എറണാകുളത്തുനിന്ന് ആലുവ റൂട്ടില്‍ കമ്പനിപ്പടിയില്‍ വച്ച് ഒരു കുഞ്ഞുമായി ഇതര സംസ്ഥാന തൊഴിലാളി ബസില്‍ കയറി. കയറുമ്പോള്‍ ആ കുഞ്ഞിന്റെ ചെരുപ്പ് ഊരി വാതിലിനിടയില്‍ വീണു. ഇത് കണ്ട സൈഡ് സീറ്റിലിരുന്ന ആലുവ പറവൂര്‍ കവലയില്‍ താമസിക്കുന്ന സുസ്മിയെന്ന് പേരുള്ള സ്ത്രീ അയാളെ അത് കാണിച്ചു കൊടുത്തു. ചെരുപ്പുമെടുത്ത് അയാള്‍ ആ കുഞ്ഞിനെയും കൊണ്ട് പിന്നിലെ സീറ്റിലിരുന്നു. ആലുവ മാര്‍ക്കറ്റിനടുത്ത് ഇറങ്ങുകയും ചെയ്തു.
രാത്രിയോടെയാണ് ആലുവ മാര്‍ക്കറ്റിനുള്ളില്‍ ഒരു കുഞ്ഞ് ക്രൂരമായി കൊലചെയ്തത് ഈ സ്ത്രീ അറിയുന്നത്. പ്രതിയെ പിടികൂടി പോലീസ് കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ കണ്ടപ്പോള്‍ ബസില്‍ കയറിയ അതേയാള്‍. ഉടന്‍ ആലുവ പോലീസില്‍ ആ സ്ത്രീ വിവരമറിയിച്ചു. കേസിലെ നിര്‍ണായക സാക്ഷിയായി ഇവര്‍ മാറി. സാക്ഷിവിസ്താരത്തിനിടെ പലതവണ അവരുടെ കണ്ണ് നിറഞ്ഞു. പ്രകൃതിപോലും ആ യാത്ര പോകേണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ മനുഷ്യരായ നമുക്കത് മനസിലാക്കാന്‍ സാധിച്ചില്ലല്ലോയെന്ന് അവര്‍ നിറകണ്ണുകളോടെയാണ് തന്നോട് പറഞ്ഞതെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ ജി മോഹന്‍ രാജ് ദ ഫോര്‍ത്തിനോട് പറഞ്ഞു.
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസില്‍ ശിക്ഷാവിധി പറയാനിരിക്കെയാണ് പ്രോസിക്യൂട്ടര്‍ കേസിലെ സാക്ഷികളെക്കുറിച്ച് സംസാരിച്ചത്. സാക്ഷികളില്‍ ഭൂരിഭാഗം പേരും വൈകാരികമായാണ് കോടതിയിലെത്തിയത്. ചിലര്‍ കോടതിക്കുള്ളില്‍ കരഞ്ഞിരുന്നു. ഒരു പൂമ്പാറ്റയെപ്പോലെ ഓടിച്ചാടി നടക്കണ്ട പിഞ്ചുകുഞ്ഞിനെയാണ് അയാള്‍ ഇല്ലാതാക്കിയത്. അതും അതിക്രൂരമായ കൊലപാതകം. ബസിനുള്ളില്‍ കണ്ട സ്ത്രീയടക്കം സാക്ഷികള്‍ സാമുഹിക പ്രതിബന്ധതകൊണ്ടാണ് ഈ കേസില്‍ ഇത്തരത്തില്‍ സാക്ഷിപറയാനെത്തിയത്.
കേസിലെ ഒരു സാക്ഷിയും പ്രതിയും തമ്മില്‍ സി സി ടിവി ദ്യശ്യങ്ങളില്‍ ഒരുമിച്ചുവരുന്നുണ്ട്. അത് ആലുവ മാര്‍ക്കറ്റിലെ സി സി ടിവിയിലാണ്. വൈകിട്ട് അഞ്ചോടെ ഇത്രയും ഹീനമായ പ്രവൃത്തിചെയ്തശേഷം ഇയാള്‍ പുറത്തേക്കുവരുമ്പോഴാണ് പച്ചക്കറിക്കച്ചവടക്കാരനായ സാക്ഷി ഇയാളെ കാണുന്നത്. അതുപോലെ താജുദ്ദീന്‍ അടക്കമുള്ള ചുമട്ടുതൊഴിലാളികളായ സാക്ഷികള്‍. അവരവരുടെ ജോലി പോലും മുടക്കിയാണ് കോടതിയിലെത്തിയത്. എത്രസമയം വേണമെങ്കിലും ഞങ്ങളിവിടെ നില്‍ക്കാമെന്നാണ് അവര്‍ പറഞ്ഞത്.
പലവേളയിലും അഭിഭാഷകനെന്ന നിലയില്‍നിന്ന് മാറി സാധാരണക്കാരനായി. പല കേസുകളിലും വിചാരണ വൈകിയാണ് നടക്കാറുള്ളത്. കാലം ക്രൂരക്യത്യത്തിന്റെ തീവ്രത കുറയ്ക്കും. ഈ കേസില്‍ സാക്ഷികള്‍ അനുഭവിച്ച മാനസിക വേദനയടക്കം കോടതിയ്ക്ക് മുന്നില്‍ പ്രകടിപ്പിക്കാനും കണ്ടത് പറയാനും കഴിഞ്ഞുവെന്നതാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വാദിക്കാന്‍ ഒരുപാട് തെളിവുകളുണ്ട്. പ്രതിക്കുള്ള ശിക്ഷ മാതൃകാപരമായിരിക്കണമെന്നാണ് ആഗ്രഹം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏത് സ്ത്രീലമ്പടനും ഒരു ചെറിയ കുഞ്ഞിനോട് ഇത്തരത്തില്‍ പെരുമാറാനാവില്ല. ലൈംഗികത്വരയോടെ ഒരു പിഞ്ചുകുഞ്ഞിനെ സമീപിച്ച ഇയാള്‍ നാളെ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഈ സംഭവത്തോടെ കുഞ്ഞുങ്ങളുടെ കളിച്ച് വളരാനുള്ള അവകാശമാണ് ഇല്ലാതായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.