FOURTH SPECIAL

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

മുഹമ്മദ് റിസ്‌വാൻ

കേരളത്തിൽ സിപിഎം സമ്മേളനകാലം രാഷ്ട്രീയ ചർച്ചകളുടെ സമയം തന്നെയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യങ്ങൾ തുടങ്ങി, നാലാംലോക വിവാദം, അന്യവർഗ ചിന്താഗതി അങ്ങനെ സമ്മേളനങ്ങളെ വാർത്തയിൽ നിർത്താൻ, വിഭാഗീയവും പ്രത്യയശാസ്ത്രപരവുമായ തർക്കങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന് ആർഎസ്എസുമായി ബന്ധമെന്ന ആരോപണത്തിലേക്ക് നയിക്കുന്ന വെളിപ്പെടുത്തൽ നടത്തി പാർട്ടി പിന്തുണയുള്ള എംഎൽഎ രംഗത്തുവന്നിരിക്കുന്നു.

പി വി അന്‍വർ വാർത്താസമ്മേളനം നടത്തുന്നു

ഇതോടെ പാർട്ടിക്ക് പരിചിതമില്ലാത്ത തരത്തിലുള്ള ഒരു സമ്മേളനത്തിലേക്ക് പാർട്ടിയും രാഷ്ട്രീയ വിശ്വാസ്യത ശോഷണത്തിലേക്ക് പാർട്ടി നയിക്കുന്ന സർക്കാരും എത്തിപ്പെട്ടിരിക്കുകയാണ്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ലക്ഷ്യമിട്ട് മറഞ്ഞിരിക്കുന്ന ആരുടെയൊക്കെയോ പിന്തുണയിൽ നടത്തുന്ന യുദ്ധത്തിന്റെ കാഹളമാണോ സ്വതന്ത്ര്യ എംഎൽഎ നടത്തിയതെന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും എഡിജിപി രണ്ട് തവണ ആർഎസ്എസിന്റെ രണ്ട് നേതാക്കളെ കേരളത്തിൽവെച്ച് കണ്ടുവെന്നതിന് രാഷ്ട്രീയ വിശദീകരണം പോലും നൽകാൻ കഴിയാതെ പ്രതിരോധത്തിലായിരിക്കുകയാണ് പിണറായി സർക്കാരും സിപിഎമ്മും.

കേരളാ പോലീസിലെ ഉന്നതർക്ക് ആർ എസ് എസുമായുള്ള ബന്ധം കേരളത്തിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന 2016ന് ശേഷം അത് വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നൊക്കെ പോലീസിന്റെ 'മനോവീര്യമെന്ന' ഒറ്റ ഡയലോഗിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെയെല്ലാം തള്ളിക്കളഞ്ഞു. ഇപ്പോഴിതാ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി, നേരിട്ട് ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വസ്തുത സംശയങ്ങൾക്ക് തെല്ലുമിടയില്ലാതെ മറനീക്കി പുറത്തുവന്നിരിക്കുന്നു.

കഴിഞ്ഞ വർഷം, വിവിധയിടങ്ങളിൽ വച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബാലയെയും ആർ എസ് എസ് നേതാവ് റാം മാധവിനെയും എഡിജിപി അജിത് കുമാർ കണ്ടുവെന്ന കാര്യം പോലീസ് സ്പെഷ്യൽ ബ്രാഞ്ച് തന്നെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് . ഇതിലെന്ത് അസ്വാഭാവികതയെന്ന ചോദ്യത്തിലൂടെ ഈ വിഷയത്തെ നിർവീര്യമാക്കാനാണ് ചില പാർട്ടി മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയും ശ്രമിച്ചത്. പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണേണ്ടിവന്നത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഇക്കാര്യത്തിൽ നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടിയില്ലെന്ന ചോദ്യവും അവശേഷിക്കുന്നു. ആരോപണങ്ങൾക്കെല്ലാം അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന മറുപടിയാണ് സിപിഎം നൽകുന്നത്.

ദത്തത്രേയ ഹൊസബലെ

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രവർത്തന ശൈലിയാണ് എഡിജിപി അജിത് കുമാറിന്റേതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പി വി അൻവർ പരസ്യപ്രസ്താവന നടത്തിയ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിനെതിരെ വീണ്ടും വിവാദങ്ങൾ ഉയരുന്നത്. സ്വർണം പൊട്ടിക്കൽ മുതൽ 'തൃശൂർ പൂരം കലക്കൽ' ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പലതും. അതിൽ അന്വേഷണവും നടക്കുന്നു. അതിനിടയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എഡിജിപി മുഖ്യമന്ത്രിയുടെ ഏജന്റായി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് പറയുന്നത്.

പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ മുതൽ തന്നെ പോലീസിന്റെ ഹിന്ദുത്വാഭിമുഖ്യം ആരോപിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ പാർട്ടിയെ പൂർണമായി പിണറായി വിജയൻ നിയന്ത്രിച്ചതുകൊണ്ട് തന്നെ ഇതിനെയൊന്നും ഗൗരവത്തിലെടുക്കാൻ സിപിഎം തയ്യാറായിരുന്നില്ല

ഇതാദ്യമായല്ല, ആർ എസ് എസ് ബന്ധം ആരോപിക്കപ്പെടുന്ന പോലീസ് ഉന്നതരെ സംരക്ഷിക്കുന്ന നിലപാട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കൈക്കൊള്ളുന്നത്. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് അന്നത്തെ ഐജി സുരേഷ് രാജ് പുരോഹിത് പോലീസ് ട്രെയിനിങ് ക്യാമ്പുകളിൽ ബീഫ് നിരോധനം ഏർപ്പെടുത്തുന്നത്. ഇതിനെതിരെ ഇടതു പോലീസ് സംഘടനകൾ പ്രതിഷേധം ഉന്നയിച്ചെങ്കിലും ആർ എസ് എസ് അജൻഡ താൻ നടപ്പാക്കുമെന്നും തടയാമെങ്കിൽ തടഞ്ഞോളൂ എന്ന പരസ്യ വെല്ലുവിളിയായിരുന്നു സുരേഷ് രാജ് പുരോഹിതിന്റെ മറുപടി. പ്രത്യേകിച്ച് വലിയ നടപടിയൊന്നുമുണ്ടായില്ല.

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ക്‌ളീൻ ചീറ്റ് നൽകിയ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ലോക്‌നാഥ് ബെഹ്റയെ സംസ്ഥാനത്തിന്റെ ഡിജിപിയായി ഇടതുപക്ഷ സർക്കാർ നിയമിച്ചു. എതിർപ്പുകൾ അന്നുമുയർന്നു. പക്ഷെ പിണറായി സർക്കാർ അതിനെയെല്ലാം തള്ളി. പിന്നീട് 2021ൽ അദ്ദേഹം വിരമിക്കുംവരെയും ഹിന്ദുത്വത്തിന് വളക്കൂറുണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവൃത്തികളായിരുന്നു അദ്ദേഹത്തിന്റേതെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നു.

പിണറായി വിജയന്‍ ലോക്നാഥ് ബെഹ്റയോടൊപ്പം

പിന്നീട് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ പരമ്പരയ്ക്ക് തന്നെ സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഇടതുപക്ഷത്തിന്റെ നിലപാടിന് വിരുദ്ധമായി യുഎപിഎ കേസുകളുടെ ഒരു കുതിപ്പിനായിരുന്നു ബെഹ്റ നേതൃത്വം നൽകിയത്. ചോദ്യങ്ങൾ ഉയർന്നപ്പോൾ 'ചായ കുടിക്കാൻ പോയതിനല്ല' അറസ്റ്റ് എന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി നൽകിയത്. ഏറ്റവുമൊടുവിൽ കാലാവധി അവസാനിക്കുന്നതിന്റെ അന്നുപോലും ലോക്നാഥ് ബെഹ്റ കേരളത്തെ മുസ്ലിം തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമം തുടർന്നു. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ അങ്ങനെയൊരാളെ വീണ്ടും കൊച്ചി മെട്രോയുടെ തലപ്പത്ത് നിയമിച്ച് നന്ദി അറിയിക്കുന്ന കാഴ്ചയും കേരളം കണ്ടു.

കേരളത്തില്‍‌ ആർഎസ്എസ് അജൻഡകൾക്ക് വഴിതെളിച്ചുവെന്ന് ആരോപിക്കപ്പെട്ടിരുന്ന രമൺ ശ്രീവാസ്തവയുടെ പോലീസ് ഉപദേഷ്ടാവായുള്ള നിയമനമെല്ലാം കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസങ്ങളിൽ ഒന്നാണ്. അത്തരത്തില്‍ ഇടതുപക്ഷ സർക്കാരിനെതിരായ ആർഎസ്എസുമായി ബന്ധപ്പെട്ടുകിടക്കുന്ന വിവാദങ്ങൾ അനേകമാണ്.

പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ മുതൽ തന്നെ പോലീസിന്റെ ഹിന്ദുത്വാഭിമുഖ്യം ആരോപിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ പാർട്ടിയെ പൂർണമായി പിണറായി വിജയൻ നിയന്ത്രിച്ചതുകൊണ്ട് തന്നെ ഇതിനെയൊന്നും ഗൗരവത്തിലെടുക്കാൻ സിപിഎം തയാറായിരുന്നില്ല. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന സാഹചര്യത്തിൽ എഡിജിപി തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹിന്ദുത്വ രാഷ്ട്രീയം വിവിധ സംവിധാനങ്ങളിലൂടെ ഭരണ സംവിധാനത്തിൽ നുഴഞ്ഞുകയറുമെന്നൊക്കെ വിശദീകരിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത് വിശദീകരിക്കുകയും ചെയ്യാറുണ്ട് സിപിഎം. അതേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നത്. ഈ ചോദ്യവും ഇതിന്റെയൊക്കെ രാഷ്ട്രീയ അധാർമിതകയും സിപിഎം സമ്മേളനത്തിൽ എങ്ങനെ ചർച്ചയാവും പ്രതിഫലിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം