് അഭയയുടെ മരണം കൊലപാതകമാണെന്ന് സിബിഐ കണ്ടെത്തി. പക്ഷേ, ലഭ്യമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതോടെ, അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകാതെ സിബിഐ സംഘം കുഴഞ്ഞു.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടെ തൊണ്ടി മുതലുകള്‍ നശിപ്പിക്കപ്പെട്ടു.
അട്ടിമറികള്‍ നിറഞ്ഞ കേസ് അന്വേഷണം
1994 മാര്‍ച്ച് 27ന്, അഭയയുടെ മരണം ആത്മഹത്യയാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എസ്പിയായിരുന്ന ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വര്‍ഗീസ് പി തോമസ് വെളിപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാന്‍ സഭയും പ്രമാണിമാരും നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ കൂടിയായിരുന്നു അത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അട്ടിമറികള്‍ പ്രകടമായിരുന്നു. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കത്തില്‍ നിര്‍ണായക തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിനില്‍ തുടങ്ങുന്നു ആരോപണങ്ങള്‍. രേഖകള്‍ ഉള്‍പ്പെടെ തിരുത്തപ്പെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടെ തൊണ്ടി മുതലുകള്‍ നശിപ്പിക്കപ്പെട്ടു. അഭയയുടെ 10 ഫോട്ടോകള്‍ പകര്‍ത്തിയിരുന്നെങ്കിലും സിബിഐയ്ക്ക് ലഭിച്ചത് ആറ് ഫോട്ടോകള്‍ മാത്രം. അഭയയുടെ കഴുത്തിലെ മുറിവുകള്‍ വ്യക്തമാക്കുന്ന ഫോട്ടോകള്‍ ഇല്ലാതായി. 1996ല്‍ കേസില്‍ തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി, അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ഇതിനെതിരെ അഭയയുടെ പിതാവ്, ഐക്കരക്കുന്നേല്‍ തോമസ് ഹര്‍ജി നല്‍കി. 2000ല്‍ സിബിഐ ഹര്‍ജി തള്ളിയ കോടതി 2001ല്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം തുടര്‍ന്നെങ്കിലും, കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നെയും രണ്ട് തവണ സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അന്വേഷണം തുടരണമെന്നായിരുന്നു കോടതി ഉത്തരവ്.
മൂന്നാം സാക്ഷി രാജുവിന്റെ മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സാഹചര്യ തെളിവുകളുമാണ് അഭയയുടേത് കൊലപാതകമാണെന്ന കണ്ടെത്തലിന് സിബിഐയ്ക്ക് സഹായകമായത്.
2007ല്‍ സിബിഐയുടെ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. വര്‍ഗീസ് പി തോമസിന്റെ മൊഴിയും, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് നശിപ്പിച്ചതും, അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതും ഉള്‍പ്പെടെ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി. 2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കണ്ടതിനെത്തുടര്‍ന്ന്, അഭയയെ തലയ്ക്ക് കോടാലി കൊണ്ടടിച്ച് കൊലപ്പെടുത്തി, മൃതദേഹം കിണറ്റില്‍ തള്ളിയെന്നായിരുന്നു സിബിഐ കുറ്റപത്രം. 2019 ആഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പലതവണ തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആവശ്യം സുപ്രിംകോടതിയും തള്ളിയതോടെ വിചാരണ ആരംഭിച്ചു. ഭീഷണികള്‍ക്കിടെയും ഉറച്ചുനിന്ന മൂന്നാം സാക്ഷിയും മോഷ്ടാവുമായ രാജുവിന്റെ മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സാഹചര്യ തെളിവുകളുമാണ് അഭയയുടേത് കൊലപാതകമാണെന്ന കണ്ടെത്തലിന് സിബിഐയ്ക്ക് സഹായകമായത്. ഇതിനിടെ, പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും കേസുമായി സിബിഐ മുന്നോട്ടുപോയി. 28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. അതിനിടെ, അന്വേഷണ സംഘത്തെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും ലഭിക്കുകയും ചെയ്തു.
വിധി വരുംമുമ്പേ അഭയയുടെ മാതാപിതാക്കളായ തോമസും ലീലാമ്മയും മരിച്ചിരുന്നു.
വൈകിയെത്തിയ നീതി
അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കേസില്‍ വിധി വന്നത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ പ്രത്യേക കോടതി, 2021 ഡിസംബര്‍ 23ന് ശിക്ഷ വിധിച്ചു. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികളുടെ നാര്‍ക്കോ പരിശോധന ഫലം സുപ്രധാന തെളിവായി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കിണറ്റിലിട്ടുവെന്ന സിബിഐ കണ്ടെത്തലാണ് കോടതി ശരിവച്ചത്. തോമസ് കോട്ടൂരിനെതിരെ കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നെന്ന കുറ്റവും ചുമത്തി. കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ ഡിവൈഎസ്പി സാമുവല്‍, എസ്പി കെ.ടി മൈക്കിള്‍, എഎസ്‌ഐ അഗസ്റ്റിന്‍ എന്നിവരെയും സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. എന്നാല്‍, കുറ്റപത്രം നല്‍കുന്നതിനുമുമ്പേ എഎസ്‌ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. വിചാരണ തുടങ്ങും മുമ്പേ സാമുവലും മരിച്ചു. വിടുതല്‍ ഹര്‍ജി പരിഗണിച്ച് ഫാ. ജോസ് പുതൃക്കയിലിനെയും മൈക്കിളിനെയും കോടതി ശിക്ഷയില്‍ നിന്നൊഴിവാക്കി. വിരമിക്കാന്‍ ഏഴ് വര്‍ഷം ബാക്കിനില്‍ക്കെ സിബിഐയിലെ ജോലി രാജിവച്ച്, ദുരനുഭവങ്ങള്‍ വിളിച്ചുപറഞ്ഞ വര്‍ഗീസ് പി. തോമസും, ഭീഷണിക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ നിയമപോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലും, സാക്ഷിയായ രാജുവും നിയമപ്പോരാട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായി. അതേസമയം, വിധി വരുംമുമ്പേ അഭയയുടെ മാതാപിതാക്കളായ തോമസും ലീലാമ്മയും മരിച്ചിരുന്നു.
വിധി ചോദ്യംചെയ്ത് പ്രതികള്‍
വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ രംഗത്തെത്തിയിരുന്നു. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയാണ് ഇരുവരും ചോദ്യം ചെയ്തത്. സാക്ഷിയായ രാജുവിന്റെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. വിചാരണ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണനയിലിരിക്കെയാണ്, ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.
കഴിഞ്ഞവര്‍ഷം, തോമസ് കോട്ടൂരിനും സെഫിക്കും ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നു. ജയില്‍ ശിക്ഷ അഞ്ച് മാസം തികയും മുമ്പായിരുന്നു പരോള്‍ നല്‍കിയത്. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്‍കിയ ജാമ്യ ഹര്‍ജി അഞ്ച് തവണ ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. അതിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു ജയില്‍ ഡിജിപിയുടെ വിശദീകരണം. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.