FOURTH SPECIAL

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

വിധിയിലെ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരെല്ലാം ചൂണ്ടിക്കാട്ടിയിരിക്കുന്ന ഈ കാര്യങ്ങള്‍ അത്രനിസാരമായി കാണാനാവില്ല

സനൂബ് ശശിധരൻ

അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രീംകോടതിയുടെ ഏഴംഗബെഞ്ചിന്റെ വിധി പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴി തുറക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ഈ കേസ് ഏഴംഗ വിശാലബെഞ്ചിലേക്ക് എത്തിയ വിധമാണ്. ഒരുപക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കുവരെ ഇത് വഴിതുറന്നേക്കാവുന്നതാണ് അത്.

അലിഗഡ് മുസ്ലിം സര്‍വകാലശാലയ്ക്ക് ന്യൂനപക്ഷ പദവി ഇല്ലെന്ന് 1967ല്‍ അസീസ് ബാഷ vs കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ 1981 ലെ അന്‍ജുമാന്‍ ഇ റഹ്‌മാനിയ കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് 1967 ലെ ഈ വിധിയില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് പുതിയ ദിശയിലേക്ക് തിരിഞ്ഞത്. അഞ്ചംഗ ബൈഞ്ചിന്റെ വിധിയില്‍ രണ്ട് അംഗ ബെഞ്ച് സംശയം പ്രകടിപ്പിച്ച് വിശാല ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് നിതീന്യായ വ്യവസ്ഥിതിയില്‍ തന്നെ പുതിയ അധ്യായമായി. 1981 ല്‍ തന്നെ ഇക്കാര്യത്തില്‍ 7 അംഗ വിശാല ബെഞ്ച് പുനപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്തിരുന്നുവെങ്കിലും പക്ഷെ ഇക്കാര്യത്തില്‍ വിശാല ബെഞ്ച് രൂപീകരിച്ച് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷം മാത്രമാണ്. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന പദവിയുപയോഗിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രൂപീകരിച്ച ഏഴംഗ ബെഞ്ചാണ് ഇപ്പോള്‍ അസീസ് ബാഷ കേസിലെ വിധി തിരുത്തിയത്.

ഈ നടപടിക്രമം വലിയ ഒരു പ്രതിസന്ധിയിലേക്ക് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ തള്ളിവിട്ടേക്കാം. മഹരാഷ്ട്ര സര്‍ക്കാരും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോറ കമ്മ്യൂണിറ്റിയും തമ്മിലുള്ള 2005ലെ കേസില്‍ ചെറിയ ബെഞ്ചുകള്‍ക്കും സംശയമുണ്ടെങ്കില്‍ വിശാല ബെഞ്ചുകളുടെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെടാമെന്ന് ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടായാണ് ചീഫ് ജസ്റ്റിസ് ഏഴംഗ വിശാലബെഞ്ച് രൂപീകരിച്ചത്.

എന്നാലിത് നീതിന്യായ വ്യവസ്ഥിയിലെ മര്യാദയുടെ ലംഘനത്തിന് തന്നെ വഴിതുറന്നേക്കാം. ഇക്കാര്യം കേസിലെ വിയോജിച്ചുള്ള ന്യൂനപക്ഷ വിധി രേഖപ്പെടുത്തിയ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഭാവിയില്‍ ഏത് കേസിലേയും വിശാലബെഞ്ചുകളുടെ വിധികളെ ചോദ്യം ചെയ്ത് കീഴ്‌ബെഞ്ചുകള്‍ പുനപപരിശോധന നിര്‍ദേശം നല്‍കിയേക്കും. ഇത് സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തെ മൊത്തത്തില്‍ അവതാളത്തിലാക്കും. പല വിവാദമായ കേസുകളിലും വിശാല ബെഞ്ചുകളുടെ വിധികളെ പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന വിധികള്‍ ചെറിയ ബെഞ്ചുകള്‍ പുറപ്പെടുവിച്ചാല്‍ അത് പല പ്രമാദമായ കേസും റീഓപ്പണ്‍ ചെയ്യുന്നതിലേക്കും പല ചരിത്രവിധികളും പുനപരിശോധിക്കപ്പെടുന്ന സ്ഥിതിവിശേഷങ്ങളിലേക്കും ഒരുപക്ഷെ നയിച്ചേക്കും. ചിലപ്പോള്‍ വിവാദങ്ങളും ഉടലെടുത്തേക്കാം.

ഉദാഹരണത്തിന് അയോധ്യ വിധിയിലും ആരാധനാലയങ്ങളിലെ പ്രവേശന വിലക്കുകള്‍ സംബന്ധിച്ചും മറ്റുമുള്ള കേസുകളിലെ വിധികള്‍. ഈ വിധികള്‍ക്കെതിരെ നാളെ ഏതെങ്കിലും രണ്ട് അംഗ ബെഞ്ച് പുന:പരിശോധന ആവശ്യപ്പെട്ടാല്‍ എന്താകും സംഭവിക്കുക. 11 അംഗ ബെഞ്ചിന്റെ വിധിവരേയും ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

രണ്ടംഗ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് തന്റെ വിധിന്യായത്തില്‍ പറയുന്നുമുണ്ട്. ഉയര്‍ന്ന ബെഞ്ചുകള്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള അധികാരമുപയോഗിക്കാന്‍ രണ്ടംഗ ബെഞ്ചുകള്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ സംഭവിക്കുന്നത് വിശാലബെഞ്ചിന്റെ യുക്തിയെ തന്നെ ചോദ്യംചെയ്യുമെന്നും ഇത് നിയമപരമായ അനശ്ചിതത്വങ്ങളിലേക്കും നിയമവ്യവസ്ഥതിതിയെ തന്നെ അസ്ഥിരപ്പെടുത്തുന്നതിലേക്കും നയിച്ചേക്കുമെന്നും ജസ്റ്റിസ് കാന്ത് വിധി പുന:പരിശോധിക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതിലെ അതൃപ്തി വ്യക്തമാക്കി എഴുതിചേര്‍ത്തിട്ടുണ്ട്.

രണ്ടംഗ ബെഞ്ചിന്റെ നടപടി ജുഡീഷ്യല്‍ ഹൈറാര്‍ക്കിയെ തന്നെ അവമതിക്കുന്നതാണെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിയ മറ്റൊരു ജഡ്ജിയായ ദീപാങ്കര്‍ ദത്ത വിധിന്യായത്തില്‍ പ്രസ്താവിച്ചത്. നാളെ ഒരുപക്ഷെ ഇതുപോലെ മറ്റൊരു രണ്ടംഗ ബെഞ്ച് 9 അംഗ വിശാലബെഞ്ചിന്റെ ഘടനയില്‍ തന്നെ സംശയംപ്രകടിപ്പിച്ച് പരിശോധിക്കാന്‍ 15 അംഗ ബെഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്യുമെന്ന് താന്‍ ഭയക്കുന്നുവെന്നും ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടു.

വിധിയിലെ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരെല്ലാം ചൂണ്ടിക്കാട്ടിയിരിക്കുന്ന ഈ കാര്യങ്ങള്‍ അത്രനിസാരമായി കാണാനാവില്ല. പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ എല്ലാ സംവിധാനങ്ങളേയും രാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത്.

തങ്ങള്‍ക്ക് അനുകൂലമല്ലാതെ നില്‍ക്കുന്ന എത് ഒരു വിധിയും നാളെ പൊളിച്ച് അനുകൂലമാക്കാന്‍ ഭരണകൂടങ്ങളും അധാകാരം കയ്യാളുന്ന വിവിധ സംഘടനകളും ഇത് മാതൃകയാക്കിയാല്‍ അത് എവിടെ ചെന്ന് നില്‍ക്കുമെന്ന് ഊഹിക്കാവുന്നതിനുമപ്പുറമാണ്. പ്രത്യേകിച്ചും അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അനുകൂലമായും രാജ്യത്തെ മതനിരപേക്ഷത നിലനിര്‍ത്തുന്നതിനുമായി നമ്മുടെ വലിയ കോടതികള്‍ പുറപ്പെടുവിച്ചിട്ടുള്ള ചരിത്ര വിധികള്‍ അട്ടിമറിക്കാന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ ശ്രമിച്ചാല്‍.

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി

'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം

സൗരയൂഥത്തിന് പുറത്ത് ശിശു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍; മുപ്പത് ലക്ഷം വര്‍ഷത്തെ പഴക്കമെന്ന് നിരീക്ഷണം